കണ്ണൂര്‍: ഒളിവില്‍ കഴിയവെ കണ്ണൂരില്‍ പിടിയിലായ മുംബൈ സ്ഫോടനക്കേസിലെ പ്രതിയായ മുഹമ്മദലിയെന്ന മുന്നാഭായിയെ ഇന്നലെ സിബിഐ സംഘം കസ്റ്റഡിയില്‍ വാങ്ങി മുംബൈയിലേക്കു കൊണ്ടുപോയി. സിബിഐ മുംബൈ ഇന്‍സ്പെക്ടര്‍ സാവന്തിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെത്തന്നെ കണ്ണൂരിലെത്തിയിരുന്നു. സ്പെഷ്യല്‍ സബ് ജയിലില്‍ റിമാന്റില്‍ കഴിയുന്ന മുഹമ്മദലിയെ ടൗണ്‍ പോലീസ് കോടതി നിര്‍ദ്ദേശപ്രകാരം കസ്റ്റഡിയില്‍ വാങ്ങി കൈമാറുകയായിരുന്നു.
മുംബൈ അധോലോകവുമായി വളരെയടുത്ത് ബന്ധമുള്ളതിനാല്‍ വന്‍ സുരക്ഷയിലാണ് പോലീസ് ഇയാളെയും കൊണ്ട് ട്രെയിനില്‍ മുംബൈയിലേക്ക് തിരിച്ചത്. മുംബൈയിലെ നിരവധി കൊലക്കേസുകളിലടക്കം പ്രതിയായ ഇയാളെ ഒളിവില്‍ കഴിയവെ കണ്ണൂര്‍ അത്താഴക്കുന്നിലെ ഭാര്യ വീട്ടില്‍ വച്ച് കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഭാര്യയും ബന്ധുക്കളും മുഹമ്മദലിയെ കാണണമെന്നാവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയിരുന്നു. ഇവരുടെ വിവാഹത്തിന് ഇടനിലക്കാരനായി നിന്ന പള്ളിഇമാമും കൂടെയുണ്ടായിരുന്നു. വിവാഹത്തിന് ഇടനിലക്കാരനായി നിന്ന പള്ളി ഇമാമിനെകുറിച്ച് കൂടുതല്‍ അന്വേഷണം നടത്തണമെന്ന് കണ്ണൂര്‍ പോലീസ് സിബിഐയോട് ആവശ്യപ്പെട്ടതായി അറിയുന്നു. ഒരു മുന്‍ പരിചയവുമില്ലാത്ത ഒരാള്‍ക്ക് കേരളത്തിലെ പെണ്‍കുട്ടിയെ മുംബൈയിലെത്തിച്ചു വിവാഹം ചെയ്തുകൊടുത്ത ഇമാമിന് മുഹമ്മദലിയുമായി വളരെ അടുത്ത ബന്ധമുണ്ടായിരിക്കുമെന്ന നിഗമനത്തിലാണ് പോലീസ്.
അതുകൊണ്ടുതന്നെ മുഹമ്മദലിയെ കാണാനെത്തിയ ഇമാമില്‍ നിന്ന് പോലീസ് ഇന്നലെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു. പ്രത്യേക അന്വേഷണം നടത്തുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: