ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ വനിതാ വിഭാഗം സിംഗിള്‍സില്‍ നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പറുമായ അമേരിക്കയുടെ സെറീന വില്ല്യംസ് സെമിഫൈനലില്‍ പ്രവേശിച്ചു. ലോക അഞ്ചാം നമ്പര്‍ ചൈനയുടെ നാ ലിയും സെറീനക്കൊപ്പം സെമിയിലെത്തിയിട്ടുണ്ട്.
18-ാം സീഡായ സ്പാനിഷ് താരം സുവാരസ് നാവറോയെ നേരിട്ട സെറ്റുകള്‍ തോല്‍പ്പിച്ചാണ് ലോക ഒന്നാം നമ്പര്‍ താരം സെമിയില്‍ കടന്നത്. സ്കോര്‍: 6-0, 6-0. 52 മിനിറ്റ് മാത്രം നീണ്ടുനിന്ന മത്സരത്തില്‍ ഒരു ഗെയിം പോലും എതിരാളിക്ക് വിട്ടുകൊടുക്കാതെ തീര്‍ത്തും ആധികാരികമായിട്ടായിരുന്നു സെറീനയുടെ വിജയം. കരിയറിലെ അഞ്ചാം യുഎസ് ഓപ്പണ്‍ കിരീടമാണ് സെറീന ലക്ഷ്യമിടുന്നത്.
24-ാം സീഡ് താരം റഷ്യയുടെ ഏകതെറീന മകരോവയെ തോല്‍പ്പിച്ചാണ് നാ ലി സെമിയില്‍ കടന്നത്. സ്കോര്‍: 6-4, 6-7 (5-7), 6-2. ഇതോടെ യുഎസ് ഓപ്പണ്‍ സെമിഫൈനലില്‍ കളിക്കുന്ന ആദ്യ ചൈനീസ് വനിതയെന്ന ബഹുമതിയും നാ ലിക്ക് സ്വന്തമായി.
മറ്റൊരു മത്സരത്തില്‍ രണ്ടാം സീഡ് ബലാറസിന്റെ വിക്ടോറിയ അസാരങ്ക ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. 13-ാം സീഡ് സെര്‍ബിയയുടെ അന്നാ ഇവാനോവിക്കിനെയാണ് അസാരങ്ക പരാജയപ്പെടുത്തിയത്. സ്കോര്‍ 4-6, 6-3, 6-3. കഴിഞ്ഞവര്‍ഷത്തെ റണ്ണറപ്പായ അസാരങ്ക ആദ്യസെറ്റ് നഷ്ടപ്പെടുത്തിയെങ്കിലും തുടര്‍ന്നുള്ള രണ്ട് സെറ്റുകളില്‍ ഉജ്ജ്വല ഫോമിലേക്കുയര്‍ന്ന അസാരങ്ക ഏറെക്കുറെ അനായാസമായാണ് മത്സരം സ്വന്തമാക്കിയത്. രണ്ട് മണിക്കൂറും 10 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു അസാരങ്കയുടെ വിജയം.
പുരുഷ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ഡോകോവിച്ച്, മൂന്നാം സീഡ് ബ്രിട്ടന്റെ ആന്‍ഡി മുറെ, ഒമ്പതാം സീഡ് സ്വിറ്റ്സര്‍ലന്റിന്റെ സ്റ്റാനിസ്ലാവ് വാവ്റിങ്ക, 21-ാ സീഡ് റഷ്യയുടെ മിഖായേല്‍ യൂഷ്ണി എന്നിവര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.
ഡോകോവിച്ച് നേരിട്ടുള്ള സെറ്റുകള്‍ക്ക് സ്പെയിനിന്റെ മാഴ്സല്‍ ഗ്രനോലേഴ്സിനെ തകര്‍ത്താണ് മുന്നേറിയത്. ഒരു മണിക്കൂറും 19 മിനിറ്റും മാത്രം നീണ്ട മത്സരത്തില്‍ 6-3, 6-0, 6-0 എന്ന സ്കോറിനാണ് ഡോകോവിച്ച് വിജയം സ്വന്തമാക്കിയത്.
നിലവിലെ ചാമ്പ്യന്‍ മൂന്നാം സീഡ് ആന്‍ഡി മുറെ നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് അവസാന എട്ടില്‍ ഇടംപിടിച്ചത്. ഉസ്ബക്കിസ്ഥാന്റെ ഡെനിസ് ഇസ്റ്റോമിനെയാണ് മുറെ കീഴടക്കിയത്. സ്കോര്‍: 6-7 (5-7), 6-1, 6-4, 6-4. ആദ്യ സെറ്റ് നഷ്ടപ്പെട്ടശേഷം മികച്ച ഫോമിലേക്കുയര്‍ന്നാണ് നിലവിലെ ചാമ്പ്യനായ മുറെ വിജയം കരസ്ഥമാക്കിയത്. മത്സരം മൂന്ന് മണിക്കൂറും 17 മിനിറ്റും നീണ്ടുനിന്നു.
മറ്റൊരു മത്സരത്തില്‍ 21-ാം സീഡ് റഷ്യയുടെ മിഖായേല്‍ യൂഷ്ണി അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ഏകദേശം നാല് മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ഓസ്ട്രേലിയയുടെ ലെയ്ട്ടന്‍ ഹെവിറ്റിനെയാണ് യൂഷ്ണി തകര്‍ത്തെറിഞ്ഞത്. സ്കോര്‍: 6-3, 3-6, 6-7 (3-7), 6-4, 7-5.
ഒമ്പതാം സീഡ് സ്റ്റാനിസ്ലാവ് വാവ്റിങ്ക അഞ്ചാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബര്‍ഡിച്ചിനെ പരാജയപ്പെടുത്തി ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. സ്കോര്‍: 3-6, 6-1, 7-6 (8-6), 6-2.
മൂന്നാം സെറ്റില്‍ മാത്രമാണ് പോരാട്ടം ആവേശകരമായത്. ആദ്യ സെറ്റ് ബര്‍ഡിച്ച് സ്വന്തമാക്കിയെങ്കിലും തുടര്‍ന്നുള്ള സെറ്റുകളില്‍ ഉജ്ജ്വല ഫോമിലേക്കുയര്‍ന്നാണ് വാവ്റിങ്ക വിജയം കരസ്ഥമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: