തിരുവനന്തപുരം: മലയാള ഭാഷയെ തകര്‍ക്കാന്‍ സംസ്ഥാനത്ത് കോര്‍പ്പറേറ്റ് മാനേജ്മെന്റ് ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഒ.എന്‍.വി.കുറുപ്പ്. മലയാളം സര്‍വ്വകലാശാലയുടെ അഭിമുഖ്യത്തില്‍ തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ സംഘടിപ്പിച്ച എ.ആര്. രാജരാജവര്‍മ്മയുടെ 150 ജന്മവാര്ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയാളം അറിയാത്ത ഒരു സമൂഹത്തെ സൃഷ്ടിക്കാനാണ് ചില ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ ശ്രമിക്കുന്നത്.
കേരളത്തിന്റെ സംസ്കാരത്തെ പോലും ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത യുവതല മുറകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇംഗ്ലീഷ് പഠിക്കേണ്ടത് അത്യാവശ്യമാണെങ്കിലും മലയാളത്തെ അവഗണിക്കുന്നത് നിലവാരമില്ലാത്ത യുവതലമുറകള്‍ സൃഷ്ടിക്കപ്പെടാന്‍ കാരണമാകുമെന്നും ഒ.എന്‍.വി അഭിപ്രായപ്പെട്ടു.
മലയാളം സര്‍വ്വകലാശാലയില്‍ എ.ആര് രാജരാജവര്‍മ്മയുടെ ചെയര്‍ സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എ.ആര് രാജരാജ വര്‍മ്മയുടെ ചെയര്‍ സ്ഥാപിക്കുന്നത് അലങ്കാരമല്ല ആവശ്യമാണ്. ഒരു കാലത്ത് അഭിമന്യു നടത്തിയ യുദ്ധപോലെ മലയാളത്തിന് വേണ്ടി ഒറ്റയാള്‍ പോരാട്ടം നടത്തിയ മാഹാത്മാവാണ് എ.ആര്. രാജരാജവര്മ്മയെന്നും ഒ.എന്‍.വി കുറുപ്പ് കൂട്ടിചേര്‍ത്തു.
ഡോ. പുതുശ്ശേരി രാമചന്ദ്രന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ കെ.ജയകുമാര്‍, പ്രൊഫ. പന്മന രാമചന്ദ്രന് നായര്‍ എന്നിവര്‍ സംസാരിച്ചു. മലയാളം സര്‍വ്വകലാശാലയുടെ അഭിമുഖ്യത്തില്‍ മലയാളഭാഷയുടെ വര്‍ത്തമാനവും ഭാവിയും എന്ന വിഷയത്തില്‍ നടത്തിയ പ്രബന്ധമത്സരത്തിലെ വിജയികളായ എം.എം. ശ്രീയിത, പി.എ. ഷിഫാന. എയ്ഞ്ചല്‍.എം.ജോസ് എന്നിവര്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: