പ്രാഗ്: യുവേഫാ സൂപ്പര്‍കപ്പ് ബയേണ്‍ മ്യൂണിക്കിന്. പെനാലിറ്റി ഷൂട്ടൗട്ടില്‍ ചെല്‍സിയെ തകര്‍ത്താണ് ബയേണ്‍ ജേതാക്കളായത്. 2012 ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ചെല്സിയില്നിന്നേറ്റ പരാജയത്തിന് ബയേണിന്റെ മധുരപ്രതികാരംകൂടിയായിരുന്നു ഈ ജയം.
നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി തുല്യത പാലിച്ചു. പത്തുപേരുമായി കളിച്ചിട്ടും എക്സ്ട്രാ ടൈമില്‍ ഈഡന് ഹസാര്‍ഡ് നേടിയ ഗോള്‍ ചെല്‍സിക്ക് വിജയപ്രതീക്ഷ നല്‍കിയിരുന്നു.എന്നാല്‍ ഹാവി മാര്‍ട്ടിനെസ് ബയേണിന് സമനില നേടിക്കൊടുത്തു. അധികസമയത്തിന്റെ അവസാന നിമിഷമായിരുന്നു ഇൗ നേട്ടം. ഇതോടെ മത്സരം വീണ്ടും 2-2 എന്ന നിലയിലായി. ഷൂട്ടൗട്ടിലെ ആദ്യ ഒന്‍പത് അവസരങ്ങളും ഇരുടീമുകളും ഗോളാക്കി മാറ്റി. ചെല്‍സിയുടെ അവസാന കിക്ക് പക്ഷേ ബയേണ്‍ ഗോളി തടഞ്ഞതോടെ സൂപ്പര്‍കപ്പ് ബയേണ്‍ സ്വന്തം പേരിലാക്കി. ആദ്യമായാണ് ബയേണ്‍ ഈ നേട്ടം വൈരിക്കുന്നത്.
കളിയുടെ എട്ടാം മിനിറ്റില്‍ ടോറസ് ആണ് ചെല്‍സിയെ മുന്നിലെത്തിച്ചത്. ആദ്യപകുതിയില്‍ ഗോള്‍ തിരിച്ചടിക്കാന്‍ ബയേണിന് കഴിഞ്ഞില്ല. കളിയുടെ 47-ാം മിനിറ്റില്‍ ഫ്രാങ്ക് റിബറി ബയേണനിനെ ഒപ്പമെത്തിച്ചതോടെ മത്സരത്തിന് വീര്യമേറി. പിന്നീട് ഈ സമനിലക്ക് കുരുക്ക് പൊട്ടിക്കാന്‍ ഇരുടീമിനുമായില്ല. തുടര്‍ന്ന് എക്സ്ട്രാടൈമിലും ഓരോ ഗോള്‍ നേടി ടീമുകള്‍ മത്സരത്തിന് പെനാലിറ്റി ഷൂട്ടൗട്ടിന്റെ വാതില്‍ തുറന്നുകൊടുക്കുകയായിരുന്നു.
ചെല്‍സിക്കുവേണ്ടി ഡേവിഡ് ലൂയി, ഓസ്കാര്‍, ഫ്രാങ്ക് ലാംപാര്‍ഡ്, ആഷ്ലി കോള്‍ എന്നിവര്‍ ഷൂട്ടൗട്ടില്‍ ലക്ഷ്യം കണ്ടു. റൊദേലു ലുകാക്കുവിന്റെ കിക്കാണ് ബയേണ്‍ ഗോളി തടഞ്ഞത്. ബയേണിനുവേണ്ടി ഡേവിഡ് അലാബ, ടോണി ക്രൂസ്, ഫിലിപ്പ് ലാം, ഫ്രാങ്ക് റിബറി, ഷാക്വിരി എന്നിവരാണ് ഷൂട്ടൗട്ടില്‍ ലക്ഷ്യം കണ്ടത്. മുമ്പ് മൂന്നുതവണ ബയേണ്‍ സൂപ്പര്‍കപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. എന്നാല്‍ ഇക്കുറി അവര്‍ ചരിത്രം മാറ്റിയെഴുതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: