മുംബൈ: രൂപയുടെ മൂല്യത്തകര്‍ച്ചയും വിമാന ഇന്ധനത്തിന്റെ വിലയിലുണ്ടായ വര്‍ധനവും കാരണം വിമാന കമ്പനികളും യാത്രാ നിരക്ക് ഉയര്‍ത്തുന്നു. യാത്രാ നിരക്കില്‍ 30 ശതമാനം വരെ വര്‍ധനവ് വരുത്തുന്നതിനാണ് തീരുമാനം. നിരക്ക് വര്‍ധന ഉടന്‍ പ്രാബല്യത്തില്‍ വരും. ലോ കോസ്റ്റ് കാരിയര്‍ ആയ സ്പൈസ്ജെറ്റ് നിരക്കില്‍ 25 ശതമാനം വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. ജെറ്റ് എയര്‍വേയ്സും ഉടന്‍ തന്നെ നിരക്ക് ഉയര്‍ത്തിയേക്കും.
യാത്രാ നിരക്ക് കുത്തനെ ഉയര്‍ത്തുന്നതോടെ ദല്‍ഹിയില്‍ നിന്നും മുബൈയ്ക്ക് യാത്ര ചെയ്യണമെങ്കില്‍ ചുരുങ്ങിയത് 10,000 രൂപയെങ്കിലും ചെലവാകും. നിലവില്‍ 6000-7000 രൂപവരെയായിരുന്നു നിരക്ക്. നിരക്ക് വര്‍ധിപ്പിക്കുകയെന്ന തീരുമാനത്തില്‍ മറ്റ് വിമാന കമ്പനികളും ഉടന്‍ എത്തുമെന്നാണ് കരുതുന്നത്.
എണ്ണക്കമ്പനികള്‍ വിമാന ഇന്ധന വിലയില്‍ ഏഴ് ശതമാനം വരെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. എക്കാലത്തേയും ഏറ്റവും ഉയര്‍ന്ന നിരക്കിലുള്ള വര്‍ധനവാണിത്. ഈ സാഹചര്യത്തില്‍ വ്യോമയാന മന്ത്രാലയം ബന്ധപ്പെട്ട അധികൃതരുമായി അടുത്ത ചൊവ്വാഴ്ച ചര്‍ച്ച നടത്തും. വിമാന ഇന്ധനത്തിന്റെ വില്പന നികുതി ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളായിരിക്കും യോഗത്തില്‍ ചര്‍ച്ച ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: