മുംബൈ: മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെണ്ടുല്‍ക്കറുടെ 200-ാമത് ടെസ്റ്റ് മത്സരത്തിന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയം ആതിഥേയം വഹിക്കണമെന്ന ആവശ്യവുമായി മുംബൈ ക്രിക്കറ്റ് അസോസിയേഷന്. നവംബറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് ഈ ടെസ്റ്റ് മത്സരം.
സച്ചിന്റെ 200-ാം ടെസ്റ്റ് കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡനില്‍ നടത്തണമെന്നാവശ്യപ്പെട്ട് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനും രംഗത്തെത്തിയിരുന്നു. സച്ചിന്റെ അവസാന മത്സരം മുംബൈയില്‍ നടത്തുന്നതിന്റെ പ്രാധാന്യം ഞങ്ങള്‍ക്കറിയാം. എങ്കിലും അതുപോലെ തന്നെയാണ് കൊല്‍ക്കത്തയും, ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് ട്രഷറര്‍ ബിസ്വരൂപ് ഡേ പറഞ്ഞു.
ഈ പരമ്പരയിലെ രണ്ടാം മത്സരത്തിന് സച്ചിന്റെ മാതൃഗ്രൗണ്ടായ വാങ്കഡെ സ്റ്റേഡിയം മുംബൈ ക്രിക്കറ്റ് അസോസിയേഷന് അനുവദിക്കപ്പെടുകയാണെങ്കില്‍ അത് ക്രിക്കറ്റ് ബോര്‍ഡിന്റെ ചാക്രിക നയത്തില്‍ നിന്നുള്ള വലിയ വ്യതിയാനമായിരിക്കും. ഇത് തങ്ങളുടെ ഊഴമല്ലെങ്കില്‍ കൂടി സച്ചിന്റെ 200-ാം ടെസ്റ്റിന് വാങ്കഡെ സ്റ്റേഡിയം ആതിഥേയം വഹിക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. അതുകൊണ്ടു തന്നെ രണ്ടാം ടെസ്റ്റിനുള്ള വേദി തങ്ങള്‍ വിട്ടു നല്‍കണമെന്ന നിവേദനം ബിസിസിഐക്ക് അയയ്ക്കുന്നതും, എംസിഎ ജോയിന്റ് സെക്രട്ടറി കൂടിയായ നിതിന്‍ ദലാല്‍ ബുധനാഴ്ച പറഞ്ഞു.
ഐസിസിയുടെ ടൂര്‍ പരിപാടികളില്‍ നേരത്തെ വെസ്റ്റ് ഇന്‍ഡീസിന്റെ ഈ സന്ദര്‍ശനം ഉള്‍പ്പെട്ടിരുന്നില്ല. വളരെ ചെറിയൊരു കാലയളവ് കൊണ്ട് ബിസിസിഐ തട്ടിക്കൂട്ടിയെടുത്തതാണ് ഈ പരിപാടി.
നവംബറോടെ ഇന്ത്യ ടെസ്റ്റ് പരമ്പരയ്ക്കായി ദക്ഷിണാഫ്രിക്കയിലേക്ക് പോകാനിരിക്കുകയായിരുന്നു. ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുടെ നിശ്ചയിക്കപ്പെട്ട പരിപാടി അനുസരിച്ചായിരുന്നു ഇത്.
വെസ്റ്റ് ഇന്‍ഡീസ് സന്ദര്‍ശനം സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കാനായി ബോര്‍ഡ് അടുത്ത് തന്നെ യോഗം ചേരും. രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളുടെ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഈ യോഗം ചര്‍ച്ച ചെയ്ത് തീരുമാനിക്കും.
ടെണ്ടുല്‍ക്കറിന് 200 മത്സരങ്ങള്‍ തികയ്ക്കാന്‍ ഇനി രണ്ട് ടെസ്റ്റു കൂടിയേ അവശേഷിക്കുന്നുള്ളൂ. കരിബീയന്‍ ക്രിക്കറ്റ് ടീമിന്റെ സന്ദര്‍ശനത്തിലൂടെ ബാറ്റിംഗ് ഇതിഹാസത്തിന് ഈ അസുലഭ അവസരം കൈവന്നുചേരും. 40 കാരനായ ഈ മുംബൈക്കാരന്റെ ക്രിക്കറ്റ് ജീവിതത്തിലെ ഏറ്റവും മഹത്തരമായ മുഹൂര്‍ത്തമായിരിക്കും അതെന്ന് കരുതപ്പെടുന്നു.
ഭാഗ്യ ഗ്രൗണ്ടായ സച്ചിന്റെ ഈ തട്ടകത്തില്‍ തന്നെ 200-ാമത് ടെസ്റ്റ് മത്സരം അരങ്ങേറിയാല്‍ അത് ഈ ബാറ്റ്സ്മാന്റെ പ്രകടനത്തിന് മാറ്റുകൂട്ടുമെന്നാണ് ആരാധകരുടെ വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: