ജമ്മു: രണ്ടുദിവസത്തെ ഇടവേളയ്ക്ക് ശേഷം പാക്കിസ്ഥാന് സൈന്യം വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ജമ്മു ജില്ലയിലെ നിയന്ത്രണ രേഖയ്ക്കടുത്തുള്ള പോസ്റ്റുകള്‍ ലക്ഷ്യമിട്ടാണ് പാക് സൈന്യം വെടിയുതിര്‍ത്തത്. ഇതോടെ ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടി അവര്‍ ചോദിച്ചു വാങ്ങി.
ജമ്മു ജില്ലയിലെ പല്ലന്‍വാല ഉപമേഖലയിലെ നിയന്ത്രണ രേഖയിലാണ് യാതൊരു പ്രകോപനവും കൂടാതെ പാക് സൈന്യം ആക്രമണം അഴിച്ചുവിട്ടത്. വ്യാഴാഴ്ച രാത്രി 11.30 ഓടെ വെടിവയ്പ്പ് ആരംഭിച്ചതായി മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന് പറഞ്ഞു. ചെറിയ യന്ത്രവത്കൃത തോക്കുകളുപയോഗിച്ച് പാക് സൈന്യം നിയന്ത്രണരേഖയിലെ പോസ്റ്റുകളിലേക്ക് വെടിവയ്ക്കുകയായിരുന്നു. അതേ തരത്തിലുള്ള ആയുധങ്ങളുപയോഗിച്ച് ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. ഇരുഭാഗത്തു നിന്നും കനത്ത തോതില്‍ വെടിവയ്പ്പുണ്ടായി. കഴിഞ്ഞ രാത്രി മുഴുവനും ഇത് നീണ്ടു നിന്നതായി അദ്ദേഹം പറഞ്ഞു.
ഈ ആക്രമണത്തില്‍ ഇരുപക്ഷത്തും ആള്‍നാശമുണ്ടായിട്ടില്ല. ആഗസ്റ്റ് 27 വൈകിട്ട് 3.15 മുതല്‍ 29 രാത്രി 11.30വരെ പാക്കിസ്ഥാന് സൈന്യം വെടിവയ്ക്കുകയോ വെടിനിര്‍ത്തല്‍ ക്കുകയോ ചെയ്തില്ല. ആഗസ്റ്റ് 27ന് പകല്‍ പൂഞ്ച് ജില്ലയിലെ ബിംബര്‍ ഗാലി ഉപമേഖലയിലെ നിയന്ത്രണ രേഖയിലുള്ള ഇന്ത്യന്‍ പോസ്റ്റിന് നേരെ പാക് സൈന്യം വെടിവച്ചിരുന്നു.
ആഗസ്റ്റ് ആറു മുതല്‍ പൂഞ്ച്-രജൗരി മേഖലകളില്‍ ഏതാണ്ടെല്ലാ ദിവസവും പാക് സൈന്യം വെടിയുതിര്‍ക്കുകയും മോട്ടോര്‍ ആക്രമണം നടത്തുകയും ചെയ്തിട്ടുണ്ട്. ഈ മാസം 30 ല്‍ അധികം തവണ അവര്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിട്ടുമുണ്ട്. ഇതിലൂടെ ആറ് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെടുകയും പത്തുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതിര്‍ത്തിയിലെ ഇന്ത്യയുടെ പെട്രോളിംഗ് സംഘത്തിനും ജനവാസമുള്ള പ്രദേശത്തിനും നേര്‍ക്കാണ് പാക് സൈന്യം ആക്രമണം നടത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: