ന്യൂദല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷനുമായ നരേന്ദ്രമോദി ഇന്ത്യന്‍ മുജാഹിദ്ദീന്റെ ഹിറ്റ്ലിസ്റ്റില് ഉള്ളതായി യാസിന് ഭട്കല്. ചോദ്യം ചെയ്യല്‍ തുടരുന്നതിനിടെ അന്വേഷണ ഏജന്‍സികളോടാണ് ഭട്കല് ഈ വിവരം വെളിപ്പെടുത്തിയത്. മോദിയുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന എന്‍ഐഎ ഉദ്യോഗസ്ഥര്‍ വിവരം ഗുജറാത്ത് സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്.
വലിയ ലക്ഷ്യങ്ങള്‍ നിരന്തരം പിഴയ്ക്കുന്നതിനാല്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ വരുന്ന ഫണ്ടില്‍ വന്‍കുറവ് വരുന്നതായും ഭട്കല് സമ്മതിച്ചു. അതിനാല്‍ വലിയൊരു ലക്ഷ്യം ഭേദിച്ചാല്‍ മാത്രമേ ഇന്ത്യക്ക് പുറത്തുനിന്നുള്ള സ്പോണ്‍സര്‍മാരുടെ സാമ്പത്തിക സഹായം തടസ്സമില്ലാതെ ലഭിക്കൂ എന്നും ഇന്ത്യന്‍ മുജാഹിദ്ദീന്റെ സ്ഥാപകരില്‍ ഒരാളായ യാസിന് പറഞ്ഞു.
ഹിറ്റ്ലിസ്റ്റില് ഒന്നാമന് നരേന്ദ്രമോദിയാണ്. മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനിയുടെ സ്ഥാനം കുറച്ചു താഴെയാണ്. പട്ടികയില്‍ ഇടം നേടിയിരിക്കുന്ന മറ്റുള്ളവര്‍ അതിലും താഴെയാണത്രെ. മോദിയുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന എന്‍ഐഎ ഉദ്യോഗസ്ഥര്‍ വിവരം ഗുജറാത്ത് സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്.
26/11ലെ മുംബൈ ആക്രമണത്തിന് ശേഷം ഫണ്ട് വരവില്‍ വന്‍ വര്‍ധനയുണ്ടെന്നും ഭട്കല് അന്വേഷണ ഏജന്‍സികളോട് വ്യക്തമാക്കിയിട്ടുണ്ട്. തഹ്സിം അഥവാ തഷീന്‍ അക്തര്‍ എന്ന മോനു പാക്കിസ്ഥാനിലെ പരിശീലനം പൂര്‍ത്തിയാക്കി ഇന്ത്യയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ബീഹാറിലെ സമഷ്ടിപ്പൂരുകാരനായ മോനു സുപ്രധാനലക്ഷ്യങ്ങളുമായാണ് ഇവിടെയെത്തിയിരിക്കുന്നതെന്നും ഭട്കല് പറഞ്ഞു. മാത്രമല്ല മോനു ഇന്ത്യന്‍ മുജാഹിദ്ദീന്റെ പ്രത്യേക ഘടകത്തിന് ഇപ്പോള്‍ നേതൃത്വം നല്‍കുന്നുണ്ട്. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് വലിയ ലക്ഷ്യങ്ങള്‍ സാധിക്കാനാണ് ഇന്ത്യന്‍ മുജാഹിദ്ദീന്‍ തയ്യാറെടുക്കുന്നതെന്ന വിവരം അന്വേഷണ ഏജന്‍സികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
ഇതിനിടെ, ഓരോ തവണ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുമ്പോഴും യാസിന് ടിവി ക്യാമറകള്‍ക്കു മുന്നില്‍ ചില ആംഗ്യങ്ങള്‍ കാട്ടുന്നത് അന്വേഷണ ഏജന്‍സികളെ കൂടുതല്‍ കുഴക്കുന്നു. തന്റെ അനുചരന്മാര്ക്ക് ഇതിലൂടെ ഇയാള്‍ എന്തോ സന്ദേശം നല്‍കുന്നതായാണ് അവരുടെ വിലയിരുത്തല്‍. രണ്ടുതവണ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഭട്കല് തന്റെ കൈവിരല്‍ ആകാശത്തേക്കുയര്ത്തിയിരുന്നു. അറസ്റ്റിലായ രണ്ടാം ദിവസം ബീഹാറിലെ മോട്ടിഹാരി കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണ് ഇയാള്‍ ആദ്യം ഇങ്ങനെ ചെയ്തത്. അപ്പോള്‍ മുതല്‍ അന്വേഷണ ഏജന്‍സികള്‍ ഇക്കാര്യത്തെക്കുറിച്ച് വിശദമായി പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച ദല്‍ഹി മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴും യാസിന് പ്രത്യേക തരത്തിലുള്ള ആംഗ്യം കാണിക്കുകയുണ്ടായി.
പോലീസിനെ വെട്ടിച്ച് നടക്കുന്ന ഇന്ത്യന്‍ മുജാഹിദ്ദീനിലെ തന്റെ അനുചരന്മാര്ക്ക് ഭട്കല് നല്കുന്ന അടയാളമാണിതെന്ന് രഹസ്യാന്വേഷണ സംഘടനയും ദേശീയ അന്വേഷണ ഏജന്‍സിയും ഒരുപോലെ സംശയിക്കുന്നു. ഇതേക്കുറിച്ചും അവര്‍ ചോദ്യം ചെയ്യലിനിടെ ഭട്കലിനോട് ചോദിച്ചു. എന്നാല്‍ താന്‍ അറസ്റ്റിലായതില്‍ പേടിച്ച് പിന്മാറരുതെന്നും ഏറ്റെടുത്ത ജോലിയുമായി മുന്നോട്ട് പോകണമെന്നുമാണ് ഇതിലൂടെ താന്‍ അനുചരന്മാര്ക്ക് നല്കിയ സന്ദേശമെന്ന് ഭട്കല് പറഞ്ഞതായി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
ഐബി, റോ, എന്‍ഐഎ എന്നീ ഏജന്‍സികളിലെ ഉദ്യോഗസ്ഥന്മാരടങ്ങുന്ന ടീമാണ് ഭട്കലിനെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യല്‍ സംഘത്തില്‍ തങ്ങളെയും ഉള്‍പ്പെടുത്തണമെന്ന് മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന എന്‍ഐഎയോട് അപേക്ഷിച്ചിട്ടുണ്ട്. 2011 ജൂലൈ 13ന് നടന്ന മുംബൈ സ്ഫോടന പരമ്പര അന്വേഷിക്കുന്നത് ഈ സേനയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: