വിശാഖപട്ടണം: ന്യൂസിലാന്റ് എ ടീമിനെതിരായ ചതുര്‍ദ്ദിന ടെസ്റ്റ് മത്സരത്തിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ പൊരുതുന്നു. ന്യൂസിലാന്റ്എ ടീമിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 437 റണ്‍സിനെതിരെ രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ എ ഒന്നാം ഇന്നിംഗ്സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സെടുത്തിട്ടുണ്ട്. 40 റണ്‍സോടെ മലയാളി താരം വി.എ. ജഗദീഷും 43 റണ്‍സോടെ മന്‍പ്രീത് ജുനേജയുമാണ് ക്രീസില്‍.
നേരത്തെ 300ന് എട്ട് എന്ന നിലയില്‍ രണ്ടാം ദിവസം കളി ആരംഭിച്ച ന്യൂസിലാന്റ് 137 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 96 റണ്‍സെടുത്ത ബ്രെയ്സ്വെല്ലും 57 റണ്‍സെടുത്ത സോധിയുമാണ് ന്യൂസിലാന്റ് എ ടീമിന് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. 167 റണ്‍സാണ് ഒമ്പതാം വിക്കറ്റില്‍ ബ്രെയ്സ്വെല്ലും സോധിയും ചേര്‍ന്ന് അടിച്ചുകൂട്ടിയത്.
ഒടുവില്‍ സ്കോര്‍ 437-ല്‍ എത്തിയപ്പോഴാണ് സെഞ്ച്വറിക്ക് നാല് റണ്‍സ് അകലെ വച്ച് ബ്രെയ്സ്വെല്‍ മടങ്ങിയത്. ബ്രെയ്സ്വെല്ലിനെ ഇന്ത്യന്‍ നായകനും മറുനാടന്‍ മലയാളിയുമായ അഭിഷേക് നായര്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ഇതേ സ്കോറില്‍ തന്നെ 57 റണ്‍സെടുത്ത സോധിയെ ധവാല്‍ കുല്‍ക്കര്‍ണി ഉന്മുക്ത് ചന്ദിന്റെ കൈകളിലെത്തിച്ചതോടെ ന്യൂസിലാന്റ് ഇന്നിംഗ്സിന് തിരശ്ശീല വീണു. ഇന്ത്യക്ക് വേണ്ടി ധവാല്‍ കുല്‍ക്കര്‍ണി മൂന്നും ജലജ് സക്സേന രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
തുടര്‍ന്ന് ഒന്നാം ഇന്നിംഗ്സ് ആരംഭിച്ച ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ് ന്യൂസിലാന്റ് ബൗളര്‍മാര്‍ നല്‍കിയത്. സ്കോര്‍ബോര്‍ഡില്‍ 16 റണ്‍സ് മാത്രമുള്ളപ്പോള്‍ രണ്ട് ഇന്ത്യന്‍ വിക്കറ്റുകള്‍ നഷ്ടമായി. 4 റണ്‍സെടുത്ത ഉന്മുക്ത് ചന്ദിന്റെയും രണ്ട് റണ്‍സെടുത്ത വിജയ് സോളിന്റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. പിന്നീട് മലയാളിതാരം വി.എ. ജഗദീഷും മന്‍പ്രീത് ജുനേജയും ചേര്‍ന്നാണ് കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ രണ്ടാം ദിവസത്തെ കളി അവസാനിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: