ന്യൂദല്‍ഹി: തങ്ങളുടെ വോട്ടുകള്‍ പാര്‍ട്ടിക്ക് ലഭിക്കുന്ന ദാനമായി കാണരുതെന്ന് കോണ്‍ഗ്രസിനോട് മുസ്ലിങ്ങള്‍. മുസ്ലിം ബുദ്ധിജീവികളുടെ രണ്ടു ഫോറങ്ങളാണ് കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച ദല്‍ഹിയില്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കാന്‍ തങ്ങള്‍ ക്ഷണിച്ച കോണ്‍ഗ്രസിന്റെ കേന്ദ്രമന്ത്രിമാര്‍ ഒഴിഞ്ഞുമാറിയതാണ് ഇവരെ പ്രകോപിപ്പിച്ചത്.
മതേതരത്വമെന്ന അടിസ്ഥാന ആശയത്തില്‍ നിന്നും പാര്‍ട്ടി അകന്നുപോകുകയാണെന്ന് സെമിനാറിന്റെ സംഘാടകര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല മുസ്ലിം സമുദായത്തെ ദാനത്തിന് മാത്രമുള്ളതാണെന്ന് പാര്‍ട്ടി കരുതുന്നതായും അവര്‍ ആരോപിക്കുന്നു.
അരഡസനിലധികം കേന്ദ്രമന്ത്രിമാര്‍ സെമിനാറില്‍ പങ്കെടുക്കുമെന്നാണ് കരുതിയിരുന്നത്. രണ്ടാം യുപിഎയും മുസ്ലിം പ്രതീക്ഷകളും എന്ന സെമിനാര്‍ ന്യൂദല്‍ഹിയിലെ ഇന്ത്യ ഇസ്ലാമിക് കേന്ദ്രത്തില്‍ സംഘടിപ്പിച്ചത് മുസ്ലിം വിദ്യാഭ്യാസ-വിശകലന ഫോറവും മില്ലത്ത് ബേദരി മുഹിം കമ്മറ്റിയും ചേര്‍ന്നാണ്.
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം മുസ്ലിം സമുദായത്തിന് നല്കിയ വാഗ്ദാനങ്ങള്‍ വളരെക്കുറച്ചെണ്ണം മാത്രം നിറവേറ്റുന്നതിനാണ് കോണ്‍ഗ്രസ് ഉത്സാഹം കാണിച്ചിട്ടുള്ളത്. എന്നിട്ടാണ് മുസ്ലിം വോട്ടുകള്‍ക്ക് മുറവിളി കൂട്ടുന്നത്.
മുസ്ലിം അക്കാദമിക്കുകളും അലിഗഢ് മുസ്ലിം സര്‍വകലാശാലയിലെ മുന്‍ ഫാക്ക്വല്‍റ്റി അംഗങ്ങളും ഉള്‍പ്പെടുന്ന സംഘാടകര്‍ ചൂണ്ടിക്കാട്ടി. മുസ്ലിങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളില്‍ ഉചിതമായ നടപടി കൈക്കൊണ്ടില്ലെങ്കില്‍ മറ്റ് മാര്‍ഗങ്ങള്‍ തേടേണ്ടിവരുമെന്ന ഭീഷണിയും അവര്‍ കോണ്‍ഗ്രസിന് മുന്നില്‍ വച്ചിട്ടുണ്ട്. സെമിനാറിന്റെ ഭാഗമായി 2012ലെ അലിഗഢ് മൂവ്മെന്റ് അവാര്‍ഡ് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കെ. റഹ്മാന്ഖാന് നല്കി.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഗുലാം നബി ആസാദ്, മന്ത്രിമാരായ അബു ഹസിം ഖാന് ചൗധരി, ജിതിന് പ്രസാദ്, ശശി തരൂര്‍, ഓസ്കാര്‍ ഫെര്‍ണാണ്ടസ് എന്നിവരാണ് സെമിനാറില്‍ പങ്കെടുക്കേണ്ടിയിരുന്ന മറ്റ് യുപിഎ മന്ത്രിമാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: