ന്യൂദല്‍ഹി: രാജ്യത്തെ പ്രമുഖ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ വില്പന ഉയര്‍ന്നു. ആഗസ്റ്റില്‍ വില്പന 61.24 ശതമാനം ഉയര്‍ന്ന് 87,323 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 54,154 യൂണിറ്റായിരുന്നു. കമ്പനിയുടെ ആഭ്യന്തര വില്പന 51.6 ശതമാനം ഉയര്‍ന്ന് 76,018 യൂണിറ്റിലെത്തി. കഴിഞ്ഞ ആഗസ്റ്റില്‍ ഇത് 50,129 യൂണിറ്റായിരുന്നു.
മാരുതിയുടെ മനേസര്‍ പ്ലാന്റ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ തൊഴിലാളികളുടെ സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ടതാണ് വില്പന ഇടിയാന്‍ കാരണമായി വിലയിരുത്തുന്നത്.
മാരുതിയുടെ ചെറുകാറുകളായ എം800, ആള്‍ട്ടോ, എ-സ്റ്റാര്‍, വാഗണ്‍ ആര് എന്നിവയുടെ വില്പന 45.1 ശതമാനം ഉയര്‍ന്ന് 32,019 യൂണിറ്റിലെത്തി. 2012 ആഗസ്റ്റില്‍ ഇത് 22,062 യൂണിറ്റായിരുന്നു. സ്വിഫ്റ്റ്, എസ്റ്റിലോ, റിറ്റ്സ് മോഡലുകളുടെ വില്പനയില് ഇരട്ടി വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 6,059 യൂണിറ്റില്‍ നിന്നും 17,409 യൂണിറ്റായാണ് വില്പന ഉയര്‍ന്നത്.
മാരുതിയുടെ ജനപ്രിയ മോഡലുകളില്‍ ഒന്നായ ഡിസയറിന്റെ വില്പനയില് നാലിരട്ടി വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. 2012 ആഗസ്റ്റിലെ വില്പന 3,085 യൂണിറ്റായിരുന്നുവെങ്കില്‍ ഈ വര്‍ഷം ഇത് 13,723 യൂണിറ്റായി ഉയര്‍ന്നു.
അതേസമയം മാരുതി എസ് എക്സ് 4 ന്റെ വില്പന 22.1 ശതമാനം ഇടിഞ്ഞ് 348 യൂണിറ്റിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 447 യൂണിറ്റായിരുന്നു. പ്രീമിയം സെഡാന് മോഡലായ കിസാഷിയുടെ ഒറ്റ യൂണിറ്റ് പോലും വിറ്റുപോയില്ല. ജിപ്സി, ഗ്രാന്റ് വിറ്റേര, എര്‍ട്ടിഗ മോഡലുകളുടെ വില്പന 33.7 ശതമാനം ഇടിഞ്ഞ് 4,563 യൂണിറ്റിലെത്തി.
ആഗസ്റ്റില്‍ കയറ്റുമതിയില്‍ മൂന്നിരട്ടി വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 11,305 യൂണിറ്റ് വാഹനങ്ങളാണ് കയറ്റുമതി ചെയ്തിരിക്കുന്നത്. മുന്‍ വര്‍ഷം ഇതേ കാലയളവിലെ കയറ്റുമതി 4,025 യൂണിറ്റ് മാത്രമായിരുന്നു.
അതേ സമയം മഹീന്ദ്ര ആന്റ് മഹീന്ദ്ര, ടാറ്റാ മോട്ടേഴ്സ് തുടങ്ങി പ്രമുഖ വാഹന നിര്‍മാതാക്കളുടെ വില്പനയില് ഇടിവ് നേരിട്ടു. മഹീന്ദ്രയുടെ ആഗസ്റ്റ് മാസ വില്പന 17.32 ശതമാനം ഇടിഞ്ഞ് 37,897 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 45,836 യൂണിറ്റായിരുന്നു. ആഭ്യന്തര വാഹന വില്പന 42,826 യൂണിറ്റില്‍ നിന്നും 35,159 യൂണിറ്റായി ഇടിഞ്ഞു. 17.9 ശതമാനമാണ് ഇടിവ്. മൊത്തം യാത്രാ വാഹനങ്ങളുടെ വില്പന 27.53 ശതമാനം ഇടിഞ്ഞ് 15,821 യൂണിറ്റിലെത്തി. വാണിജ്യ വാഹന വില്പന 3.85 ശതമാനം ഇടിഞ്ഞ് 13,718 യൂണിറ്റിലെത്തി. 2012 ആഗസ്റ്റില്‍ വില്പന 14,267 യൂണിറ്റായിരുന്നു. മുച്ചക്ര വാഹനങ്ങളുടെ വില്പന 14.24 ശതമാനം ഇടിഞ്ഞ് യൂണിറ്റിലെത്തി. കയറ്റുമതി 9.03 ശതമാനം ഇടിഞ്ഞ് 2,738 യൂണിറ്റിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവിലെ കയറ്റുമതി 3,010 യൂണിറ്റായിരുന്നു.
ആഗസ്റ്റില്‍ ടാറ്റാമോട്ടോഴ്സിന്റെ കയറ്റുമതി ഉള്‍പ്പെടെയുള്ള വില്പന 30.9 ശതമാനം ഇടിഞ്ഞ് 49,611 യൂണിറ്റിലെത്തി. വാണിജ്യ വാഹനങ്ങളുടേയും യാത്രാ വാഹനങ്ങളുടേയും വില്പനയില് യഥാക്രമം 26.6 ശതമാനം, 48.2 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. അതേസമയം കയറ്റുമതിയില്‍ 11.9 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ വില്പന 11. 58 ശതമാനം വര്‍ധിച്ച് 52,319 യൂണിറ്റിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവിലെ വില്പന 46,886 യൂണിറ്റായിരുന്നു. ആഭ്യന്തര വില്പന 28,257 യൂണിറ്റില്‍ നിന്നും 28,311 യൂണിറ്റായി ഇടിഞ്ഞു. കയറ്റുമതി 28.87 ശതമാനം ഉയര്‍ന്ന് 24,008 യൂണിറ്റിലെത്തി. 2012 ആഗസ്റ്റിലെ കയറ്റുമതി 18,629 യൂണിറ്റായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: