ന്യൂദല്‍ഹി: ചൈനീസ് അതിര്‍ത്തിയിലെ വ്യോമസേന സാന്നിധ്യം ശക്തമാക്കിയും വ്യോമസേന മേധാവിയുടെ ചൈനാ സന്ദര്‍ശനം നീട്ടിവച്ചും ഇന്ത്യന്‍സേന പുതിയ തന്ത്രം പരീക്ഷിക്കുന്നു. ഇതിനു പിന്നാലെ ചൈനയുമായി പുതിയ സമീപനങ്ങളാകും ഇനിയുണ്ടാകുകയെന്ന് പ്രതിരോധമന്ത്രി എ.കെ. ആന്റണി വ്യക്തമാക്കുകയും ചെയ്തു.
വ്യോമസേനാ മേധാവി എന്‍.എ.കെ ബ്രൗണിന്റെ ചൈന സന്ദര്‍ശനം നീട്ടിവച്ചത് ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനീസ് സൈന്യം തുടരുന്ന പ്രകോപനങ്ങളോടുള്ള മറുപടിയായാണ്. ഇന്ത്യന്‍ വ്യോമസേന ചൈനയ്ക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുകയാണെന്നാണ് വ്യക്തമാകുന്നത്.
ഹിണ്ടനിലെ പടിഞ്ഞാറന്‍ മേഖലാ വ്യോമസേനാ ആസ്ഥാനത്തു ഇന്നലെ നടന്ന ചടങ്ങില്‍ അമേരിക്കയില്‍നിന്നും വാങ്ങിയ ഭാരമേറിയ യുദ്ധവിമാനമായ സി 17 എയര്‍ക്രാഫ്റ്റ് വ്യോമസേനയുടെ ഭാഗമായി മാറിയതും ചൈനയ്ക്ക് മേലുള്ള സമ്മര്‍ദ്ദം ശക്തമാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നേരത്തെ ദൗലത് ഉള് ബോള്ഡിയില് സി 130 സൂപ്പര്‍ ഹെര്‍ക്കുലീസ് എയര്‍ക്രാഫ്റ്റ് പറന്നിറങ്ങിയത് ചൈനയ്ക്ക് വലിയ സമ്മര്‍ദ്ദം സൃഷ്ടിച്ചിരുന്നു. ചൈനീസ് അതിര്‍ത്തിയിലെ ഏറ്റവും ദുര്‍ഘടമായ പ്രദേശത്തുപോലും ആയിരക്കണക്കിനു സൈനികരെ കൊണ്ടിറക്കാന്‍ ഇന്ത്യന്‍ സേനയ്ക്ക് മിനിറ്റുകള്‍ കൊണ്ട് സാധിക്കുമെന്ന നിര്‍ണായക മേധാവിത്വം വ്യോമസേന ഇതിനകം തന്നെ നേടിയെടുത്തിട്ടുണ്ട്. ഇന്നലെ വ്യോമസേനയുടെ ഭാഗമായ സി 17 എയര്‍ക്രാഫ്റ്റ് 70 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള യുദ്ധവിമാനമാണ്. അടുത്ത വര്‍ഷം അവസാനത്തോടെ ഇത്തരത്തിലുള്ള പത്ത് വിമാനങ്ങളാണ് 20,000 കോടി രൂപ മുടക്കി ഇന്ത്യന്‍ വ്യോമസേന വാങ്ങിക്കൂട്ടുന്നത്. സി 17 ദൗലത്ഉള്ബോള്ഡിയിലെ എയര്‍സ്ട്രിപ്പില്‍ ഇറക്കുന്നതിനുള്ള ശ്രമങ്ങളും സേന ആരംഭിച്ചിട്ടുണ്ട്.
സേനയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളാണ് പുതിയ വിമാനങ്ങളുടെ വരവോടെ നടപ്പിലാക്കുന്നതെന്ന് പ്രതിരോധമന്ത്രി എ.കെ. ആന്റണി ഹിണ്ടനില് നടന്ന ചടങ്ങില്‍ പറഞ്ഞു. ചൈനയുമായുള്ള അതിര്‍ത്തിയിലെ തര്‍ക്കപ്രദേശങ്ങളിലെ ഇന്ത്യന്‍ സേനാ സാന്നിധ്യം ശക്തമാക്കാനാണ് തീരുമാനമെന്നും പ്രതിരോധമന്ത്രി പറഞ്ഞു. ചൈന ഇത്തരത്തിലുള്ള നടപടികളുമായി മുന്നോട്ടു പോകുന്നതുകൊണ്ടാണ് ഇന്ത്യയ്ക്ക് അതിര്‍ത്തി സുരക്ഷ ശക്തമാക്കാനുള്ള തീരുമാനത്തിലേക്ക് പോകേണ്ടിവന്നത്. വ്യോമസേന മേധാവിയുടെ ചൈനീസ് സന്ദര്‍ശനം റദ്ദാക്കിയിട്ടില്ലെന്ന് വ്യക്തമാക്കിയ ആന്റണി ഇരുരാജ്യങ്ങളും തമ്മിലുള്ള സംയുക്ത അഭ്യാസപരിപാടിയുമായി മുന്നോട്ടു പോകുമെന്നും പറഞ്ഞു.
സമാധാനനീക്കത്തിന് ഇന്ത്യയ്ക്ക് കൂടുതല്‍ താത്പര്യമുണ്ടെന്നും ഇന്ത്യന്‍ സേന സമ്മര്ദ്ദത്തിലാണെന്നുമുള്ള ചൈനീസ് സൈന്യത്തിന്റെ വിലയിരുത്തലുകളെ തകര്‍ക്കുന്ന നടപടികളുമായാണ് ഇന്ത്യ മുന്നോട്ടു പോകുന്നത്. ചര്‍ച്ചകള്‍ക്ക് ഇന്ത്യയ്ക്ക് അമിത താത്പര്യമുണ്ടെന്ന തരത്തിലുള്ള ധാരണ ചൈനയ്ക്കുണ്ടെങ്കില് അതിനു തടയിരുന്നതിനും പുതിയ നടപടികള്‍ സഹായിക്കും.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: