ന്യൂദല്‍ഹി: ബിജെപിയുടേയും നരേന്ദ്രമോദിയുടേയും ഭരണത്തിന്‍കീഴില്‍ എന്തെങ്കിലും തരത്തില്‍ വിവേചനം അനുഭവിക്കുന്നുണ്ടോയെന്ന് ഗുജറാത്തിലെ മുസ്ലീം ജനവിഭാഗങ്ങളോട് ചോദിക്കാന്‍ ബിജെപി ആവശ്യപ്പെട്ടു. ഗുജറാത്ത് കലാപം നിര്‍ഭാഗ്യകരമായ സംഭവമാണെന്നും ഗുജറാത്തില്‍ സംഭവിച്ചതിനു നരേന്ദ്രമോദിയെ കുറ്റപ്പെടുത്താനാവില്ലെന്നും ബിജെപി ദേശീയ പ്രസിഡന്റ് രാജ്നാഥ്സിങ് പറഞ്ഞു.
കലാപത്തേപ്പറ്റി സംസാരിച്ചപ്പോഴൊക്കെ മോദി വ്യക്തിപരമായി ദുഖിതനായിരുന്നെന്നും ന്യൂനപക്ഷമോര്‍ച്ച ദേശീയ എക്സിക്യൂട്ടീവ് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് രാജ്നാഥ്സിങ് പറഞ്ഞു. ഗുജറാത്ത് കലാപം നരേന്ദ്രമോദി ആസൂത്രണം ചെയ്തതാണെന്ന് വരുത്തി തീര്‍ക്കുന്നതിനാണ് ശ്രമം നടക്കുന്നത്. രാജ്യത്തെ ഭരണനേട്ടത്തിനായി കോണ്‍ഗ്രസുള്‍പ്പെടെയുള്ള പാര്‍ട്ടികളാണ് മതപരമായി ഭിന്നിപ്പിച്ചു നിര്‍ത്തുന്നതെന്ന സത്യം ഇനിയെങ്കിലും ജനങ്ങള്‍ തിരിച്ചറിയണം. ബ്രിട്ടീഷുകാര്‍ നടപ്പാക്കിയ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന നയമാണ് കോണ്‍ഗ്രസ് പിന്തുടരുന്നത്. പാര്‍ട്ടിയുടെ നയപരിപാടികള്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരിക്കുന്നത് ശ്രമകരമായ ദൗത്യമാണെന്നും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ ബോധ്യപ്പെട്ടുവേണം പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാനെന്നും രാജ്നാഥ്സിങ് കൂട്ടിച്ചേര്‍ത്തു.
മുസ്ലീങ്ങളുടേയും മറ്റു ന്യൂനപക്ഷങ്ങളുടേയും പാരമ്പര്യചൂഷകരായി കോണ്‍ഗ്രസ് പാര്‍ട്ടി മാറിയതായി ബിജെപി ദേശീയ വൈസ് പ്രസിഡന്റ് മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. മുസ്ലീംവോട്ടുകള്‍ നേടുന്നതിനായി എന്തും ചെയ്യാന്‍ കോണ്‍ഗ്രസ് തയ്യാറാണ്. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥയ്ക്കു കാരണക്കാര്‍ വര്‍ഷങ്ങളോളം രാജ്യം ഭരിച്ച കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. സാമ്പത്തിക-സാമൂഹ്യ പിന്നോക്കാവസ്ഥയില്‍ ന്യൂനപക്ഷങ്ങള്‍ തുടരുന്നതിന്റെയും പിന്നില്‍ കോണ്‍ഗ്രസ്സാണ്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് മുസ്ലീംവിഭാഗത്തിന് സര്‍ക്കാര്‍ ജോലി 62 ശതമാനത്തില്‍ അധികം കുറവുണ്ടായി. എന്നാല്‍ ഇതേ കാലയളവില്‍ ബിജെപി ഭരിക്കുന്ന ഗുജറാത്ത്,മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ 37,39 ശതമാനം വര്‍ദ്ധനവാണ് മുസ്ലീങ്ങള്കക്ക് സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിലുണ്ടായിരിക്കുന്ന വര്‍ദ്ധനവ്. രാജ്യത്തെ 60 ശതമാനത്തിലധികം മുസ്ലീം കുടുംബങ്ങളും ദാരിദ്ര്യരേഖയ്ക്കു താഴെ കഴിയുന്നതിനു കാരണം കോണ്‍ഗ്രസ് പാര്‍ട്ടിയാണെന്നും മുഖ്താര്‍ അബ്ബാസ് നഖ്വി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: