കോഴിക്കോട്: ഇഎംഎസ് ഭവന പദ്ധതിയുടെ തുക സംസ്ഥാന സര്‍ക്കാര്‍ വര്‍ധിപ്പിച്ചെങ്കിലും ഇതിന്റെ ഗുണം പലര്‍ക്കും ലഭിക്കുന്നില്ലായെന്ന് ആക്ഷേപമുയരുന്നു.
സര്‍ക്കാറിന്റെ മാനദണ്ഡം തന്നെയാണ് ഗുണഭോക്താക്കള്‍ക്ക് തടസ്സമാകുന്നതും ആശ്വാസമാകാത്തതുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സമ്പൂര്‍ണ ഭവന പദ്ധതിയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി 2009 ലാണ് ഇ.എം.എസ് പദ്ധതി നിലവില്‍ വന്നത്. ഇതിന് മുമ്പ് പഞ്ചായത്ത് തലത്തില്‍ പലപേരുകളില്‍ ഭവനനിര്‍മാണസഹായം നല്‍കിയിരുന്നു. അമ്പതിനായിരത്തിന്റെയും എഴുപത്തിയയ്യായിരത്തിന്റേതുമായിരുന്നു ആ സഹായം. 2011 ഏപ്രില്‍ 1 നു ശേഷം എഗ്രിമെന്റ് വച്ച എല്ലാ ഇഎംഎസ് ഭവന പദ്ധതി ഗുണഭോക്താക്കള്‍ക്കും യൂണിറ്റ് കോസ്റ്റ് ജനറല്‍ വിഭാഗത്തിനും, എസ്.സി.വിഭാഗത്തിനും 2 ലക്ഷവും, എസ്.ടി.വിഭാഗത്തിന് രണ്ടരലക്ഷവുമായിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നത്. 2011 സപ്തംബര്‍ 15 ന് ശേഷം പണി പൂര്‍ത്തീകരിച്ചവര്‍ക്ക് മാത്രമേ വര്‍ധിപ്പിച്ച തുകക്ക് അര്ഹതയുണ്ടായിരിക്കുകയുള്ളൂവെന്നാണ് സര്‍ക്കാര്‍ മാനദണ്ഡം പറയുന്നത്.ഈ സമയത്തിന് മുമ്പ് ഗഡുക്കള്‍ വാങ്ങിയവര്‍ക്ക് അനുപാതിക വര്‍ദ്ധനവ് ഉണ്ടാകുമെന്നും പറയുന്നു.
എന്നാല്‍ പദ്ധതിയാരംഭിച്ച 2009 ല്‍ എഗ്രിമെന്റ് വച്ച പല ഗുണഭോക്താക്കള്‍ക്കും വീടുപണി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. സാമ്പത്തിക പരാധീനതതന്നെയാണ് പ്രധാന കാരണം. ഇഎംഎസിന്റെ പേരില്‍ കൊട്ടിഘോഷിച്ച് പദ്ധതി പ്രഖ്യാപിച്ച ഇടതു സര്‍ക്കാര്‍ നാമമാത്രമായ തുകയാണ് ഇതിനായി അനുവദിച്ചത്. ചെറിയ സൗകര്യങ്ങളുളള വീടു നിര്‍മ്മിക്കണമെങ്കില്‍ തന്നെ ലക്ഷങ്ങള്‍ വേണമെന്നിരിക്കെ തുച്ഛമായ സഹായം കിട്ടിയപലരും ഇപ്പോള്‍ കടുത്ത ബുദ്ധിമുട്ടിലായിരിക്കുകയാണ്. പണി തുടരാതെവീടിന്റെ സമീപത്തെ ചെറിയകുടിലുകളില് തന്നെ ജീവിതം തള്ളി നീക്കേണ്ടുന്ന അവസ്ഥയാണ് പലര്‍ക്കുമുള്ളത്.
ഇതിനിടെ ഇപ്പോഴത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായമാകട്ടെ മാനദണ്ഡത്തിന്റെ പേരില്‍ കിട്ടാതെയും വരുന്നു. ഫലത്തില്‍ ഇടതുവലതു സര്‍ക്കാറുകളുടെ നടപടി ഗുണഭോക്താക്കളെ വട്ടം കറക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇഎംഎസ് ഭവന നിര്‍മാണ പദ്ധതിയില്‍ എഗ്രിമെന്റ് വച്ച എല്ലാ ഗുണഭോക്താക്കള്‍ക്കും കാലപരിധിയില്ലാതെ വര്ദ്ധിപ്പിച്ചതുക അനുവദിച്ചാല്‍ ഒരുപരിധിവരെ ആശ്വാസകരമാകുമെന്നാണ് പരക്കെ അഭിപ്രായമുള്ളത്. കടുത്ത സാമ്പത്തിക പ്രയാസങ്ങള്‍ക്കൊപ്പം മണല്‍ കിട്ടാത്തതും തുടങ്ങിവച്ച പല വീടുകളുടെയും പണി നീണ്ട് പോകാന്‍ കാരണമായിട്ടുണ്ട്. ഈ വക പ്രശ്നങ്ങള്‍ പരിഗണിക്കാതെ സര്‍ക്കാരുകള്‍ സ്ഥാപിത താല്‍പ്പര്യം മുന്‍നിര്‍ത്തി പദ്ധതി പ്രഖ്യാപിക്കുകയും കടുത്ത നിബന്ധനകള്‍ വെയ്ക്കുകയും ചെയ്യുന്നതുകൊണ്ട് പല ഗുണഭോക്താക്കളും ഇപ്പോഴും പണിതീരാത്ത വീട്ടില്‍ കഴിയുകയാണ്. ഈ പദ്ധതി തന്നെ സര്‍ക്കാര്‍ നിര്ത്തിലാക്കിയെങ്കിലും ഇതിലകപ്പെട്ട് നട്ടംതിരിയുന്ന നിര്‍ധനരായ ഗുണഭോക്താക്കള്‍ ഇപ്പോഴും അവഗണനയുടെ പുറമ്പോക്കില്‍ കണ്ണീരുമായികഴിയുകയാണ്.
എന്‍.ഹരിദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: