ന്യൂദല്‍ഹി: പതിനേഴു വര്‍ഷത്തിനു ശേഷം സുപ്രീം കോടതി ഒരു കേസില്‍ രണ്ടര മണിക്കൂര്‍ നീണ്ട രഹസ്യ വിചാരണ നടത്തി. ടു ജി സ്പെക്ട്രം അഴിമതിക്കേസില്‍ പ്രധാന തെളിവായ നീരാ റാഡിയയുടെ സംഭാഷണ ടേപ്പു സംബന്ധിച്ച തെളിവെടുപ്പു വേളയായിരുന്നു അവസരം. ഈ കേസില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടും അന്വേഷണ ഏജന്‍സികളുടെ കയ്യിലുള്ള വിവരങ്ങളും പരിശോധിക്കുന്നതിനായിരുന്നു ഈ രഹസ്യ വിചാരണ.
അതീവ രഹസ്യമുള്ള രേഖകളുടെ പരിശോധനയാണ് ഇന്നലെ കോടതിയില്‍ നടന്നത്. ടു ജി സ്പെക്ട്രം ലേലം സംബന്ധിച്ച ഇപാടില്‍ അഴിമതി നടക്കുകയും അതില്‍ നീരാ റാഡിയ എന്ന കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് ഒത്താശചെയ്യുന്ന സ്ത്രീ വന്‍കിടക്കാരില്‍ സ്വാധീനം ചെലുത്തിയെന്നും ആരോപണം ഉയര്‍ന്നിരുന്നു.
ഈ വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം, സിബിഐ, ഇങ്കം ടാക്സ് എന്നിവയുടെ പ്രതിനിധികള്‍ രണ്ട് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍മാര്‍ എന്നിവരെ മാത്രം ഉള്‍പ്പെടുത്തിയാണ് ഇന്നലെ ജസ്റ്റീസ് ജി.എസ്.സിംഗ്വി, വി. ഗോപാല ഗൗഡ എന്നിവര്‍ രഹസ്യ കോടതി നടപടികള്‍ നടത്തിയത്. ഇതിനു മുമ്പ് കേസില്‍ ഹാജരാകുന്ന അഡ്വക്കേറ്റുമാരെയും മാധ്യമപ്രവര്‍ത്തകരേയും ഉള്‍പ്പെടെയുള്ളവരെ കോടതി മുറിയില്‍നിന്നും ഒഴിവാക്കിയിരുന്നു.
അതീവ രഹസ്യ സ്വഭാവമുള്ള കേസ് വിചാരണ വേളയില്‍ ഇങ്ങനെ നടപടികള്‍ കോടതിയില്‍ ഉണ്ടാകാറുണ്ട്. 1996-ല്‍ ജയിന് ഹവാലാ കേസിലാണ് അവസാനം ഇതുണ്ടായത്. നീരാ റാഡിയ ടേപ്പില്‍ മുന്‍ ജഡ്ജുമാരും വന്‍കിട ബിസിനസ് സ്ഥാപനങ്ങളുടെ മേധാവികളും രാഷ്ട്രീയക്കാരുമുള്പ്പെടെയുള്ളവരെ സംബന്ധിച്ച അഴിമതി വിവരങ്ങള്‍ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: