ന്യൂദല്‍ഹി: ഭീകരസംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീന്റെ സ്ഥാപക നേതാവും കൊടുംഭീകരനുമായ യാസിന് ഭട്കല്(30) നേപ്പാള്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ പിടിയിലായി. ബുധനാഴ്ച രാത്രിയോടെയാണ് ഗോരഖ്പൂരിനു സമീപം സനൗലി അതിര്‍ത്തിയില്‍ ഇയാള്‍ പിടിയിലായത്. ഹദ്ദി എന്നു വിളിക്കുന്ന അസദുള്ള അക്തര്‍ എന്ന ഭീകരനും യാസിനൊപ്പം പിടിയിലായിട്ടുണ്ട്.
എന്‍ഐഎ,റോ,ഐ.ബി എന്നീ ദേശീയ ഏജന്‍സികളും ബീഹാര്‍-ദല്‍ഹി പോലീസും യാസിന് ഭട്കലിനെ ചോദ്യം ചെയ്തുവരികയാണ്. നേപ്പാള്‍ അതിര്‍ത്തിയില്‍ വെച്ച് പിടിയിലായ യാസിനെ ഏജന്‍സികള്‍ വിശദമായ ചോദ്യംചെയ്യലിനു വിധേയമാക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ ഇന്നലെ രാവിലെ ദല്‍ഹിയില്‍ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. ബീഹാര്‍ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങിയ യാസിനെ ദല്‍ഹിയിലേക്ക് കൊണ്ടുവരും.
ഈ മാസം 16ന് നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നുതന്നെ പിടിയിലായ ലഷ്കറെ തോയ്ബയുടെ ബോംബ് നിര്‍മ്മാണ വിദഗ്ധന്‍ അബ്ദുള്‍ കരീം തുണ്ടയെ ചോദ്യം ചെയ്തതില്‍ നിന്നും യാസിനുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിരുന്നതായി സൂചനയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റുണ്ടായതെന്നാണ് വിവരം.
വളരെക്കുറച്ച് ഉദ്യോഗസ്ഥര്‍ മാത്രം അറിഞ്ഞു നടത്തിയ ഓപ്പറേഷനിലാണ് യാസിന് പിടിയിലായതെന്നും അന്തര്‍ദ്ദേശീയ ഏജന്‍സികളോട് യാസിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്ക് കൂടിയാലോചനകള്‍ നടത്തേണ്ടിവന്നതായും അറിയുന്നു. അന്വേഷണ ഏജന്‍സികളുടെ വലിയ വിജയമാണ് യാസിന്റെ അറസ്റ്റ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കരമേനോന്‍ പ്രധാനമന്ത്രിക്ക് അറസ്റ്റുവിവരം കൈമാറി.
കര്‍ണ്ണാടകത്തിലെ തീരദേശ ഗ്രാമമായ ഭട്കല് സ്വദേശിയായ യാസിന് ഭട്കല് എന്ന അഹമ്മദ് സിദ്ദിബാപ്പയുടെ അറസ്റ്റോടെ ഇന്ത്യന്‍ മുജാഹിദ്ദീന്റെ രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയൊരു നിയന്ത്രണം കൊണ്ടുവരാനാവുമെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ പ്രതീക്ഷ. യാസിനെ പിടികൂടുന്നവര്‍ക്ക് പത്തു ലക്ഷം രൂപ എന്‍ഐഎ പ്രഖ്യാപിച്ചിരുന്നു. അബ്ദുള്‍ നാസര്‍ മദനി പ്രതിയായ ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയം സ്ഫോടനക്കേസിലും യാസിന് പ്രതിയാണ്.
ലഷ്കറെ തോയ്ബയുമായി ചേര്‍ന്ന് ഇന്ത്യന്‍ മുജാഹിദ്ദീനെ രാജ്യത്ത് വളര്‍ത്തിയെടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചയാളാണ് യാസിന് ഭട്കല്. റിയാസ് ഭട്കല് പിടിയിലായെങ്കിലും യാസിനെപ്പറ്റി യാതൊരു വിവരവും ലഭ്യമല്ലായിരുന്നു.
2008ല്‍ കല്‍ക്കത്തയില്‍ പോലീസ് പിടിയിലായെങ്കിലും കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട യാസിന് 2010ല്‍ ദല്‍ഹിയിലെ ഷഹീന്‍ബാദില്‍ അനധികൃത ആയുധവില്‍പ്പന നടത്തുന്ന ഒരാളുടെ മകളെ വിവാഹം കഴിച്ചു ജീവിച്ചതായും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. നിരവധി തവണ അന്വേഷണ ഏജന്‍സികളുടെ വലപൊട്ടിച്ച് രക്ഷപ്പെട്ട യാസിനുവേണ്ടി വര്‍ഷങ്ങളായി ഇന്ത്യന്‍ ഏജന്‍സികള്‍ തെരച്ചിലിലായിരുന്നു.
സ്ഫോടനകേസുകള്‍ ഉള്‍പ്പെടെ യാസിനില്‍ നിന്നും നിരവധി വിവരങ്ങള്‍ ലഭിക്കാനുണ്ട്. ദല്‍ഹിയിലെ ബട്ല ഹൗസ് വെടിവെയ്പ്പിനു ശേഷം ഇന്ത്യന്‍ ഏജന്‍സികള്‍ക്കു ലഭിക്കുന്ന ഏറ്റവും മികച്ച നേട്ടമാണ് യാസിന്റെ അറസ്റ്റ്. ഇന്ത്യന്‍ മുജാഹിദ്ദീന്റെ പ്രവര്‍ത്തനങ്ങളെ വലിയൊരളവില്‍ നിയന്ത്രിക്കാനും നിരവധി സ്ഫോടന പരമ്പരകള്‍ തടയാനും ഇതോടെ സാധിക്കുമെന്നാണ് അന്വേഷണ ഏജന്‍സികളുടെ പ്രതീക്ഷ.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: