തിരുവനന്തപുരം: കോഴി സമരത്തില്‍ ഒത്തുകളിയെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്. കോഴിയുടെ തറവില കൂട്ടിയത് തമിഴ്നാട് ലോബിയെ സഹായിക്കാനാണ്. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നും ഇ.പി ജയരാജന് ആവശ്യപ്പെട്ടു. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും കോഴിയിറച്ചിക്ക് നികുതിയില്ല. കേരളത്തില്‍ പതിനാലര ശതമാനമാണ് നികുതി. ഈ നികുതി കുറക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ഇപ്പോഴത്തെ സമരമെന്നും അദ്ദേഹം പറഞ്ഞു.
സമരം ശക്തമാക്കി സംസ്ഥാനത്തെ കോഴി ഉത്പാദനം കുറച്ച് തമിഴ്നാട്ടില്‍ നിന്ന് വന്‍തോതില്‍ സംസ്ഥാനത്തേക്ക് കോഴി കടത്താനും ഇവര്‍ ലക്ഷ്യമിടുന്നതായി ഇ.പി ജയരാജന് പറഞ്ഞു. പൗള്‍ട്രി ഫാര്‍മേഴ്സ് ആന്റ് ട്രേഡേഴ്സ് അസോസിയേഷന് രക്ഷാധികാരി കൂടിയാണ് ഇപി ജയരാജന്. ഇറച്ചിക്കോഴിയുടെ തറവില സര്‍ക്കാര്‍ 70ല്‍ നിന്ന് 90 ആയി ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് പൗള്‍ട്രിഫാം ഉടമകള്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. വാണിജ്യ നികുതി വകുപ്പിന്റെ നിര്‍ദേശപ്രകാരമായിരുന്നു വിലവര്‍ധന.
അതേസമയം സമരത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്നും കോഴിക്കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നും കേരള സംസ്ഥാന കോഴി കര്‍ഷക അസോസിയേഷന് അറിയിച്ചു. സര്‍ക്കാരിന്റെ ഉന്നതങ്ങളിലുള്ള ചിലരുടെ ഒത്താശയോടെയാണ് സമരമെന്നും ആരോപണമുണ്ട്. തറവില വര്‍ധിപ്പിച്ചത് ഉള്‍പ്പെടെയുള്ള നടപടികള്‍ ഇതിന്റെ ഭാഗമാണ്. സമരം നീണ്ടുപോയാല്‍ നികുതി കുറച്ച് സമവായത്തില്‍ എത്താന്‍ സര്‍ക്കാര്‍ തയ്യാറാകുമെന്ന മുന്‍കൂര്‍ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം ആരംഭിച്ചതെന്നാണ് ആരോപണം.
120 രൂപ മുതലാണ് സംസ്ഥാനത്ത് ഇപ്പോള്‍ ഒരു കിലോ ചിക്കന്റെ വില. വില വര്‍ധന ഹോട്ടല്‍ വ്യവസായത്തേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: