കൊച്ചി: സംസ്ഥാനത്തെ സര്‍വകലാശാലകളിലെ വൈസ്ചാന്‍സലര്‍മാരില്‍ ഭൂരിഭാഗം പേര്‍ക്കും യുജിസി നിയമപ്രകാരമുള്ള യോഗ്യതയില്ല.
വൈസ്ചാന്‍സലര്‍മാരുടെ നിയമനം സംബന്ധിച്ച് 2010 ല്‍ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ (യുജിസി) വ്യക്തമായ ചട്ടങ്ങള്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് വൈസ് ചാന്‍സലര്‍മാര്‍ക്ക് പത്ത് വര്‍ഷത്തെ സര്‍വകലാശാല പ്രൊഫസര്‍ഷിപ്പ് വേണം. അന്താരാഷ്‌ട്ര പ്രശസ്തരായിരിക്കണം. പല തട്ടിലുള്ള ഗവേഷണതലങ്ങളില്‍ പരിചയം വേണം. ഇങ്ങനെ നിരവധി യോഗ്യതാനിര്‍ദ്ദേശങ്ങള്‍ യുജിസി പുറപ്പെടുവിച്ചിരുന്നു.
യുജിസി ശമ്പളം ലഭിക്കുന്നതോടൊപ്പം സര്‍വകലാശാല ജീവനക്കാര്‍ക്കും വേണ്ട യോഗ്യതയുടെ കാര്യത്തിലും യുജിസി ശക്തമായ നിലപാടെടുത്തിരുന്നു. യോഗ്യതയുടെ കാര്യത്തില്‍ ഒരു തരത്തിലുംവിട്ടുവീഴ്ച പാടില്ലെന്നും യുജിസിയുടെ നിര്‍ദ്ദേശം ഉണ്ടായിരുന്നു.
എന്നാല്‍ സംസ്ഥാനത്ത് നടന്ന മുഴുവന്‍ വൈസ്ചാന്‍സലര്‍ നിയമനങ്ങളും യുജിസിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അട്ടിമറിച്ചുകൊണ്ട് തികച്ചും രാഷ്‌ട്രീയപരമായിട്ടാണ് നടത്തിയത്. ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസ വിചക്ഷണന്മാരെ നിയമിക്കേണ്ട വൈസ്ചാന്‍സലര്‍ പദവി വിവിധ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കായി വീതംവയ്‌ക്കുകയാണ് ചെയ്തത്.
കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ക്ക് യുജിസി യോഗ്യത ഇല്ലെന്ന് മാത്രമല്ല സംസ്കൃതം പോലുമറിയില്ല. സര്‍വകലാശാല അധ്യാപനപരിചയമില്ലാത്ത ഇദ്ദേഹത്തിന് സ്വകാര്യ കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ ഗ്രേഡ് മാത്രമേയുള്ളൂ.
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സലര്‍ എം.വി. ജോര്‍ജിന് യുജിസി യോഗ്യതയില്ലായെന്ന് കണ്ടെത്തുകയും ഇദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ചീഫ് സെക്രട്ടറി ശുപാര്‍ശ ചെയ്തിരിക്കുകയുമാണ്. ഇദ്ദേഹം കേന്ദ്രസര്‍വകലാശാലയിലെ സര്‍വീസ് സംബന്ധിച്ച് വ്യാജവിവരങ്ങളാണ് നല്‍കിയിരിക്കുന്നതെന്നും തെളിഞ്ഞു കഴിഞ്ഞു. കണ്ണൂര്‍ സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഖാദര്‍ മങ്ങാടിനും യുജിസി നിര്‍ദ്ദേശിക്കുന്ന യോഗ്യതയില്ല.
പുതിയതായി രൂപീകരിച്ച മലയാളം സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. കെ. ജയകുമാറിന് അധ്യാപനപരിചയമില്ല. ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്നും വിരമിച്ച അദ്ദേഹത്തെ വൈസ്ചാന്‍സലറായി നിയമിക്കുകയായിരുന്നു. കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാല വൈസ്ചാന്‍സലര്‍ വി.എന്‍. സുരേഷിന്റെ അവസ്ഥയും ഇതുതന്നെ. കൊച്ചി സര്‍വകലാശാല വൈസ്ചാന്‍സലര്‍ നിയമനം യുജിസി നിയമങ്ങള്‍ വരുന്നതിന് മുമ്പ് നടന്നതാണ്.
വൈസ്ചാന്‍സലര്‍ നിയമനത്തില്‍ യുജിസിയുടെ നിബന്ധനകളില്‍ ഇളവ് വേണമെന്ന് സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് യുജിസി രാഷ്‌ട്രപതിക്ക് അമന്‍മെന്റ് നിര്‍ദ്ദേശം അയച്ചെങ്കിലും രാഷ്‌ട്രപതി അംഗീകരിച്ചില്ല. ഇതിനെത്തുടര്‍ന്ന് നിയമം ശക്തമായി നടപ്പിലാക്കുവാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. യുജിസി നിയമം കര്‍ശനമായി നടപ്പാക്കിയാല്‍ എംജി, കാലടി, കണ്ണൂര്‍, കലാമണ്ഡലം വൈസ്ചാന്‍സലര്‍മാര്‍ക്ക് ഒന്നുംതന്നെ സ്ഥാനത്ത് തുടരാനാവില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
എംജി സര്‍വകലാശാല വൈസ്ചാന്‍സലറെ നീക്കണമെന്ന് ചീഫ് സെക്രട്ടറി ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കിലും മന്ത്രി കെ.എം. മാണിയുടെ ശക്തമായ ഇടപെടല്‍ ഉള്ളതിനാല്‍ മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ശക്തമായ നിലപാട് എടുക്കുവാന്‍ സാധ്യതയില്ലെന്നാണ് സൂചന.
എന്‍.പി. സജീവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: