മേടത്തിലെ മേലും കീഴും ചൂടുപിടിച്ച തൃശൂര്‍പൂരം കാണുക എന്നത് മഹാമോഹമായി കരുതാത്തവരില്ല. പൂരക്കമ്പക്കാരാണെങ്കില് പറയുകയും വേണ്ട. ഒന്നര ദിവസം നീണ്ടുനില്‍ക്കുന്ന പൂരം മതിമറന്ന് വിസ്തരിച്ച് കണ്ടതിന്റെ സന്തോഷം. ഉറക്കക്ഷീണം, വിശപ്പ്, ദാഹം എന്നിവയുമായി ആഹ്ലാദത്തോടെ തിരികെപോന്നു. അക്കാലത്തെല്ലാം കാല്‍നടയാണ് പതിവ്.
അപൂര്‍വ്വം ഓടുന്ന വാഹനത്തില്‍ കയറാനൊന്നും വഹയില്ലാത്ത ഒരു നമ്പൂതിരി തൃശൂര്‍ നഗരത്തിന് വിളിപ്പാടകലെയുള്ള ഒല്ലൂരിലെ തൈക്കാട് മൂസ്സിന്റെ ഇല്ലത്ത് ചെന്നു. ഭക്ഷണത്തിനായിത്തന്നെ, പുറമെനിന്നൊന്നും കഴിക്കുന്ന ശീലവുമില്ല. കുളത്തില്‍ ചെന്ന് കുളികഴിഞ്ഞുവന്നു. അകത്തേക്ക് കടന്നിരിക്കാം എന്ന മൂസ്സിന്റെ ക്ഷണം സ്വീകരിച്ച് ആതിഥേയന് അവിടേക്ക് കടന്നുചെന്നു. ഭക്ഷണത്തിന് ലേശം താമസമുണ്ട്. ദാഹം തീര്‍ക്കാന്‍ ഇതുകുടിച്ചോളൂ. കിട്ടിയതെന്തും കഴിച്ചുതീര്‍ക്കാനുള്ള അവസ്ഥയിലായിരുന്നു അദ്ദേഹം. ആ പാത്രത്തില്‍ കിട്ടിയത് ഒറ്റ ഇറക്കലിന് തീര്‍ത്തു.
ഇതു കഴിഞ്ഞപ്പോഴാണ് അദ്ദേഹം മൂസ്സിനോട് ചോദിച്ചത്. ഇത് എണ്ണയാണോ! ‘ഏയ് ചിലപ്പൊ എണ്ണയിരുന്ന പാത്രമാവാം. തോന്നിയതാവും. ഏതായാലും ഒന്നു വിശ്രമിച്ചോളു’ പായവിരിച്ച് അതിഥി ഒരിടത്ത് കിടന്നു. അദ്ദേഹം മൂന്നാംദിവസമാണ് ഉറക്കത്തില്‍ നിന്നുണര്‍ന്നത്. മൂസ്സിന്റെ അടുത്തുചെന്ന് അദ്ദേഹം അന്ന് കുടിച്ചത് ഔഷധം തന്നെയായിരുന്നു. അലഞ്ഞ് തിരിഞ്ഞ് ക്ഷീണത്തോടെ വന്നയാള്‍ക്ക് കുടിക്കാന്‍ വെള്ളം നല്കിയാല് വന്നുകൂടുന്നത് മാരകമായ രോഗമാവും. അതിനാല്‍ ശ്രദ്ധയോടെ മൂസ്സ് കൈകാര്യം ചെയ്ത വിദ്യ ആയിരുന്നു അത്.
ഉറക്കമുണര്ന്നയാള് പരമസുഖാവസ്ഥയെ പ്രാപിച്ചു. പതിവുപോലെ ആളുഷാറായി. ഇത് പറഞ്ഞു കേട്ടകഥ. ഇതുപോലെ വൈദ്യനും രോഗിയും തമ്മിലുള്ള പല കഥകളും നമുക്കിടയില്‍ ഇന്ന് ധാരാളമുണ്ട്. ഇതാണ് വൈദ്യവിഭാഗം ചെയ്യുന്നവരുടെ പരസ്യം. അനുഭവസ്ഥര്‍ ഇതെല്ലാം വേണ്ടിടത്തൊക്കെ പ്രചരിപ്പിച്ച് മാറാരോഗങ്ങള്‍ മാറി സുഖാവസ്ഥയില്‍ എത്തിച്ചേര്‍ന്ന കഥകള്‍ പലരോടും പറയും. ഇന്നാണെങ്കില്‍ പരസ്യംകൊണ്ടാണ് എന്തിന്റെയും വിജയം നിശ്ചയിക്കുന്നത്.
തൈക്കാട് മൂസ്സാവട്ടെ ഈവഴിക്ക് തിരിഞ്ഞിട്ടില്ല. ഇതാണ് അദ്ദേഹത്തിന്റെ പ്രസിദ്ധിയും. വിനയാന്വിത സ്വഭാവവും ഈശ്വരാധീനവും ഒന്നുകൊണ്ടാണ് ഈ കുടുംബം ലോകശ്രദ്ധയാകര്‍ഷിച്ചത്. രോഗത്തിന്റെ മര്മ്മംകണ്ട് ചികിത്സിച്ച് പാരമ്പര്യത്തിന്റെ നേര്‍വഴി സഞ്ചരിച്ച് ധിഷണാശക്തിയാല്‍ വിജയം വരിക്കുകയായിരുന്നു. തൃശൂര്‍ ജില്ലയിലെ ഒല്ലൂരിനടുത്തുള്ള തൈക്കാട്ടുശ്ശേരി ഗ്രാമത്തിലെ എളേടത്തു തൈക്കാട്ടുമനയിലെ നീലകണ്ഠന് മൂസ്സിന്റെ മകനായി അഷ്ടവൈദ്യന്‍ നാരായണന് മൂസ്സ് പിറന്നു. അദ്ദേഹം പിന്നീട് പ്രസിദ്ധനായ ആയൂര്‍വേദ വിചക്ഷണനായി തീരുകയായിരുന്നു.
ചരിത്രത്തില്‍ ഇടംനേടിയ ചികിത്സാപാരമ്പര്യത്തിന്റെ സിദ്ധിയും സാധനയും കൊണ്ട് ഒരു ജന്മം സഫലമാക്കി. രോഗപീഡയാല്‍ വലഞ്ഞെത്തുന്നവരെ പഠിച്ച് രോഗങ്ങളുടെ അടിത്തട്ടുകണ്ട് വേരോടെ അത് പിഴുതെടുത്ത് മാറ്റാനുള്ള കഴിവ് നേടി നിയതമായ വഴികളിലൂടെ പോയാല്‍ ലക്ഷ്യത്തിലെത്താം. ആ വഴി എളുപ്പമായിത്തീരാന്‍ ദൈവാധീനവും കര്‍മ്മഗുണവും വേണം. ഇതെല്ലാം ഒരാളിലേക്ക് സംഗമിച്ചതിന്റെ നേര്‍ക്കാഴ്ചയാണ് വൈദ്യരത്നം അഷ്ടവൈദ്യന്‍ തൈക്കാട് നാരായണന് മൂസ്സ്. തിരക്കേറിയ ഇക്കാലത്തും സാവധാനത്തിന്റെ ചികിത്സയെ ശരണം പ്രാപിക്കുന്നവര്‍ രോഗത്തിന്റെ ഗൗരവത്താലാവണം അല്ലെങ്കില്‍ അലോപ്പതി സുല്ലുപറഞ്ഞ രോഗമാവണം.
സസൂക്ഷ്മം വേണം ആയുര്‍വേദ ചികിത്സ ചെയ്യുവാന്‍. ഒരു വക്കീലിന്റെ മനസ്സോടെ ചോദ്യം ചെയ്തുവേണം രോഗാവസ്ഥയെ പഠിച്ചെടുക്കാന്‍. ഒരുപക്ഷെ രോഗിതന്നെ മറന്നുപോയ മുന്‍കാലസംഭവങ്ങളെ പറയിപ്പിച്ചെടുത്തുവേണം ചികിത്സതന്നെ ആരംഭിക്കാന്‍. ശസ്ത്രക്രിയ നടത്തി അസുഖങ്ങളില്‍ നിന്ന് രക്ഷപ്രാപിക്കുവാന്‍ താല്പര്യമില്ലാത്തവര് ഏറെയാണ്. മരുന്നിനാല്‍ സങ്കീര്‍ണ്ണശസ്ത്രക്രിയ വിധിക്കപ്പെട്ട രോഗിയെ രക്ഷിച്ചെടുക്കുക എന്നത് എല്ലാവൈദ്യപണ്ഡിതരും ചെയ്തുവന്ന അത്ഭുതങ്ങളാണ്. നിരവധി തെളിവുള്ള കഥകള്‍ കാലങ്ങളായി നമ്മുടെ നാട്ടില്‍ കാതോട് കാതോരം പ്രചരിച്ചുവരുന്നുണ്ട്.
ആയുര്‍വേദ സിദ്ധി മലയാളത്തിന്റെ മുതല്‍ക്കൂട്ടുതന്നെയാണ്. മുന്‍കാലത്ത് നിശ്ചയിച്ചതും ചെയ്തതെടുത്തതുമായി ഓരോ ചികിത്സയും ഓര്‍മ്മയില്‍ സൂക്ഷിച്ചുവെക്കണം. എപ്പോള്‍ വേണമെങ്കിലും അതെടുത്ത് പ്രയോഗിക്കേണ്ടിവരും. ധിഷണാശക്തി ഉണര്‍ന്നിരിക്കാന്‍ വേണ്ടത് ഈശ്വരാനുഗ്രഹം. അത് വേണ്ടുവോളം ഈശ്വരന് നല്കിയ കുടുംബം. അവിടെ ലോകത്തിന് വിളക്കായി പ്രകാശം ചൊരിയുന്ന ദീപനാളമാണ് ഇ.ടി.നാരായണന്‍മൂസ്സ്. 80 വയസ്സിലെത്തിയ ഈ മഹാവൈദ്യന് ഇന്നും ചികിത്സാരംഗത്തെ അറിയപ്പെടുന്ന, ആയുര്‍വേദശാഖയുടെ അവസാന വാക്കാണ്. എന്നും വെല്ലുവിളികളെ നേരിടാനുള്ള സൈനികരുടെ മനസ്സുമായി പൊരുതിമുന്നേറാനും കഴിവുള്ള മൂസ്സിന്റെ കൈപ്പുണ്യം പ്രശസ്തം.
ഇത്തരം ചികിത്സാപദ്ധതികള്‍ ആധുനിക സംവിധാനത്തില്‍ വളര്‍ത്തിയെടുക്കാനും മൂസ്സിന് സാധിച്ചു. മഹാവിദ്യാലയം തന്നെ സ്ഥാപിച്ച് നിരവധി ആയൂര്‍വേദ ചികിത്സകരെ ലോകത്തിന് സംഭാവന ചെയ്ത വൈദ്യരത്നം കോളേജ് ഈ രംഗത്തെ വഴികാട്ടിയാണ്. കൈരളിക്ക് നല്കിയ കനത്ത സംഭാവന തന്നെമതി ഇദ്ദേഹത്തിന്റെ യശസ്സ് എന്നും നിലനില്ക്കാന്.
ആയുര്‍വേദ സംരക്ഷണം പരശുരാമന് അഷ്ടവൈദ്യന്മാരെ ഏല്പിച്ചെന്നാണ് വിശ്വസിച്ചു വരുന്നത്. അഷ്ടാംഗഹൃദയം വശത്താക്കിയാണ് ഈ വഴിയിലൂടെ ഈ കുടുംബക്കാര് ചികിത്സകരായിത്തീര്ന്നത്. ബാല്യകാലം മുതല്‍ പഠനമാരംഭിക്കുന്നു. നിത്യേന പാരായണം ചെയ്യുക എന്നതും ഇവരുടെ പതിവാണ്.
തേവാരത്തിന്റെ ഭാഗമായാണ് അഷ്ടാംഗഹൃദയ പാരായണം. വാഗ്ഭടാചാര്യരെ പ്രണമിച്ചുകൊണ്ടാണ് ഇവരെല്ലാം ചികിത്സാകര്മ്മത്തിലേക്ക് നിത്യേന പ്രവേശിക്കുന്നതു തന്നെ.
കോട്ടയം, തൃശൂര്‍, മലപ്പുറം ജില്ലകളിലായിട്ടാണ് അഷ്ടവൈദ്യന്മാരുടെ ഗൃഹങ്ങളുള്ളത്. ഇപ്പോള്‍ പല കുടുംബങ്ങളും വൈദ്യവൃത്തി അനുഷ്ഠിച്ചു വരുന്നില്ല. ഇതില്‍ നിന്ന് വിഭിന്നരാണ് തൈക്കാട് മൂസുമാര്‍. പുതിയ തലമുറക്കാര്‍ വരെ വൈദ്യവൃത്തിയിലേക്ക് കാലൂന്നിക്കഴിഞ്ഞു. തൈക്കാട് നാരായണന് മൂസിന്റെ മുത്തച്ഛനാണ് ചക്രവര്‍ത്തി വൈദ്യരത്നം എന്ന ബഹുമതികല്പിച്ചു കൊടുത്തത്. ഈ നാമം തലമുറകളായി ഇന്നും പേരിനൊപ്പം ഉപയോഗിച്ചു വരുന്നു. 1933 സെപ്തംബര്‍ 15നാണ് തൈക്കാട് നാരായണന് മൂസിന്റെ ജനനം. ഇ.ടി.നീലകണ്ഠന് മൂസ് അച്ഛനും പുത്തഞ്ചേരി ദേവകി അന്തര്‍ജനം അമ്മയും.
ടി.വി.രാമവാര്യരില്‍ നിന്നാണ് സംസ്കൃതപഠനം ആരംഭിച്ചത്. മുത്തച്ഛനും അച്ഛനും വൈദ്യചികിത്സയെ പരിചയപ്പെടുത്തിക്കൊടുത്തു. നാലോളം തലമുറക്കാരെ ടി.വി.രാമവാര്യര്‍ സംസ്കൃതം പഠിപ്പിച്ചിട്ടുണ്ട്. തന്നെയുമല്ല, വൈദ്യശാലയിലെ ചുമതലയും അദ്ദേഹം നോക്കി. ഒരു കുടുംബാംഗത്തെപ്പോലെ അടുപ്പം പുലര്‍ത്തിയിരുന്നു. നാരായണന് മൂസിന് ലളിതകലകളോടും മറ്റും താത്പര്യവുമുണ്ട്. ലോകത്തിന് തന്നെ പരിചയപ്പെടുത്തിക്കൊടുത്തതില്‍ ടി.വി.രാമവാര്യര്‍ക്ക് ചെറുതല്ലാത്ത പങ്കുണ്ട്. 1940ല്‍ വൈദ്യശാല എന്ന വിഭാഗം തന്നെ തൈക്കാട് മൂസ് ആരംഭിച്ചു. പഞ്ചാരവിന്ദം എന്ന മരുന്ന് നാരായണന് മൂസാണ് കണ്ടെത്തിയതെന്നാണു പറയപ്പെടുന്നത്. ആ വര്‍ഷം തന്നെ വിജയദശമിക്ക് വൈദ്യശാലയുടെ പ്രവര്‍ത്തനം തുടങ്ങി. അടുത്ത രണ്ടു വര്‍ഷംകൊണ്ട് തൃശൂരിലും പിന്നീട് എറണാകുളത്തും മണ്ണുത്തിയിലുമെല്ലാം ശാഖകള്‍ തുടങ്ങി.
ഇരുപത്തൊന്നാം വയസിലാണ് വൈദ്യശാലയുടെ ചുമതല നേരിട്ട് ഏറ്റെടുത്തത്. ധാരാളം രോഗികളെ പരിശോധിക്കാന്‍ കേരളത്തിന്റെ പല ഭാഗങ്ങളിലുമുള്ള ശാഖകളില്‍ വിസിറ്റ് പതിവുണ്ടായിരുന്നു. അവിടെയെല്ലാം അസാമാന്യ തിരക്കും പതിവുണ്ട്. തലപുകഞ്ഞുള്ള ചികിത്സയാണ് എല്ലായിടത്തും വേണ്ടിവരാറുള്ളതെന്ന് ചിരിച്ചുകൊണ്ട് നാരായണന് മൂസ് പറയാറുണ്ട്. പാതിരാ വരെ നീളുന്ന ക്യൂ ഇവിടെയെല്ലാം കാണാറുണ്ടായിരുന്നു. അക്കാലങ്ങളിലെല്ലാം അച്ഛനായ നീലകണ്ഠന് മൂസാണ് ഇല്ലത്തു വരുന്നവരെ ചികിത്സിച്ചിരുന്നത്. അദ്ദേഹത്തിന്റെ കാലശേഷം നാരായണന് മൂസ് ആ പതിവ് ഏറ്റെടുത്തു. പുറമേക്കുള്ള യാത്രകള്‍ കുറച്ചു.
ഇപ്പോള്‍ പ്രായാധിക്യവും ശരീരത്തിനുള്ള വൈഷമ്യങ്ങളും കാരണം കുറച്ചു പേരെ മാത്രമേ രോഗവുമായി ബന്ധപ്പെട്ട് കാണാറുള്ളൂ. ഇപ്പോഴും പഴയ കാര്യങ്ങളെല്ലാം നല്ല ഓര്‍മ്മയാണ്. വൈദ്യശാലയുമായി ബന്ധപ്പെട്ടുള്ള എല്ലാ കാര്യങ്ങളിലും ഇദ്ദേഹത്തിന്റെ ഉപദേശം തേടാറുണ്ട്.
ഒരു കാലത്ത് മരണപ്രവചനം വരെ നടത്തിയിരുന്ന മരണത്തൈക്കാട് എന്ന പേരിലുള്ള അച്ഛനും മകനും പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നു എന്നു പറയപ്പെടുന്നു. പ്രശസ്തരായ മൂസുമാരെല്ലാവരും തമ്മില്‍ അന്യോന്യം ബന്ധപ്പെടുകയും സംസാരിക്കുകയും ചികിത്സാകാര്യങ്ങളെപ്പറ്റി ചര്‍ച്ച ചെയ്തു വരികയും പതിവുണ്ട്. ഇവരില്‍ നിന്നു തന്നെ വിവാഹാദി കാര്യങ്ങളും നടന്നു വരാറുണ്ടായിരുന്നു.
1955ഓടു കൂടിയാണ് കിടത്തി ചികിത്സയ്ക്ക് ആവശ്യക്കാര്‍ കൂടിവന്നത്. ഇക്കാലത്ത് ഒരു നേഴ്സിംഗ് ഹോം ആരംഭിച്ചു. അതിനോടൊപ്പം മൂന്നു ശിഷ്യരെയും ആയുര്‍വേദം പഠിപ്പിച്ചു. 1966ഓടെ ഔഷധനിര്‍മാണം യന്ത്രവത്കൃത യൂണിറ്റിനു തുടക്കം കുറിച്ചു. ആവശ്യക്കാര്‍ ധാരാളവും മരുന്നിന്റെ ലഭ്യതക്കുറവും കൊണ്ടാണ് എളുപ്പത്തില്‍ മരുന്നു നിര്‍മിച്ചെടുക്കുന്നതിന് യന്ത്രവത്കരണം നടപ്പാക്കിയത്.
1976ല്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ അംഗീകാരത്തോടെ തൈക്കാട്ടുശേരിയില്‍ തന്നെ വൈദ്യരത്നം കോളേജിനു തുടക്കം കുറിച്ചു. തൈക്കാട്ടുശേരിയില്‍ വൈദ്യരത്നം കോംപ്ലക്സിന്റെ ഘടകമായി അച്ഛന് ഇ.ടി.നീലകണ്ഠന് മൂസിന്റെ ശതാഭിഷേക സ്മാരകമായ ഗവേഷണ കേന്ദ്രത്തിന് ഉപരാഷ്ട്രപതി ശങ്കര്‍ദയാല്‍ ശര്‍മ തറക്കല്ലിടുകയായിരുന്നു.
നാരായണന് മൂസിന് 1991ല്‍ ചികിത്സാ സംഭാവനകളെ അടിസ്ഥാനപ്പെടുത്തി കേന്ദ്രസര്‍ക്കാരിന്റെ ആയുര്‍വേദ വിദ്യാപീഠം പുരസ്കാരം ലഭിക്കുകയുണ്ടായി. അച്ഛന് നീലകണ്ഠന് മൂസിനു പത്മശ്രീ ബഹുമതിയും നാരായണന് മൂസിന് പത്മഭൂഷണ്‍ ബഹുമതിയും ലഭിച്ചിട്ടുണ്ട്.
ആയുര്‍വേദ വൈദ്യശാഖയില്‍ ആദ്യത്തെ പത്മശ്രീയായിരുന്നു അച്ഛന് നീലകണ്ഠന് മൂസിന്റേത്. 1997ല്‍ ആയുര്‍വേദ രംഗത്തെ സമഗ്രസംഭാവനകള്‍ക്കുള്ള സ്വദേശി പുരസ്കാരം പ്രധാനമന്ത്രിയായിരുന്ന അടല്‍ബിഹാരി വാജ്പേയി സമ്മാനിച്ചു. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പുരസ്കാരവും റോട്ടറി ക്ലബ്ബിന്റേതായ ആദരവും കേരളസര്‍ക്കാരിന്റെ ആചാര്യശ്രേഷ്ഠ ബഹുമതിയും നാരായണന് മൂസിനു ലഭിച്ചിട്ടുണ്ട്.
വെള്ളാരപ്പിള്ളി മുരിയമംഗലത്ത് പരമേശ്വരന് നമ്പൂതിരിപ്പാടിന്റെ മകള്‍ സതി അന്തര്‍ജ്ജനത്തെയാണ് നാരായണന് മൂസ് വിവാഹം ചെയ്തത്. നീലകണ്ഠന് മൊസ്ന്ന അനിയനും പരമേശ്വരന് മൊസ്ന്ന ഉണ്ണിയും മക്കളാണ്. ഇരുവരും ആയുര്‍വേദ ചികിത്സാ രംഗത്തുണ്ട്. പേരക്കുട്ടികളും ഈ രംഗത്തേക്ക് പ്രവേശനം കുറിച്ചു. മകള്‍ ശൈലജ ഭര്‍ത്താവ് പഞ്ചാബ് നാഷണല്‍ ബാങ്കിലെ ഉദ്യോഗസ്ഥനായ ഭവദാസനൊന്നിച്ച് ബംഗളൂരുവിലാണ്.
പാലേലി മോഹന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: