ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ ഇന്ത്യന്‍ ഭൂപ്രദേശം ചൈനീസ് സൈന്യത്തിന്റെ കൈവശമായതിന്റെ യഥാര്‍ത്ഥ കാരണം കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നയപരാജയമാണെന്ന് ബിജെപി. യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ അനിശ്ചിതത്വം മുതലെടുത്തുകൊണ്ടുള്ള ചൈനയുടെ കൃത്യതയാര്‍ന്ന നയം തിരിച്ചറിയുന്നതില്‍ ദല്‍ഹിയിലെ സര്‍ക്കാര്‍ വീഴ്ചവരുത്തിയെന്ന് ബിജെപി ജമ്മുകാശ്മീര്‍ മുഖ്യവക്താവ് ജിതേന്ദ്രസിങ് പറഞ്ഞു.
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ കോണ്‍ഗ്രസ് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു മുതല്‍ മന്മോഹന്സിങ്ങു വരെയുള്ള കോണ്‍ഗ്രസ് പ്രധാനമന്ത്രിമാര്‍ ചൈനയെ വിശ്വസിച്ചു പരാജയപ്പെട്ടവരാണ്. 1962ലെ യുദ്ധത്തിനു ശേഷം ഇരുരാജ്യങ്ങളും അംഗീകരിക്കുന്നതാണ് മക്മോഹന്‍ ലൈന്‍ എന്ന യഥാര്‍ത്ഥ നിയന്ത്രണ രേഖ(എല്‍എസി). 1993ലും 1996ലും ഒപ്പിട്ട ഇന്തോ-ചീന കരാറുകളില്‍ മക്മോഹന്ലൈനില് ഇരു രാജ്യങ്ങളിലേയും സൈന്യത്തിന് യാതൊരുവിധ പ്രവര്‍ത്തനങ്ങളും നടത്തുന്നതിന് അനുവാദമില്ല. എന്നാല്‍ തുടര്‍ച്ചയായി നിയന്ത്രണരേഖയില്‍ ചൈനീസ് സൈന്യം കടന്നുകയറുകയും ആഴ്ചകളോളം തമ്പടിക്കുകയും ചെയ്തിട്ടും ഇന്ത്യ പ്രതികരിക്കുന്നില്ല. ചൈനയോടുള്ള നയം യുപിഎ സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: