ന്യൂദല്‍ഹി: തുടര്‍ച്ചയായ ചോദ്യം ചെയ്യലിനൊടുവില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്റെ സ്ഥാപകാംഗമായ കൊടും ഭീകരന് യാസിന് ഭട്കല് കുറ്റങ്ങള്‍ പലതും ഏറ്റു പറഞ്ഞു. കഴിഞ്ഞ ആറുമാസമായി താന്‍ നേപ്പാളിലുണ്ടായിരുന്നു, ഇവിടെ തനിക്കുവേണ്ടി എന്തു ചെയ്യാന്‍ കരളുറപ്പുള്ള 100 ദൃഢചിത്തരായ അനുയായികളെ വാര്‍ത്തെടുക്കാന്‍ കഴിഞ്ഞതായും ഭട്കല് വെളിപ്പെടുത്തി.
ഭട്കലിനെയും ഉറ്റ അനുയായി അസദുള്ള അക്തറിനെയും ശനിയാഴ്ച ദല്‍ഹി കോടതി 12 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തു. ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നും അറസ്റ്റിലായ ഇരുവരെയും ദേശീയ അന്വേഷണ ഏജന്‍സിയാണ് വെള്ളിയാഴ്ച ബീഹാറില്‍ നിന്നും ഇവിടെ എത്തിച്ചത്.
ഭട്കലിനു വേണ്ടിയുള്ള തിരച്ചില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ സംഘടനകള്‍ ഊര്‍ജിതമാക്കിയിരുന്നു. അതിനിടെ ഈദ് ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ഇയാള്‍ ഭാര്യക്ക് ഒരു ലക്ഷം രൂപ ഈദ് സമ്മാനമായി കഴിഞ്ഞ മാസം ആദ്യം അയച്ചു കൊടുത്തിരുന്നു. ഇതാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഭീകരന് നേപ്പാളില്‍ ഒളിവിലാണെന്ന സൂചന ഇന്ത്യന്‍ രഹസ്യാന്വേഷണ സംഘടനയ്ക്ക് ലഭ്യമാകാന്‍ സഹായിച്ചത്. സാധാരണ ബാങ്കിംഗ് മാര്‍ഗത്തിലൂടെയാണ് ഈ പണം കൈമാറിയത്. ഇത് ഇന്റലിജന്‍സ് ബ്യൂറോക്ക് സഹായകമായി. നേപ്പാളിലെ പൊഖ്റ പ്രദേശത്ത് നിന്നും ഇന്ത്യയിലേക്ക് ഭീകരാക്രമണത്തിന് നുഴഞ്ഞുകയറാന്‍ ഇന്ത്യന്‍ മുജാഹിദ്ദീന്റെ സ്ഥാപകാംഗം സാധ്യമായ മാര്‍ഗങ്ങള്‍ നോക്കുന്നുണ്ടെന്ന് അവര്‍ മനസ്സിലാക്കുകയും തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പൈശാചിക ബോംബാക്രമണകാരിയെന്ന അറിയപ്പെടുന്ന ഇയാള്‍ ഭീകരാക്രമണത്തിന് ശേഷം പോലീസിനെ വെട്ടിച്ച് കടന്നുകളയുകയാണ് പതിവ്. ആഗസ്റ്റ് 9നാണ് ഈദ് ആഘോഷങ്ങള്‍ക്കായി താന്‍ ഭാര്യയുടെ പേരില്‍ ഒരു ലക്ഷം രൂപ അയച്ചതെന്ന് ഉദ്യോഗസ്ഥരോട് സമ്മതിച്ചിട്ടുണ്ട്. മാത്രമല്ല കഴിഞ്ഞ ആറുമാസം നേപ്പാളില്‍ കഴിയുന്നതിനിടെ 100 ദൃഢചിത്തരായ അനുയായികളെ വളരെ വേഗത്തില്‍ പരിശീലിപ്പിച്ചതായും മൊഴി നല്‍കിയിട്ടുണ്ട്. താമസസ്ഥലം അടിക്കടി മാറിയിരുന്ന താന്‍ നേപ്പാളിലെ മുസ്ലിങ്ങളെ യൂനാനി ഡോക്ടറായി ചികിത്സിച്ചിട്ടുണ്ടെന്നും ഭട്കല് പറഞ്ഞു.
പിടികൂടുന്ന വേളയില്‍ യാസിന്റെ പക്കല്‍ നിന്നും ഒരു ലാപ്ടോപ്പും മൊബെയില്‍ ഫോണും പോലീസ് കണ്ടെടുത്ത്. ഇത് നിരവധി ഭീകരാക്രമണങ്ങളിലേക്ക് വിരല്‍ചൂണ്ടുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. വ്യാജ ഡ്രൈവിംഗ് ലൈസന്‍സും വ്യാജ തിരിച്ചറിയല്‍ കാര്‍ഡും യാസിനില്‍ നിന്നും പിടിച്ചെടുത്തതായി അധികൃതര്‍ വ്യക്തമാക്കി. കൂടാതെ നേപ്പാള്‍ പോലീസില്‍ നിന്നും വേണ്ട സഹായം ലഭിച്ചതായും ഇന്ത്യന്‍ ഏജന്‍സികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: