സെന്റ് പീറ്റേഴ്സ്ബര്‍ഗ്: സിറിയയില്‍ ധൃതിപിടിച്ചുള്ള സൈനിക ഇടപെടല്‍ നടത്തരുതെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ആ രാജ്യത്ത് പുറത്തുനിന്നുള്ള എന്ത് ഇടപെടല്‍ നടത്തിയാലും അത് ഐക്യരാഷ്ട്ര സഭയുടെ അനുമതിയോടെ മാത്രമെ ആകാവൂ എന്ന് ജി20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ് ആവശ്യപ്പെട്ടു.
അതേസമയം സിറിയയില്‍ രാസായുധം പ്രയോഗിച്ചതിനെ പ്രധാനമന്ത്രി അപലപിച്ചു. ഇത്തരം നടപടികളെ ഇന്ത്യ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി. എന്നാല്‍ ഇത് സംബന്ധിച്ച് യു എന്‍ നിയോഗിച്ച കമ്മിഷന്റെ റിപ്പോര്‍ട്ട് വരുന്നതുവരെ കാത്തിരിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും ലോക രാഷ്ട്ര നേതാക്കളുമായുള്ള കൂടിക്കാഴ്ചകള്‍ക്കിടെ അദ്ദേഹം വ്യക്തമാക്കി.
അതേസമയം സിറിയയിലെ സൈനിക ഇടപെടലിനെക്കുറിച്ച് രാജ്യാന്തര തലത്തില്‍ അഭിപ്രായ ഭിന്നത തുടരുകയാണ്. ജി20 ഉച്ചകോടിയില്‍ പ്രത്യേക ചര്‍ച്ച നടത്താമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുട്ടിന് അംഗരാഷ്ട്രങ്ങളെ അറിയിച്ചു. രാസായുധ ആക്രമണത്തിന്റെ പേരില്‍ സിറിയയില്‍ സൈനികമായി ഇടപെട്ടാല്‍ അത് അന്താരാഷ്ട്ര നിയമസംവിധാനത്തില്മേലുള്ള അവസാനത്തെ ആണി അടിക്കുന്നതിന് തുല്യമായിരിക്കുമെന്ന് റഷ്യ ആരോപിച്ചു.
സൈനിക ഇടപെടലിനെതിരെ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും അഭിപ്രായപ്രകടനം നടത്തിയതായാണ് സൂചന. സിറിയയിലെ സൈനിക ഇടപെടല്‍ ലോക സമ്പദ് വ്യവസ്ഥയെ തകിടംമറിക്കുമെന്നും എണ്ണവില കുത്തനെ ഉയര്‍ത്തുമെന്നും ചൈനീസ് ഉപപ്രധാനമന്ത്രി സു ഗ്വാന്ഗ്യാവു പറഞ്ഞു.
യുദ്ധ കുറ്റകൃത്യത്തിന്റെ പേരില്‍ സിറിയക്കെതിരെ നടപടിയെടുക്കാന്‍ യു എന്‍ അശക്തമാണെന്ന് അമേരിക്ക ആരോപിച്ചു. സിറിയയ്ക്കുവേണ്ടി ഐക്യരാഷ്ട്ര സഭയെ റഷ്യയും ചൈനയും ഉപയോഗിക്കുകയാണെന്നും അമേരിക്കയുടെ യു എന്‍ പ്രതിനിധി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: