വിശാഖപട്ടണം: ന്യൂസിലാന്റ് എ ടീമിനെതിരായ ചതുര്‍ദ്ദിന മത്സരത്തിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ എ ടീം പൊരുതുകയാണ്. ന്യൂസിലാന്റ് എ ടീമിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 437 റണ്‍സിനെതിരെ ഒന്നാം ഇന്നിംഗ്സ് ആരംഭിച്ച ഇന്ത്യ മൂന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 408 റണ്‍സെടുത്തിട്ടുണ്ട്. ഒരു ദിവസവും മൂന്ന് വിക്കറ്റും ബാക്കിനില്‍ക്കേ ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 29 റണ്‍സിന് പിറകിലാണ്. 178 റണ്‍സുമായി പുറത്താകാതെ നില്ക്കുന്ന മന്‍പ്രീത് ജുനേജയും 4 റണ്‍സുമായി ധവാല്‍ കുല്‍ക്കര്‍ണിയുമാണ് ക്രീസില്‍.
94ന് രണ്ട് എന്ന നിലയില്‍ മൂന്നാം ദിവസം കളി പുനരാരംഭിച്ച ഇന്ത്യ എ ടീമിനെ മലയാളി താരം വി.എ. ജഗദീഷും മന്‍പ്രീത് ജുനേജയും ചേര്‍ന്നാണ് മികച്ച സ്കോറിലേക്ക് നയിച്ചത്. മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 197 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ ഇന്ത്യന്‍ സ്കോര്‍ 213-ല്‍ എത്തിയപ്പോഴാണ് ഇന്ത്യക്ക് മൂന്നാം വിക്കറ്റ് നഷ്ടപ്പെട്ടത്. ഉജ്ജ്വല പ്രകടനവുമായി സെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന ജഗദീഷിനെ (91) ബ്രെയ്സ്വെല്‍ ബൗള്‍ഡാക്കി. തുടര്‍ന്നെത്തിയ ക്യാപ്റ്റനും മറുനാടന്‍ മലയാളിയുമായ അഭിഷേക് നായര്‍ ജുനേജക്ക് മികച്ച പിന്തുണ നല്കി. ഇതിനിടെ ജുനേജ സെഞ്ച്വറി പൂര്‍ത്തിയാക്കി. സ്കോര്‍ 301-ല്‍ എത്തിയപ്പോള്‍ അഭിഷേക് നായരും മടങ്ങി. 57റണ്‍സെടുത്ത അഭിഷേകിനെയും ബ്രെയ്സ്വെല്‍ ബൗള്‍ഡാക്കുകയായിരുന്നു. പിന്നീടെത്തിയവരില്‍ ചിദംബരം ഗൗതം ഒരു റണ്‍സെടുത്ത് മടങ്ങി. ആന്‍ഡേഴ്സന്റെ പന്തില്‍ റോണ്ചിക്ക് ക്യാച്ച് നല്‍കിയാണ് ഗൗതം മടങ്ങിയത്. സ്കോര്‍ 341-ല്‍ എത്തിയപ്പോള്‍ ജലജ് സക്സേനയും (20), 374-ല്‍ എത്തിയപ്പോള്‍ ശ്രീകാന്തും (19) മടങ്ങി. ന്യൂസിലാന്റിന് വേണ്ടി ബ്രെയ്സ്വെല്‍ മൂന്നും ടോഡ് ആസ്ലെ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: