നിയമങ്ങളാര്ക്കുവേണ്ടിയാണെന്ന ചോദ്യത്തിന് പഴക്കം ഒരുപാടുണ്ടെങ്കിലും ഇനിയും ഉത്തരം ലഭിച്ചിട്ടില്ല. കിട്ടുമെന്ന് തോന്നുന്നുമില്ല. നിയമങ്ങളെ പേടിയില്ലാത്തവരെ എന്തുചെയ്യണമെന്നുള്ള നിയമത്തെക്കുറിച്ചാണ് ഇനി അറിയേണ്ടത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അറബിക്ക് വിവാഹം കഴിച്ചുകൊടുത്തത് നിരക്ഷരകുക്ഷിയോ നിര്‍ധനനോ മദ്യപാനിയോ ആയ ഒരു പിതാവല്ല. നിമയത്തിന് പുല്ലുവില കല്‍പ്പിച്ച് സാമ്പത്തിക ലാഭത്തിനായി ഒരു പെണ്‍കുട്ടിയുടെ ജീവിതം കുരുതികഴിക്കാന്‍ മുന്നിട്ട് നിന്നത് രാജ്യത്തെ സകല നിയമങ്ങളുമറിയാവുന്ന ഒരു ട്രസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അനാഥാലയത്തിന്റെ നടത്തിപ്പുകാരാണ്.
സൃഷ്ടി എന്ന കര്‍മ്മം നടത്തിയെന്ന ഒറ്റകാരണത്താല്‍ ഒരു കുഞ്ഞുജീവന്റെ സകലാവകാശങ്ങളും നിഷേധിച്ച് അതിനെ സ്വന്തം മാനസിക വൈകൃതങ്ങള്ക്കനുസരിച്ച് ക്രൂരമായി പീഡിപ്പിക്കാനുള്ള അവകാശമാണ് പിതൃത്വമെന്ന് ധരിച്ച് കഴിയുന്ന ചില രക്ഷിതാക്കള്‍ നമുക്കിടയിലുണ്ട്. നിയമവും ശിക്ഷയും സംബന്ധിച്ച സാമാന്യബോധം പോയിട്ട് മനുഷ്യനാകാനുള്ള അടിസ്ഥാനയോഗ്യത പോലുമില്ലാത്ത ഇവരും പക്ഷേ ഒരു പോറല്‍ പോലുമേല്‍ക്കാതെ സമൂഹത്തില്‍ സുരക്ഷിതരാണ്.
പീഡനത്തിന്റെയും മനസാക്ഷിയില്ലായ്മയുടെയും പുതിയ ദൃഷ്ടാന്തങ്ങളായി വാര്‍ത്തകള്‍ ദിനംപ്രതി വരുന്നുണ്ട്. എങ്കിലും ഈയാഴ്ച്ച ഏറെ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്ത വാര്‍ത്തകള്‍ മലപ്പുറത്തെ അറബിക്കല്യാണവും കൊല്ലത്തെ നാലുവയസുകാരിക്ക് അച്ഛന് നല്കിയ പീഡനങ്ങളും മുംബൈയിലെ കൂട്ടമാനഭംഗവുമായിരുന്നു. മനുഷ്യാവകാശ സംഘടനകളും രാഷ്ട്രീയസാമൂഹിക സാംസ്ക്കാരിക പ്രസ്ഥാനങ്ങളും കൂണുപോലെ മുളയ്ക്കുന്ന നാട്ടില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ ഈ സംഘടനകളുടെ ആവശ്യകതയും ഉത്തരവാദിത്തവുമാണ് ചോദ്യം ചെയ്യപ്പെടുന്നത്.
കേരളം നൊമ്പരത്തോടെ ഓര്‍മ്മിക്കുന്ന അതിഥി എന്ന ഒന്നാംക്ലാസുകാരിയെക്കൂടി ഇവിടെ പരാമര്‍ശിക്കണം. അതിഥി സ്വന്തം വീട്ടില്‍ പീഡിപ്പിക്കപ്പെടുന്നു എന്ന പരാതിയെത്തുടര്‍ന്ന് ചെയില്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ രണ്ട് തവണ അവളുടെ വീട് സന്ദര്‍ശിച്ചതാണ്. എന്നാല്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ ഇവര്ക്കായില്ലത്രെ. അച്ഛന്റെയും രണ്ടാനമ്മയുടെയും ഭീഷണിയില്‍ പേടിച്ചുവിറച്ച ആ കുഞ്ഞ് ശരീരത്തില്‍ മുറിവുകളുമായി സ്ഥിരമായി സ്കൂളിലെത്തിയിട്ടും ആര്‍ക്കും സംശയം തോന്നിയില്ല. എന്തുപറ്റി എന്ന് ചോദിക്കുന്നവര്‍ക്ക് മുന്നില്‍ സത്യം തുറന്നു പറയാന്‍ മടിക്കുകയല്ല പേടിക്കുകയായിരുന്നു അവള്. ഒടുവില്‍ ഒരു പ്രായശ്ചിത്തത്തിനും മാപ്പു പറയാനോ തിരികെ കൊണ്ടുവരാനോ കഴിയാത്ത ലോകത്തിലേക്ക് ആരോടും പരാതി പറയാതെ അതിഥി മടങ്ങിപ്പോയി.
അതിഥിയുടെ അതേ അവസ്ഥ തന്നെയായിരുന്നു ഇടുക്കയില്നിന്നുള്ള കുഞ്ഞു ഷെഫീക്കിനും. ആയുസ്സിന്റെ ബലം കൊണ്ട് അവന്റെ ദുരിതം നാടറിഞ്ഞു. ഇതിനിടയിലാണ് കൊല്ലത്ത് നിന്ന് അച്ഛന്റെ പീഡാനുഭവങ്ങളുടെ നടുക്കുന്ന കാഴ്ച്ചകളുമായി മറ്റൊരു കുഞ്ഞ്. സ്വന്തം കുഞ്ഞ് കണ്മുന്നില് അതിക്രൂരമായി പീഡിപ്പിക്കപ്പെടുമ്പോള്‍ ഭര്‍ത്താവിന്റെ പേടിച്ചിട്ടാണെങ്കിലും പെറ്റമ്മ നിശബ്ദയാകുന്നതിനെ ന്യായീകരിക്കാനാകില്ല. മൂത്തകുട്ടി ആക്രമിച്ചതാണെന്ന് കളവു പറഞ്ഞാണ് അമ്മ കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. എന്തുകൊണ്ട് സ്വന്തം രക്തത്തെ അതിക്രൂരമായി പീഡിപ്പിക്കുന്ന ഭര്‍ത്താവിനെതിരെ പരാതി നല്കാന് അമ്മമാര്‍ തയ്യാറാകുന്നില്ല. ഈ മനോഭാവമാണ് കുറ്റവാളികളെ വളര്‍ത്തുന്നതും. കുഞ്ഞിനെ അച്ഛന് മുമ്പും പലതവണ ഉപദ്രവിക്കാറുണ്ടെന്ന് ബന്ധുക്കള്‍ തന്നെ പറയുന്നു.
ചുരുക്കത്തില്‍ പോലീസിന്റെയും മറ്റ് ഉത്തരവാദിത്തപ്പെട്ടവരുടെയും മുന്നില്‍ നടുവളച്ച് തൊഴുകയ്യോടെ നില്ക്കുന്ന അധികാര കേന്ദ്രങ്ങളില്‍ യാതൊരു സ്വാധീനവുമില്ലാത്ത സാധാരണക്കാരനായ കുറ്റവാളിപോലും സുരക്ഷിതനാകുന്ന സാമൂഹ്യവ്യവസ്ഥയിലേക്ക് കേരളം മാറിക്കഴിഞ്ഞു. അയല്‍വീടുകളിലേക്ക് ഒരു കണ്ണും കാതും നല്കി കഴിയുന്നവരാണ് മലയാളിയെന്ന് ഒരാക്ഷേപം നമ്മെക്കുറിച്ചുണ്ട്. എന്നിട്ടും തൊട്ടപ്പുറത്തെ വീട്ടില്‍ നടക്കുന്ന ഇത്തരം ക്രൂരതകള്‍ കാണാന്‍ ഈ കണ്ണിനും കാതിനും കഴിയാത്തതെന്താണ്.
ഒരു പോലീസ് സ്റ്റേഷനിലും പോകേണ്ട, ആരോടും നേര്‍ക്കുനേരെ നിന്ന് കൊമ്പുകോര്‍ക്കേണ്ട, ഊണിലും ഉറക്കത്തിലും താലോലിച്ച് കൊണ്ടുനടക്കുന്ന മൊബെയില്‍ ഫോണ്‍ എന്നൊരു യന്ത്രം കൈവശമുണ്ടല്ലോ. അതില്‍ അടുത്ത വീട്ടില്‍ നടക്കുന്ന ക്രൂരതകളെക്കുറിച്ച് ഉത്തരവാദിത്തപ്പെട്ട ആര്‍ക്കെങ്കിലും ഒരു സൂചന നല്കാന് അയല്‍ക്കാര്‍ മടിക്കുകയാണ്.
കോഴിക്കോട് നടന്ന അറബിക്കല്യാണം ലോകമറിഞ്ഞത് പെണ്‍കുട്ടിയുടെയും അവളുടെ അമ്മയുടെയും ധീരമായ നിലപാട് ഒന്നുകൊണ്ടുമാത്രമാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് അറബിക്കല്യാണത്തിന് ഇരയായ മറ്റൊരു സ്ത്രീയാണ് തന്റെ മകന്റെ ക്രൂരതക്ക് കൂട്ടുനിന്നത് എന്നത് മറ്റൊരു വിരോധാഭാസം. ഇഷ്ടമില്ലാതെ മറ്റുളളവരുടെ നിര്‍ബന്ധത്തിന് വഴങ്ങി വിവാഹിതരായി നരകതുല്യമായ ജീവിതം തുടരുന്ന എത്രയോ പെണ്‍കുട്ടികള്‍ നമ്മുടെ കണ്മുന്നിലുണ്ട്. സമൂഹത്തെയോ ഭാവിയേയോ ഓര്‍ത്ത് നിശബ്ദസഹനം നടത്തുന്ന ഇവര്‍ക്ക് കോഴിക്കോട്ടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്കുന്ന സന്ദേശം വലുതാണ്. അതുപോലെ മഹത്തായ മറ്റൊരു സന്ദേശമാണ് മുംബൈയില്‍ കൂട്ടമാനഭംഗത്തിന് ഇരയായ മാധ്യമപ്രവര്‍ത്തകയും നല്‍കിയത്. പീഡിപ്പിക്കപ്പെട്ട ദൃശ്യങ്ങള്‍ അക്രമികളുടെ കയ്യിലുണ്ടെന്നറിഞ്ഞിട്ടും അവരത് പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും ഒരു നിമിഷം പോലും പാഴാക്കാതെ ആ പെണ്‍കുട്ടി കാര്യങ്ങള്‍ അധികൃതരെ അറിയിച്ചു. പെണ്ണല്ലേ മാനം പോകില്ലേ എന്ന സാധാരണ വികാരത്തിന് അടിമയായി അവള് നിശബ്ദയായിരുന്നെങ്കില്‍ ആ ഒറ്റപ്പെട്ട മില്ലിന്റെ പരിസരത്ത് ഇനിയും എത്ര സ്ത്രീകളുടെ അലറിക്കരച്ചില്‍ ആരും കേള്‍ക്കാതെ മുഴങ്ങുമായിരുന്നു. ബലാത്സംഗം ജീവിതത്തിന്റെ അവസാനമല്ലെന്ന വലിയ സന്ദേശം ലോകത്തിന് നല്‍കിയാണ് അവള് ആശുപത്രി വിട്ടത്. ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട ഭരണകൂടം നിഷ്ക്രിയരും നിശബ്ദരുമാകുമ്പോള് സംഭവിച്ചതെല്ലാം നല്ലതിനെന്ന വേദാന്തം വിഴുങ്ങി ആയുഷ്ക്കാലം മുഴുവന്‍ നിശബ്ദരാകാതെ സംഭവിക്കാനിരിക്കുന്നത് നല്ലതാകാന്‍ നിയമപോരാട്ടം നടത്തുന്ന അറബിക്കല്യാണത്തിന്റെയും ഇരയും മുംബൈയിലെ മാധ്യമപ്രവര്‍ത്തകയുമാണ് യഥാര്‍ത്ഥ മാതൃകകള്‍. രാജ്യത്തെ കോടിക്കണക്കിന് പെണ്‍കുട്ടികള്‍ ഇവരെ കണ്ടാണ് പഠിക്കേണ്ടത്.
രതി എ. കുറുപ്പ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: