ന്യൂദല്‍ഹി: ലോക്സഭ പാസാക്കിയ ഭക്ഷ്യസുരക്ഷാ ബില്‍ ഇന്നലെ രാജ്യസഭയിലും പാസാക്കി. ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കും ശേഷമാണ് ബില്ല് പാസാക്കാന്‍ പ്രതിപക്ഷം അനുവാദം നല്‍കിയത്. വോട്ടുനേടാനുള്ള കോണ്‍ഗ്രസിന്റെ തന്ത്രം മാത്രമാണ് ബില്ലെന്ന ബിജെപിയുടെ ആരോപണത്തിനു മറുപടിയില്ലാതെ കേന്ദ്രസര്‍ക്കാര്‍ സഭയില്‍ വിയര്‍ത്തു. ബില്ല് ശബ്ദവോട്ടോടെ പാസാക്കിയെടുക്കാനുള്ള അദ്ധ്യക്ഷന്റെ ശ്രമത്തിനെതിരെ ബിജെപി അംഗങ്ങള്‍ ശക്തമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് പ്രതിപക്ഷവുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷം വോട്ടിംഗ് ഒഴിവാക്കി ശബ്ദവോട്ടോടെയാണ് ബില്ല് പാസാക്കിയത്. കഴിഞ്ഞ തിങ്കളാഴ്ച ലോക്സഭ ഭക്ഷ്യസുരക്ഷാബില്ല് പാസാക്കിയിരുന്നു.
പാവപ്പെട്ടവര്‍ക്കുവേണ്ടിയാണ് ഭക്ഷ്യസുരക്ഷാ ബില്ല് കൊണ്ടുവന്നതെന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെ ചര്‍ച്ചയില്‍ സംസാരിച്ച ബിജെപി നേതാവ് വെങ്കയ്യ നായിഡു എതിര്‍ത്തു. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മാത്രമാണ് കോണ്‍ഗ്രസ്സിന് പാവപ്പെട്ടവനെ ഓര്‍മ്മവന്നതെന്നും 40 വര്‍ഷം മുമ്പ് ഇന്ദിരാഗാന്ധി ദാരിദ്ര്യം തുടച്ചു നീക്കുമെന്ന് പ്രഖ്യാപനം നടത്തിയത് ഇതുവരെ യാഥാര്ത്ഥ്യമാക്കിയില്ലേയെന്നും വെങ്കയ്യ നായിഡു പരിഹസിച്ചു. ബില്ല് തെരഞ്ഞെടുപ്പ് തന്ത്രം മാത്രമാണ്. വിലക്കയറ്റം നിയന്ത്രിക്കാന്‍ ബില്ലുകൊണ്ടു സാധിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
അതിനിടെ തെലങ്കാന വിഷയത്തില്‍ ലോക്സഭയിലെ നടപടിക്രമങ്ങള്‍ തടസ്സപ്പെടുത്തിയ ആന്ധ്രപ്രദേശില്‍ നിന്നുള്ള നാല് ടിഡിപി എംപിമാരെയും അഞ്ച് കോണ്‍ഗ്രസ് എംപിമാരെയും സ്പീക്കര്‍ അഞ്ചു ദിവസത്തേക്കു സഭയില്‍ നിന്നു പുറത്താക്കിയത് ലോക്സഭയില്‍ ബഹളത്തിനു കാരണമായി. തുടര്‍ന്ന് സഭ ഉച്ചയ്ക്കു രണ്ടു മണി വരെ നിര്‍ത്തി വയ്ക്കേണ്ടിയും വന്നു. ഇന്നലെ രാവിലെ സഭ സമ്മേളിച്ചപ്പോള്‍ മുതല്‍ 9 പേരും ബഹളം തുടരുകയായിരുന്നു. കഴിഞ്ഞ ആഴ്ച സഭയില്‍ നിന്നും സസ്പെന്റ് ചെയ്ത 9പേരും ഇന്നലെ സസ്പെന്ഷന് കാലാവധി അവസാനിച്ചതോടെയാണ് സഭയിലെത്തിയത്. പലതവണ സ്പീക്കര്‍ മുന്നറിയിപ്പു നല്‍കിയെങ്കിലും ഒടുവില്‍ സസ്പെന്ഷന് നടത്തുകയായിരുന്നു.
അതിനിടെ തെലങ്കാന രൂപീകരണ പ്രശ്നത്തില്‍ 20 ദിവസത്തിനകം തീരുമാനമുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ അറിയിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രിസഭായോഗത്തില് പ്രമേയം പാസാക്കാനാണ് ശ്രമം. അതിനു ശേഷം നിയമമന്ത്രാലയത്തിന്റെ അനുമതിക്കായി നല്‍കും. ഇതേ പ്രമേയം ആന്ധ്രാപ്രദേശ് നിയമസഭാ അസംബ്ലിയും പാസാക്കണം. ഇതിനു ശേഷം മാത്രമേ സംസ്ഥാന വിഭജനം യാഥാര്‍ത്ഥ്യമാകൂ. എന്നാല്‍ പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷനില്‍ സംസ്ഥാന വിഭജനത്തിനെതിരെയുള്ള കോണ്‍ഗ്രസ്-തെലുങ്കുദേശം പാര്‍ട്ടി എംപിമാരുടെ പ്രതിഷേധം തുടരുന്നത് കോണ്‍ഗ്രസിനേയും കേന്ദ്രസര്‍ക്കാരിനേയും അങ്കലാപ്പിലാക്കിയിട്ടുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: