മക്കളെ വളര്‍ത്താനുള്ള ജീവിത സാഹചര്യമില്ലാത്തവര്‍ പ്രസവിച്ചു കൂട്ടരുതെന്ന വിവാദ പ്രസ്താവന നടത്തി നടി പ്രവീണയാണ് ഈയാഴ്ച്ച വാര്‍ത്തയില്‍ നിറഞ്ഞത്. നല്ല വസ്ത്രവും പോഷകാഹാരവും ജീവിതസാഹചര്യങ്ങളും ഇല്ലാത്തവര്‍ എന്തിനാണ് കുഞ്ഞുങ്ങളെ പ്രസവിച്ചു കൂട്ടുന്നതെന്നും ഇങ്ങനെ ജനിക്കുന്ന കുട്ടികളാണ് നാളെ ബലാത്സംഗ വീരന്മാരും അക്രമികളും ഗുണ്ടകളുമൊക്കെയായി മാറുന്നതെന്നുമായിരുന്നു പ്രവീണയുടെ അഭിപ്രായം. കേരളത്തിലെ ജനങ്ങള്‍ വിദ്യാസമ്പന്നരായതുകൊണ്ടാണ് ഇവിടെ ജനസംഖ്യ കുറയുന്നതെന്നും പ്രവീണ ചൂണ്ടിക്കാണിക്കുന്നു. പ്രവീണയുടെ അഭിപ്രായത്തെ പിന്തുണച്ചും ശക്തമായി എതിര്‍ത്തും സോഷ്യല്‍ മീഡിയകളിലും അഭിപ്രായമുയര്‍ന്നു. വിദ്യാഭ്യാസവും നല്ല ഭക്ഷണവും ലഭിക്കാതെ തെരുവില്‍ വളരുന്ന കുട്ടികള്‍ക്ക് അമ്മപെങ്ങന്മാരെയോ സൗഹൃദങ്ങളോ തിരിച്ചറിയാന്‍ പോലും കഴിയാതെ പോകുകയാണെന്നും പ്രവീണ പറഞ്ഞിരുന്നു. നല്ല ഭക്ഷണവും വിദ്യാഭ്യാസവും ലഭിക്കുന്ന അമേരിക്ക പോലുള്ള സമ്പന്ന രാഷ്ട്രങ്ങളില്‍ ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു സോഷ്യല്‍ മീഡിയകളില്‍ പ്രവീണക്കെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നത്. എന്നാല്‍ പ്രവീണ ചൂണ്ടിക്കാട്ടിയ വിഷയത്തിന്റെ പ്രസക്തി തള്ളിക്കളയാനാകില്ലെന്നും അവര്‍ പറഞ്ഞതില്‍ കാര്യമുണ്ടെന്നും ഒരു വിഭാഗം വാദിക്കുന്നുണ്ട്. തന്റെ പ്രസ്താവന വിവാദമായതിനെത്തുടര്‍ന്നും പറഞ്ഞ കാര്യങ്ങളില്‍ താന്‍ ഉറച്ചുനില്‍ക്കുകയാണെന്ന നിലപാടാണ് പ്രവീണ സ്വീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: