ഓഹിയോ: സ്ത്രീകളെ തടവിലാക്കി പത്ത് വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി ഏരിയല്‍ കാസ്ട്രോയെ (53) ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കേസില്‍ തടവില്‍ കഴിയുകയായിരുന്ന ഇയാളെ ജയിലിലെ സെല്ലില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് ജയില്‍ അധികൃതര്‍ പറയുന്നു.
2002നും 2004നും ഇടയിലാണ് കാസ്ട്രോ മൂന്ന് സ്ത്രീകളെ തട്ടിക്കൊണ്ട് പൊയത്. ഇവരെ തടവില്‍ പാര്‍പ്പിച്ച് പത്ത് വര്‍ഷക്കാലത്തിലേറെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇതില്‍ ഒരു സ്ത്രീയ്ക്ക് കുട്ടിയും ജനിച്ചു. പീഡനത്തിന് പുറമെ ഇയാള്‍ യുവതികളെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ മെയ് ആറിന് മൂന്ന് സ്ത്രീകളും ആറ് വയസ്സുള്ള കുട്ടിയും തടവില്‍ നിന്ന് രക്ഷപ്പെട്ടതോടെയാണ് പീഡനകഥ പുറംലോകം അറിഞ്ഞത്. ഇതിനുപിന്നാലെ ഇയാള്‍ അറസ്റ്റിലുമായി. കുറ്റസമ്മതം നടത്തിയതിനെത്തുടര്‍ന്ന് കാസ്ട്രോയ്ക്ക് കോടതി മരണംവരെ പരോളില്ലാത്ത ജയില്‍ ശിക്ഷ വിധിക്കുകയായിരുന്നു. സ്വത്തുക്കള്‍ കണ്ടുകെട്ടാനും വിധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: