ന്യൂദല്‍ഹി: സംസ്ഥാനത്തെ ദേശീയപാതകളുടെ അറ്റകുറ്റപ്പണികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ച ഉന്നതതല യോഗത്തില്‍ തീരുമാനമായി. വയനാട് ദേശീയപാതയില്‍ രാത്രിയാത്ര നിരോധന കേസില്‍ കേന്ദ്രസര്‍ക്കാര്‍ കക്ഷി ചേരും. റോഡുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായ ശേഷമേ പാലിയേക്കര ടോള്‍ നിരക്ക് വര്ദ്ധിപ്പിക്കാവൂവെന്ന് യോഗം തീരുമാനിച്ചു.
സംസ്ഥാനത്തെ ദേശീയ പാതകളുടെ ശോച്യാവസ്ഥയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ഉപരിതല ഗതാഗത വകുപ്പ് മന്ത്രി ഓസ്കാര്‍ ഫെര്‍ണാണ്ടസാണ് യോഗം വിളിച്ചത്. മഴമൂലം തകര്‍ന്ന റോഡുകളുടെ പുനര്‍ നിര്‍മാണത്തിന് 131കോടി രൂപ നല്‍കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് ആവശ്യപ്പെട്ടു. ദേശീയ പാത പലതും തകര്‍ന്ന് കിടക്കുകയാണ്. പാലക്കാട്-തൃശൂര്‍ ദേശീയപാതയിലെ മണ്ണുത്തി-വാളയാര്‍ ഭാഗം അടിയന്തിരമായി അറ്റകുറ്റപ്പണി നടത്താന്‍ യോഗം തീരുമാനിച്ചിട്ടുണ്ട്.
പാലിയേക്കര ടോള്‍ നിരക്ക് അടുത്തമാസം മുതല്‍ വര്‍ധിപ്പിക്കാനുള്ള തീരുമാനം യോഗം മരവിപ്പിച്ചു. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായ ശേഷമേ ടോള്‍ നിരക്കുകള്‍ വര്ധിപ്പിക്കാവൂവെന്ന് ഓസ്ക്കാര്‍ ഫെര്‍ണാണ്ടസ് നിര്‍ദേശിച്ചു. കേന്ദ്ര മന്ത്രിമാരായ കെ.വി. തോമസ്, ഇ.അഹമ്മദ്, ശശി തരൂര്‍, കെ.സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: