“ഇത് ഗജേന്ദ്രമോക്ഷം. രാജാവ് കുളിച്ച് ദിവസവും തൊഴുതിരുന്നത് ഇവിടെയാണ്. വിഘ്നേശ്വരനെയും വേണുഗോപാലനെയും തൊഴുതശേഷം ഗജേന്ദ്രമോക്ഷം ചിത്രത്തിലും അദ്ദേഹം വണങ്ങുമായിരുന്നു”. കൃഷ്ണപുരം കൊട്ടാരത്തിലെത്തുന്ന ചരിത്രാന്വേഷികള്‍ക്കും സന്ദര്‍ശകര്‍ക്കും മുമ്പില്‍ ചരിത്രം പറയുകയാണ് പൊന്നമ്മ. നാട്ടുകാര്‍ക്കും സന്ദര്‍ശകര്‍ക്കും ഇവര്‍ കൊട്ടാരത്തിലമ്മയാണ്.
കായംകുളത്തിന് സമീപമുള്ള എരുവയില്‍ സ്ത്രീകള്‍ക്കായി കൊട്ടാരമുണ്ടായിരുന്നു. ഇളമുറ തമ്പുരാക്കന്മാരുടെ കൊട്ടാരമായിരുന്നു കൃഷ്ണപുരം കൊട്ടാരം. 56 ഏക്കര്‍ മണല്ക്കോട്ടയായിരുന്നു. ഇത് മണ്ട്രോ സായിപ്പ് ഇടിച്ചുനിരത്തിയതായും മതിലകം രേഖകളില്‍ പറയുന്നുണ്ട് എന്നുതുടങ്ങി തിരുവിതാംകൂറിന്റെ ചരിത്രങ്ങള്‍ ഒന്നൊന്നായി സംശയലേശം ഇല്ലാതെ പൊന്നമ്മ സന്ദര്‍ശകര്‍ക്ക് മുന്നില്‍ വിവരിക്കുമ്പോള്‍ കൊട്ടാരം കണ്ട അത്ഭുതവും ചരിത്രം മറക്കാത്ത പൊന്നമ്മയും വിസ്മയമായി മാറുകയാണ്.
രാജഭരണകാലത്ത് കൊട്ടാരസേവകരായ കുടുംബമായിരുന്നു തങ്ങളുടേത്. അന്ന് ഊരാഴ്മക്കാരായി വാഴുന്നോര്‍ തുല്യംചാര്ത്തികൊടുത്ത അവകാശം. മുത്തശി പാര്‍വതിയമ്മയില്‍ നിന്നും അമ്മ ലക്ഷ്മിയമ്മയില്‍ നിന്നും കൈമാറികിട്ടിയ അംഗീകാരം. ജനാധിപത്യം വന്നപ്പോള്‍ രാജസേവകരായ കുടുംബത്തിലെ അംഗം സര്‍ക്കാരിന്റെ പാര്‍ടൈം ജീവനക്കാരിയായി. പത്മനാഭന്റെ പത്ത് ചക്രം വാങ്ങാന്‍ കഴിഞ്ഞത് ഇന്നും ഒരു ഭാഗ്യമായി കരുതുകയാണ് പൊന്നമ്മ. കൊട്ടാരം ചരിത്ര മ്യൂസിയമായി മാറിയപ്പോള്‍ പൊന്നമ്മ സന്ദര്‍ശകര്‍ക്കായി ചരിത്രങ്ങള്‍ പറഞ്ഞുകൊടുക്കുന്ന ഗൈഡായി മാറി. എന്നാല്‍ പൊന്നമ്മയോടുകൂടി തലമുറകളായി ലഭിച്ച ഈ അവകാശം നഷ്ടമാകുകയാണ്. പൊന്നമ്മയ്ക്ക് പെണ്മക്കളില്ലാത്തതാണ് കാരണം. ഇതോടെ തന്റെ കുടുംബത്തിന് കിട്ടിവന്നിരുന്ന ഊരാഴ്മ അവകാശം നഷ്ടപ്പെടുകയാണെന്ന് പറയുമ്പോള്‍ പൊന്നമ്മയുടെ കണ്ണുകള്‍ നിറയുന്നു.
കൃഷ്ണപുരം കണ്ടത്തില്‍പ്പറമ്പില്‍ പൊന്നമ്മയ്ക്ക് 66 വയസായി. ദിവസവും രാവിലെ ഏഴരയോടെ കൊട്ടാരത്തിലെത്തുന്ന പൊന്നമ്മ അമ്മ പകര്‍ന്നു നല്കിയ ചിട്ടകളും കീഴ്വഴക്കങ്ങളും ഇന്നും തെറ്റിച്ചിട്ടില്ല. കൊട്ടാരപ്പടി കയറുമ്പോള്‍ പഠിപ്പുര തൊട്ടുവന്ദിച്ച്, കിഴക്കോട്ട് ദര്‍ശനമായി നില്ക്കുന്ന വിഘ്നേശ്വരനെയും തൊഴുത് വേണുഗോപാലനെയും അകത്തളത്തിലുള്ള ഗജേന്ദ്രമോക്ഷത്തിലും നമസ്ക്കരിച്ച ശേഷമേ തന്റെ ഒരു ദിനം തുടങ്ങുകയുള്ളൂവെന്ന് പൊന്നമ്മ പറയുന്നു. ഗജേന്ദ്രമോക്ഷത്തിന് മുന്നില്‍ പത്തുനിമിഷം ധ്യാനനിരതയായി നില്ക്കാന് കഴിഞ്ഞാല്‍ എത്ര കലുഷിതമായ മനസും ശാന്തമാകുമെന്ന് അനുഭവത്തിലൂടെ സാക്ഷ്യപ്പെടുത്തുകയാണ് പൊന്നമ്മ.
പൊന്നമ്മയെകൂടാതെ ഏഴോളം ഗൈഡുകള്‍ ഉണ്ടങ്കിലും നിത്യസന്ദര്‍ശകര്‍ക്ക് കൊട്ടാരത്തില്‍ അമ്മ തന്നെവേണം. ജന്മനാ കാലിനുള്ള വൈകല്യം മറന്ന് സന്ദര്‍ശകരുമായി ഗോവണിപ്പടികളും അകത്തളവും നടുമുറ്റവും ചുറ്റി പതിനാര്കെട്ടുള്ള കൊട്ടാരത്തിന്റെ വിശേഷങ്ങളും ഇവിടെ സൂക്ഷിച്ചിരിക്കുന്ന നിരവധി പുരാവസ്തുക്കളുടെ വിവരണങ്ങളുമായി സന്ദര്‍ശകര്‍ക്കൊപ്പം കൂടുന്നു.
പുരാവസ്തുക്കളും പ്രതിമകളും ഇരിക്കുന്ന സ്ഥാനങ്ങളും എന്തിനേറെ കൊട്ടാരത്തിന്റെ ഓരോ മുക്കുംമൂലയും പൊന്നമ്മയ്ക്ക് മനപ്പാഠമാണ്. 16 കെട്ടുണ്ടായിരുന്ന കൊട്ടാരം ഇപ്പോള്‍ 12 കെട്ടില്‍ മാത്രമാണുള്ളത്. കൃഷ്ണപുരം കൊട്ടാരം തിരുവനന്തപുരം പത്മനാഭപുരം കൊട്ടാരത്തിന്റ ഒരു ചെറുരൂപമാണ്.
പുരാതനകാലത്ത് ഓടനാട് എന്നായിരുന്നു ഇന്നത്തെ കായംകുളം ഉള്‍പ്പെടുന്ന നാട്ടുരാജ്യം അറിയപ്പെട്ടിരുന്നത്. ഓടനാട്ടുരാജാക്കന്മാരുടെ ആസ്ഥാനമായിരുന്ന ഈ കൊട്ടാരത്തിന്റെ പഴക്കത്തെക്കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും ലഭ്യമല്ല. കായംകുളം, ചെങ്ങന്നൂര്‍, മാവേലിക്കര, കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി തുടങ്ങിയ പ്രദേശങ്ങളും ചേര്‍ന്ന വിശാലമായ നാട്ടുരാജ്യമായിരുന്നു ഓടനാട്. പതിനഞ്ചാം നൂറ്റാണ്ടോടെ ഓടനാടിന്റെ തലസ്ഥാനം കായംകുളത്തിനടുത്തുള്ള എരുവയിലേക്ക് മാറ്റി. നീണ്ട കടല്‍ത്തീരമുണ്ടായിരുന്ന ഈ രാജ്യവുമായി ഡച്ചുകാര്‍ക്കും പോര്‍ച്ചുഗീസുകാര്‍ക്കും നല്ല വ്യാപാരബന്ധമുണ്ടായിരുന്നതായും രേഖകളില്‍ പറയുന്നു.
പുരാവസ്തുവകുപ്പിന്റെ സംരക്ഷണയിലാണ്ഇന്ന് കൊട്ടാരം. വിലമതിക്കാനാവാത്ത പുരാവസ്തുക്കളുടെ ഒരു അപൂര്‍വ്വ ശേഖരം തന്നെ മ്യൂസിയത്തിലുണ്ട്. നാണയശേഖരം, പുരാതന ചിത്രങ്ങള്‍, പുരാണ ശില്പങ്ങള്, പുരാവസ്തുക്കള്‍, രാജാക്കന്മാരുടെ മഞ്ചല്, പല്ലക്ക് എന്നിവയും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇതു കൂടാതെ കൊട്ടാരത്തിലെ തേവാരപ്പുരയുടെ സമീപമുള്ള ഭിത്തിയില്‍ കേരളത്തില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിപ്പമേറിയ ഒറ്റപ്പാനല്‍ ചുവര്‍ച്ചിത്രമായ ഗജേന്ദ്രമോക്ഷം ചിത്രീകരിച്ചിരിക്കുന്നു. പൂര്‍ണ്ണമായും പ്രകൃത്യാ ലഭ്യമായ ചായക്കൂട്ടുകളാണ് ഈ ചിത്ര രചനയ്ക്ക് ഉപയോഗിച്ചിരിക്കുന്നത്.
ഓടനാട് രാജവംശത്തെക്കുറിച്ച് പറഞ്ഞുതുടങ്ങുമ്പോള്‍ പൊന്നമ്മയുടെ അറിവിന്റെ ഓര്‍മ്മകള്‍ പതിനഞ്ചാം ശതകത്തിലേക്ക് പോകും. തുടര്‍ന്ന് ചരിത്രത്തിലെ താളിയോലകെട്ടുകള്‍ ഒന്നൊന്നായി പറയുകയായി. പോര്‍ച്ചുഗീസുകാര്‍ വരുമ്പോള്‍ പെരിയാറിന്റെ ഇപ്പുറത്ത് ചെറിയ ചെറിയ രാജ്യങ്ങള്‍ ധാരാളം ഉണ്ടായിരുന്നു. വേണാട്ട് രാജ്യത്തിന്റെ ഒരു ഭാഗമായി എളയിടത്ത് സ്വരൂപമുണ്ടായി എളയിടത്ത് സ്വരൂപത്തിന് നെടുമങ്ങാടും കൊട്ടാരക്കരയും പത്തനാപുരത്തിന്റെ ഭാഗങ്ങളും ചെങ്കോട്ടയുടെ കുറെ ഭാഗങ്ങളും ഉണ്ടായിരുന്നു.
കിളിമാനൂരിനടുത്തുള്ള കുന്നുമ്മേല്‍ ആയിരുന്നു ഇതിന്റെ തലസ്ഥാനം. 1742ല്‍ മാര്‍ത്താണ്ഡവര്‍മ ഇത് തിരുവിതാംകൂറിനോട് ചേര്‍ത്തു. പതിനഞ്ചാം ശതകത്തിന്റെ പൂര്‍വാര്‍ധത്തില്‍ വേണാട് വംശം രണ്ട് ശാഖയായി ഇളമുറ രാജാവ് തിരുവിതാംകോട്ട് കൊട്ടാരം പണിയിച്ച് അങ്ങോട്ട്മാറി. 16-ാംശതകത്തില്‍ കല്ക്കുളത്ത് (പത്മനാഭപുരം) കൊട്ടാരം നിര്‍മിക്കുന്നതുവരെ തിരുവിതാംകോട്ട് താമസിച്ചു. ക്രമേണ ഈ ശാഖ തിരുവിതാംകൂര്‍ എന്നറിയപ്പെട്ടു. കൊല്ലം ദേശിംഗനാടായി, ദേശിംഗനാട് രാജാവ് ഓണാട്ട് രാജവംശവുമായി മൈത്രി സമ്പാദിച്ചു. അന്ന് ഓടനാട് രാജവംശം കണ്ടിയൂര്‍ മറ്റം നരിയങ്ങമണ്ണൂര്‍ കൊട്ടാരമായിരുന്നു. ഈ കൊട്ടാരത്തിന് ഒരു പ്രളയകാലത്ത് കേടുപാടുകള്‍ സംഭവിച്ചു. തുടര്‍ന്ന് കൊട്ടാരം ആസ്ഥാനം കായംകുളം എരുവ കോയിക്കല്‍ പടിയിലേക്ക് മാറ്റി സ്ഥാപിക്കുകയും പുതിയ കൊട്ടാര സമുച്ചയം പണികഴിപ്പിക്കുകയും ചെയ്തു.
1746ല്‍ മാര്‍ത്താണ്ഡവര്‍മ്മ രാമയ്യന് ദളവയുടെ കുടിലബുദ്ധി ഉപയോഗിച്ച് ഓടനാടിനെ ആക്രമിച്ച് കീഴ്പ്പെടുത്തുകയും കൊട്ടാരം തകര്‍ത്ത് നാമാവശേഷമാക്കുകയും പത്മനാഭപുരം കൊട്ടാരത്തിന്റെ മാതൃകയില്‍ കൃഷ്ണപുരത്ത് പുതിയ കൊട്ടാരം പണികഴിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ആറ്റിങ്ങല്‍, കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, പുറക്കാട്, പന്തളം, തെക്കുംകൂര്‍, വടക്കുംകൂര്‍, കരപ്പുറം എന്നീനാട്ടുരാജ്യങ്ങള്‍ മാര്‍ത്താണ്ഡവര്‍മയുടെ പടയാളികള്‍ ആക്രമിച്ച് കീഴ്പ്പെടുത്തി.
ഇതിനിടെ ഇരുതലമൂര്‍ച്ചയുള്ള കായംകുളം വാളിന്റെ ചരിത്രവും ശ്രീചക്രത്തിന്റെ മാഹാത്മ്യത്തെപ്പറ്റിയും പൊന്നമ്മ വാചാലയായി. പൊന്നമ്മയുടെ വിവരണങ്ങള്‍ സന്ദര്‍ശകര്‍ അത്ഭുതത്തോടെ കേട്ടിരിക്കും, ഒരു ചരിത്രസിനിമ കാണുന്ന ഉത്സാഹത്തോടെ. സംഘത്തെ യാത്രയാക്കി കയ്യില്‍ കരുതിയ വെള്ളം കുടിച്ച് അല്‍പ്പമൊന്നു വിശ്രമിക്കാനായി ഇരിക്കുമ്പേഴേക്കും പ്രവേശന പാസുമായി അടുത്തസംഘമെത്തി. ക്ഷീണം മറന്ന് പൊന്നമ്മ വീണ്ടും സംഘത്തോടൊാപ്പം ചേര്‍ന്നു. സന്ദര്‍ശകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഗവേഷകന്മാര്‍ക്കും ചരിത്ര താളിയോലകളിലെ അറിവിന്റെ തിരുശേഷിപ്പുകള്‍ പകര്‍ന്നു നല്കി പൊന്നമ്മ വീണ്ടും കൊട്ടാരത്തിന്റെ ഇടനാഴികളിലേക്ക്….
ആര്.അജയകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: