രൗദ്രഭീമന്‍, ദുര്യോധനന്, സ്ത്രീവേഷങ്ങള്….ആട്ടവിളക്കിന് മുന്നില്‍ ഇരുത്തം വന്ന കലാകാരിയായി കെട്ടിയാടുമ്പോഴും അരങ്ങിന് പിന്നില്‍ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുകയാണ് പ്രീത ജയപ്രകാശ്. തന്നെ താനാക്കിയ കലയ്ക്കായി പോരാടുകയാണിവര്‍. കഥകളി, നൃത്തം, സാഹിത്യം, തുടങ്ങിയ മേഖലകളിലെല്ലാം തന്റേതായ സ്ഥാനം പ്രീത ഉറപ്പാക്കിക്കഴിഞ്ഞു.
കഥകളിയോടുള്ള അഭിനിവേശവും, ആദരവുമാണ് ഈ രംഗത്തേക്ക് പ്രീതയെന്ന കലാകാരിയെ എത്തിച്ചത്. കലയും, സാഹിത്യവും കോര്‍ത്തിണക്കി ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന തരത്തില്‍ എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന ആഗ്രഹം ഇന്ന് വലിയൊരു സംരംഭമായി മാറിയിരിക്കുന്നു.
ഉത്തരവാദിത്തങ്ങളേറെയുള്ള ഒരു അദ്ധ്യാപിക കൂടിയായതിനാല്‍ തന്റേതായ ആശയം മുന്നോട്ടുവെക്കുന്നതില്‍ പ്രീതയ്ക്ക് പ്രയാസവും ഉണ്ടായില്ല. ഏഴ് വയസ്സുമുതല്‍ നൃത്തപരിശീലനം ആരംഭിച്ച പ്രീത കഥകളി പഠനവും അതിനൊപ്പം തുടങ്ങി. കഥകളിയില്‍ ഇന്ന് കേരളത്തില്‍ അറിയപ്പെടുന്ന സ്ത്രീ കലാകാരികള്‍ക്കൊപ്പം അരങ്ങില്‍ വിസ്മയം തീര്‍ക്കുകയാണ് ഈ കലാകാരി.
വേഷം കെട്ടിയാടുമ്പോള്‍ സ്വന്തം പേരും പ്രശസ്തിയുമല്ല പ്രീത ലക്ഷ്യമിട്ടത്. കഥകളി എന്ന കലാരൂപത്തെ ജനപ്രിയമാക്കുക എന്ന ആശയം മുന്നോട്ടുവെച്ചപ്പോള്‍ അധികൃതര്‍ സ്വാഗതം ചെയ്തു. പഠനവഴിയില്‍ കുട്ടികളിലൂടെ കഥകളിയുടെ ആദ്യാക്ഷരങ്ങള്‍ ജനപ്രിയമാക്കുക എന്ന ആശയമായിരുന്നു പ്രീത മുന്നോട്ടുവെച്ചത്. കഥകളി ഒരു പാഠ്യവിഷയമാക്കണമെന്ന ആശയം വലിയ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നുവത്രെ. ഒരു പക്ഷെ കേരളത്തില്‍ ആദ്യമായിട്ടാവും ഒരു അദ്ധ്യാപിക ഇത്തരമൊരു ആശയം മുന്നോട്ടുവെക്കുന്നത്. സര്‍ക്കാര്‍ തലത്തിലാണ് ആദ്യം ഈ ആശയം മുന്നോട്ടുവെച്ചത്. സംസ്ഥാനത്ത് ഒട്ടാകെ പദ്ധതി നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാഭാസ വകുപ്പ്. ഇതിനു മുന്നോടിയായി എറണാകുളം ജില്ലയിലെ സ്കൂളുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കഥകളി ശില്‍പ്പശാലകള്‍ സംഘടിപ്പിക്കുവാനും ഉന്നതതലത്തില്‍ തീരുമാനമായി.
ജില്ലയില്‍ 20ലധികം സ്ക്കൂളുകളില്‍ കഥകളി അവതരിപ്പിക്കുകയും കുട്ടികളെ ഇതിലേക്ക് കൊണ്ടുവരുവാനും ശ്രമിക്കുന്നുണ്ട്. കഥകളിയെ ജനകീയമാക്കാനാണ് ഇത്തരം സംരംഭം മുന്നോട്ടുവെക്കുന്നുതെന്ന് പ്രീത പറയുന്നു. എഴുത്തിന്റെ വഴിയും ഈ അദ്ധ്യാപികക്ക് കൂട്ടിനുണ്ട്. കവിതകളുടെ ഒരു സമാഹാരം തന്നെ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ഇവര്‍. കഥകളിക്കൊപ്പം തിരുവാതിര പഠിക്കുകയും, പഠിപ്പിക്കുകയും ചെയ്യുന്നു. തിരുവാതിരപ്പാട്ടുകളുടെ ഒരു സി.ഡി അടുത്തിടെ പ്രീതയുടെ നേതൃത്വത്തില്‍ പുറത്തിറക്കിയിരുന്നു. 26 പാട്ടുകളാണ് അതിലുള്ളത്. ഇതെല്ലാം സ്വന്തം സൃഷ്ടികള്‍ തന്നെ. കഥകളിക്കും, തിരുവാതിരക്കും സ്വന്തമായി ചിട്ടപ്പെടുത്തിയ പാട്ടുകളാണ് ഉപയോഗിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്.
സ്കൂളുകളില്‍ കഥകളിക്ക് വലിയ സ്വീകാര്യതയാണ് ഉള്ളത്. കുട്ടികളും, സ്കൂള്‍ അധികൃതരും നല്ല രീതിയില്‍ സഹകരിക്കുന്നു. വേഷം കെട്ടിയും കെട്ടാതെയും അരങ്ങിലെത്തുന്നുണ്ട്. രൗദ്രനായും ഭീമനായും അരങ്ങിലെത്തുമ്പോള്‍ കുട്ടികള്‍ക്ക് അത്ഭുതമാണ്. ഇത്തരം മാര്‍ഗ്ഗങ്ങളിലൂടെ മാത്രമേ കഥകളിയെ ഇനിയുള്ള കാലത്ത് ജനകീയമാക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ഈ കലാകാരി പറയുന്നു. വിവിധ ജില്ലകളിലെ സ്കൂളുകള്‍ തോറും കയറിയിറങ്ങുമ്പോള്‍ വന്‍ ചിലവാണ് ഉണ്ടാകുന്നത്. എത്ര തുക ചെലവായാലും കല ജനങ്ങളിലെത്തണം. മാനേജ്മെന്റ് സ്കൂളുകളിലും, സര്‍ക്കാര്‍ സ്ക്കൂളുകളിലും ഒരു പോലെ ഈ സംരംഭം മുന്നോട്ടു കൊണ്ടു പോകാന്‍ സാധിക്കുന്നുണ്ടെന്നും ഇവര്‍ പറയുന്നു.
ആട്ടവും, എഴുത്തും കൂടാതെ ഒഴിവുസമയങ്ങളില്‍ വീണ വായനയും പ്രീതക്കുണ്ട്. മികച്ച അദ്ധ്യാപികക്കുള്ള പുരസ്കാരം രണ്ട് തവണ കരസ്ഥമാക്കി. കലയും എഴുത്തും ഒരുമിച്ച് കൊണ്ടുപോകാന്‍ സാധിക്കുന്നുണ്ടെന്ന് പ്രീത. ഒരു വര്‍ഷം 12ഓളം പരിപാടികള്‍ നടത്തുന്നുണ്ട്. അടുത്തിടെ കുചേലവൃത്തം ചെയ്തതാണ് ഏറെ സന്തോഷം തന്നത്. എന്നെ എന്തെങ്കിലുമൊക്കെ ആക്കിയിട്ടുണ്ടെങ്കില്‍ അത് കഥകളിയാണ്. കലയ്ക്ക് വലിയൊരു പങ്കുണ്ട്. ഇതൊക്കെ പഠിച്ചതുകൊണ്ട് നഷ്ടം സംഭവിച്ചിട്ടില്ലെന്ന് കല തെളിയിക്കും പ്രീത ഉറപ്പിച്ചു പറയുന്നു. സീഡിയിലുള്ള തിരുവാതിരപ്പാട്ടുകള്‍ ഈ വര്‍ഷം പുസ്തകരൂപത്തിലാക്കുകയാണ് കലാകാരിയായ ഈ അദ്ധ്യാപികയുടെ അടുത്ത സ്വപ്നം. എറണാകുളം സ്വദേശിയായ പ്രീത എറണാകുളം ഗവ.ഗേള്‍സ് സ്കൂളിലെ ലെ മലയാളം അദ്ധ്യാപികയാണ്. ഭര്‍ത്താവ് ജയപ്രകാശ്, മക്കള്‍ കല്ല്യാണി, കേശവന്.
ശ്യാമ ഉഷ
പ്രതികരിക്കാൻ ഇവിടെ എഴുതുക: