ചിലര്‍ എഴുതുന്നതില്‍ ശോഭിക്കുന്നു, മറ്റു ചിലര്‍ വരയ്ക്കുന്നതിലും. എഴുത്തിലും വരയിലും ഒരുപോലെ ശോഭിക്കുകയാണ് ഈ പതിനൊന്നുകാരി. സേറ മറിയം ബിന്നി അഥവാ പ്രതിഭയുടെ മാലാഖയായ ചിത്രമെഴുത്തുകാരി സേറ പതിനൊന്നു വയസ്സില്‍ 450 ഓളം ചിത്രങ്ങളുമായി 11 ചിത്രപ്രദര്‍ശനം നടത്തി. ഏഷ്യയിലെ ഏറ്റവും പ്രായകുറഞ്ഞ ബാലചിത്രകാരിയായ സേറ നാടാകെയുള്ള പ്രദര്‍ശനത്തില്‍ ഒട്ടേറെപ്പേരുടെ പ്രശംസക്ക് അര്‍ഹയായിട്ടുണ്ട്. സേറയുടെ ‘മ്യൂസിക് ഓഫ് ദ സീ’ വിഖ്യാതചിത്രങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെട്ടിരിക്കുകയാണ്. രചനകളിലെ വൈഭവം കണ്ട് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പ്രത്യേകം അഭിനന്ദിച്ചിട്ടുണ്ട്.
പ്രകൃതി രമണീയതയെ മനസ്സിലേക്ക് സ്വാംശീകരിച്ച്, ഛായവും ബ്രഷുമായി സന്നിവേശിപ്പിച്ച് രൂപംകൊണ്ട അതിമനോഹര ചിത്രങ്ങളാണ് ആയിരങ്ങളുടെ അസ്വാദനത്തിനും ഒപ്പം പ്രോത്സാഹനത്തിനും കാരണമാകുന്നത്. വര കഴിഞ്ഞാല്‍പ്പിന്നെ എഴുത്താണ് സേറയുടെ വഴി. നാല് യാത്രാവിവരണ ഗ്രന്ഥങ്ങളാണ് ഇതിനകം പ്രസിദ്ധീകരിച്ചത്.
സേറയുടെ യാത്രകള്‍ എന്ന പ്രഥമ ഗ്രന്ഥം തിരുവനന്തപുരിത്ത് നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് പ്രകാശനം ചെയ്തത്. വയനാട് കാഴ്ചകള്‍, കന്യാകുമാരി യാത്രകള്‍, ബെല്‍റോക്ക് എന്നിവയും സേറയുടെ അക്ഷരോദ്യാനത്തിലെ സുഗന്ധപുഷ്പങ്ങളാണ്. അദ്ധ്യാപകനായ ബിന്നി പി ജോസഫിന്റെയും അഡ്വ. റാണി ജെ ബിന്നിയുടെയും മകളായ സേറ തിരുവനന്തപുരം ഹോളി ഏഞ്ചല്‍സ് കോണ്‍വെന്റ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ബസലിക്ക പുരസ്കാരം, മുഖ്യമന്ത്രിയുടെ ഹരിതപത്ര പുരസ്കാരം, റോട്ടറി ബാലശ്രീ പുരസ്കാരം, ലയണ്‍സ്ക്ലബ് പുരസ്കാരം, നിഡ്സ് ബാലപ്രതിഭ പുരസ്കാരം, നിയാര്ട്ട കിഡ്ഐക്കോണ് അവാര്‍ഡ് തുടങ്ങി ഒട്ടേറെ ബഹുമതികള്‍ സേറയെ തേടിയെത്തിയിട്ടുണ്ട്. പ്രതിഭയുടെ വീഥിയിലൂടെയുള്ള പ്രയാണം തുടരുകയാണ് ഈ ചിത്രകാരി. ആസ്വാദകരുടെ അനുമോദനത്തിന്റെയും അഭിനന്ദനത്തിന്റെയും അകമ്പടിയോടെ…
എന്‍. ഹരിദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: