പനാജി: തന്റെ സംസ്ഥാനത്തിലെ കത്തോലിക്കാ വിശ്വാസികള്‍ സാംസ്കാരികമായി ഹിന്ദുക്കളാണെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. മാത്രമല്ല ഇന്ത്യ സാംസ്കാരികാര്ഥത്തില് ഹിന്ദു ദേശമാണെന്നും പരീക്കര്‍ കൂട്ടിച്ചേര്‍ത്തു. ന്യൂയോര്‍ക്ക് ടൈംസിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്. പരീക്കറുടെ വാക്കുകള്‍ എടുത്തുകാട്ടി ഇന്ത്യ ബ്ലോഗ് ഇത് ബുധനാഴ്ച പ്രസിദ്ധീകരിച്ചു.
സാംസ്കാരികാര്ഥത്തില് ഇന്ത്യ ഹിന്ദു ദേശം തന്നെയാണ്. ഗോവയിലെ കത്തോലിക്കരും ഹിന്ദുസംസ്കാരമുള്ളവര് തന്നെയാണ്. കാരണം അവരുടെ മതാനുഷ്ഠാനങ്ങള്‍ ബ്രസീലിലെ കത്തോലിക്കരുടെതുമായി ഒട്ടും പൊരുത്തപ്പെടുന്നില്ല. മതാടിസ്ഥാനത്തില്‍ മാത്രമായിരിക്കും ഇവര്‍ തമ്മില്‍ സാമ്യം. ഗോവന്‍ കത്തോലിക്കരുടെ ചിന്താഗതിയും മതാനുഷ്ഠാനങ്ങള്‍ക്കും ഹിന്ദുക്കളുടെതുമായാണ് സാമ്യമെന്നും അഭിമുഖത്തില്‍ പരീക്കര്‍ പറഞ്ഞു. ഗോവ ഭരിക്കുന്നത് പരീക്കറുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാരാണ്. ഇവിടുത്തെ ആകെ ജനസംഖ്യ 1.5 ദശലക്ഷമാണ്. ഇതില്‍ 30ശതമാനവും കത്തോലിക്കരാണ്. ബിജെപി മത്സരിച്ച 24 നിയമസഭാ മണ്ഡലത്തില്‍ എട്ട് കത്തോലിക്കരെ സ്ഥാനാര്‍ഥികളാക്കിയത്. താന്‍ പരിപൂര്‍ണ ഹിന്ദുവാണെന്ന് 57 കാരനായ മുഖ്യമന്ത്രി പറയുന്നു. എന്നാല്‍ അത് തന്റെ വ്യക്തിപരമായ വിശ്വാസപ്രമാണമാണ്. അതിന് സര്‍ക്കാരുമായി യാതൊരു ബന്ധവുമില്ല. ഹിന്ദുവെന്നത് മതാടിസ്ഥാനത്തില്‍ പ്രയോഗിക്കേണ്ട പദമല്ല. അത് തികച്ചും സാംസ്കാരികമായി വിശേഷിപ്പിക്കേണ്ട പദമാണ്. ഹിന്ദുക്കള്‍ ഇതുവരെ ആരെയും ആക്രമിച്ചിട്ടില്ലെന്നും പരീക്കര്‍ വ്യക്തമാക്കി.
വാളെടുത്ത് മുസ്ലിങ്ങളെ കൊല്ലാന്‍ നടക്കുന്ന ഹിന്ദു ദേശീയവാദിയാണ് താനെന്ന് ചില ടിവി മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത് തെറ്റാണ്. അതൊരിക്കലും ഹിന്ദുവിന്റെ പ്രവൃത്തിയല്ലെന്നാണ് താന്‍ കരുതുന്നത്. ഹിന്ദുക്കള്‍ ആരെയും ആക്രമിക്കുന്നവരല്ല. അവര്‍ ആയുധമെടുത്തിട്ടുള്ളത് സ്വയരക്ഷയ്ക്ക് മാത്രമാണെന്ന് ചരിത്രം പറയുന്നുണ്ടെന്നും പരീക്കര്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: