Categories: Kerala

ആര്‍എസ്‌എസ്‌ ശാഖാ കാര്യവാഹിനെ സിപിഎം ഗുണ്ടകള്‍ കൊലപ്പെടുത്തി

Published by

തിരുവനന്തപുരം: ആര്‍എസ്‌എസ്‌ ശാഖാ കാര്യവാഹ്‌ സിപിഎം ഗുണ്ടകളുടെ വെട്ടേറ്റ്‌ മരിച്ചു. പൂജപ്പുര തമലം ശാഖാകാര്യവാഹ്‌ തമലം കാമരാജ്‌ നഗര്‍ കൊച്ചുതോപ്പ്‌ വീട്ടില്‍ ഡി. ബിനുമോന്‍ (36) ആണ്‌ വെട്ടേറ്റ്‌ മരിച്ചത്‌. ബുധനാഴ്ച പുലര്‍ച്ച രണ്ടു മണിയോടെ തമലം റിസര്‍വ്വ്‌ ബാങ്ക്‌ ക്വാര്‍ട്ടേഴ്സിന്‌ സമീപത്തു വച്ചാണ്‌ അക്രമികളുടെ വെട്ടേറ്റ്‌ ബിനുമോന്‍ ദാരുണമായി കൊല്ലപ്പെട്ടത്‌.

മാര്‍ക്സിസ്റ്റു പാര്‍ട്ടിയില്‍ നിന്ന്‌ ആര്‍എസ്‌എസിലെത്തിയ ബിനുമോന്റെ പ്രവര്‍ത്തനം തമലം ചുള്ളമുക്ക്‌ ഭാഗത്തെ സിപിഎം ഗുണ്ടകളുടെ പ്രവര്‍ത്തനത്തിന്‌ തടസമായിരുന്നു. തമലത്തെ സൗത്ത്‌ റോഡ്‌ പണിയുടെ പൊതുമരാമത്ത്‌ പ്രവര്‍ത്തിക്കുവേണ്ടി ഉപകരാര്‍ എടുത്ത്‌ മണല്‍ എത്തിച്ചിരുന്നത്‌ ബിനുമോനായിരുന്നു. മുന്‍ സിപിഎം കൗണ്‍സിലറുടെ നിര്‍ദ്ദേശ പ്രകാരം പ്രദേശത്തെ സിപിഎം ഗുണ്ടകളായ പൂടന്‍ ബിനു, മൂങ്ങ ബിജു തുടങ്ങിയവര്‍ രണ്ട്‌ ദിവസം മുമ്പ്‌ ബിജുമോനോട്‌ ഗുണ്ടാപിരിവ്‌ ആവശ്യപ്പെട്ടിരുന്നു. ഇത്‌ നല്‍കാതിരുന്നതിലുള്ള വൈരാഗ്യമാണ്‌ കൊലപാതകത്തിലേക്ക്‌ നയിച്ചത്‌.

രാത്രി 2 മണിയോടെ ബിനുമോന്റെ സുഹൃത്തായ റെജിയുടെ മൊബെയിലില്‍ വിളിച്ച്‌ ബിനുമോന്റെ ലോറി പോലീസ്‌ തടഞ്ഞുവച്ചിരിക്കുകയാണെന്ന്‌ പറഞ്ഞാണ്‌ ബിനുമോനെ സംഭവസ്ഥലത്തേക്ക്‌ വിളിച്ച്‌ വരുത്തിയത്‌. റെജിയോടൊപ്പം ബൈക്കിലെത്തിയ ബിനുമോനെ ഒളിച്ചിരുന്ന ഏഴംഗസംഘം ബൈക്ക്‌ തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു. തലയ്‌ക്ക്‌ പിന്നിലും കഴുത്തിലും സാരമായി വെട്ടേറ്റ ബിനുമോന്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഓടി രക്ഷപ്പെട്ട റെജിയാണ്‌ നാട്ടുകാരെ വിവരമറിയിച്ചത്‌.

സംഭവത്തെത്തുടര്‍ന്ന്‌ ഉന്നത്‌ പോലീസ്‌ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വന്‍ പോലീസ്‌ സന്നാഹം സ്ഥലത്തെത്തി. മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം വിലാപയാത്രയായി വീട്ടിലെത്തിച്ച മൃതദേഹം വൈകിട്ട്‌ തൈക്കാട്‌ ശാന്തികവാടത്തില്‍ സംസ്കരിച്ചു. പരേതനായ ദിവാകരന്റെയും സുലോചനയുടെ മകനാണ്‌ ബിനുമോന്‍. സബീനയാണ്‌ ഭാര്യ. സുലീന, ഷാരോണ്‍ എന്നിവര്‍ മക്കളാണ്‌. സഹോദരി : അനിത.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by