ന്യൂദല്‍ഹി: ജനറല്‍ മോട്ടോഴ്സ് ഇന്ത്യ 4,000 യൂണിറ്റ് സെയില്‍ മോഡല്‍ തിരിച്ചുവിളിക്കുന്നു. എഞ്ചിന് തകരാറ് മൂലമാണ് സെയിലിന്റെ ഡീസല്‍ വേരിയന്റ് തിരിച്ചുവിളിക്കുന്നതെന്ന് കമ്പനിയുടെ പ്രസ്താവനയില്‍ പറയുന്നു. 2,910 യൂണിറ്റ് സെഡാന് പതിപ്പും 1,090 യൂണിറ്റ് കോമ്പാക്ട് കാര്‍ വേരിയന്റുമാണ് തിരിച്ചുവിളിക്കുന്നത്. ജൂലൈയില്‍ എംപിവി മോഡലായ ടവേരയുടെ 1.14 ലക്ഷം യൂണിറ്റുകള്‍ എമിഷന്‍ പ്രശ്നം കാരണം തിരിച്ചുവിളിച്ചിരുന്നു. എന്നാല്‍ ഇതുമായി സെയിലിന്റെ തിരിച്ചുവിളിക്കലിന് ബന്ധമില്ലെന്നും ജിഎമ്മിന്റെ പ്രസ്താവനയില്‍ പറയുന്നു.
എന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍ അത് പരിഹരിക്കേണ്ടത് ഉപഭോക്താക്കളോടുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണെന്ന് ജിഎം ഇന്ത്യ വൈസ് പ്രസിഡന്റ് പി.ബാലേന്ദ്രന് പറഞ്ഞു. ഷെവര്‍ലെ സെയിലിന്റെ ഡീസല്‍ വേരിയന്റിന്റെ ഉത്പാദനവും വില്പനയും പുനരാരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. എഞ്ചിന് പ്രശ്നം കാരണം ഈ മോഡലിന്റെ ഉത്പാദനം നിര്‍ത്തിയിരിക്കുകയായിരുന്നു.
ഇത്തരത്തില്‍ പ്രശ്നം ശ്രദ്ധയില്‍പെടുകയാണെങ്കില്‍ വാഹനം സൗജന്യമായി റിപ്പയര്‍ ചെയ്യുമെന്നും രാജ്യത്തെ 278 സര്‍വീസ് കേന്ദ്രങ്ങളില്‍ ഈ സേവനം ലഭ്യമായിരിക്കുമെന്നും ബാലേന്ദ്രന് അറിയിച്ചു. കഴിഞ്ഞ വര്‍ഷം നവംബറിലാണ് സെയിലിന്റെ കോംമ്പാക്ട് പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചത്. സെഡാന് വേരിയന്റ് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് അവതരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: