കോഴിക്കോട് : വിവാദങ്ങള്‍ക്കൊടുവില്‍ മലപ്പുറം പാസ്പോര്‍ട്ട് ഓഫീസറെ നീക്കി. മേഖലാ പാസ്പോര്‍ട്ട് ഓഫീസര്‍ തസ്തികയില്‍ കെ അബ്ദുള്‍ റഷീദിന്റെ കാലാവധി അവസാനിക്കുന്നുവെന്ന് കാണിച്ച് വിദേശകാര്യ മന്ത്രാലയമാണ് ഉത്തരവിറക്കിയത്. പുതിയ പാസ്പോര്‍ട്ട് ഓഫീസര്‍ കെ വിജയകുമാര്‍ ഉടന്‍ ചുമതലയേല്‍ക്കും.
സിബിഐ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനാണ് അബ്ദുള്‍ റഷീദ്. ഈ സാഹചര്യത്തില്‍ അബ്ദുള്‍ റഷീദ് ഈ പദവിയില്‍ തുടരുന്നതിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. ഓഗസ്റ്റ് നാലിന് പാസ്പോര്‍ട്ട് ഓഫീസര്‍ അബ്ദുല്‍ റഷീദിന്റെ നിയമനകാലാവധിയായ രണ്ട് വര്‍ഷം പൂര്‍ത്തിയായിരുന്നു. എന്നാല്‍ അബ്ദുള്‍ റഷീദിന് തല്‍സ്ഥാനത്തുതന്നെ തുടരുകയായിരുന്നു. കാലാവധി അവസാനിച്ച സ്ഥിതിക്ക് ഇദ്ദേഹത്തെ കേന്ദ്രസര്‍വീസില്‍ നിന്ന് വിടുതല്‍ ചെയ്യേണ്ടതായിരുന്നു. കാലാവധി നീട്ടി നല്കി ഔദ്യോഗിക ഉത്തരവും പുറപ്പെടുവിച്ചിരുന്നില്ല. അധികൃതരുടെ മൗനാനുവാദത്തോടെയാണ് പദവിയില്‍ തുടരുന്നതെന്നും ആരോപണം ഉയര്‍ന്നിരുന്നു.
കുഞ്ഞാലിക്കുട്ടിയുടെ ഗണ്‍മാനായിരുന്ന അബ്ദുള്‍ റഷീദ് പാസ്പോര്‍ട്ട് ഓഫീസറായി നിയമിതനായത് മുതല്‍ മനുഷ്യക്കടത്ത് വര്‍ധിച്ചതായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് കഴിഞ്ഞ മാസം ഒടുവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു. അബ്ദുള്‍ റഷീദിനെ പാസ്പോര്‍ട്ട് ഓഫീസറായി നിയമിച്ചതിന് പിന്നില്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും കേന്ദ്രമന്ത്രി ഇ അഹമ്മദുമാണെന്നും വിഎസ് ആരോപിച്ചിരുന്നു.
മലപ്പുറത്ത് തിരുത്തിയ പാസ്പോര്ട്ടുകള് തിരികെ നല്‍കിയതടക്കമുള്ള പരാതികള്‍ വന്നതിനെത്തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ 17ന് കൊച്ചിയില്‍ നിന്നെത്തിയ സി.ബി.ഐ.സംഘം പരിശോധന നടത്തിയിരുന്നു. ഇതിന്റെ വെളിച്ചത്തില്‍ അബ്ദുള്‍ റഷീദിനെതിരെ അഴിമതി ആരോപണക്കുറ്റം ചുമത്തി കേസ്സുമെടുത്തു. ഓഫീസര്‍ക്കെതിരെയുള്ള അന്വേഷണം അട്ടിമറിക്കുവാന്‍ ദല്‍ഹിയില്‍ ഇടപെടലുകള്‍ നടക്കുന്നതായും വിമര്‍ശമുയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: