കൊച്ചി: രാജ്യത്തെ നാവികസേനയ്ക്ക് അഭിമാനമായി ദക്ഷിണനാവികസേനാ ആസ്ഥാനത്ത് രണ്ട് അത്യാധുനികസിമുലേറ്ററുകള് പ്രവര്ത്ത നം തുടങ്ങി. അപകടകരമായ സാഹചര്യങ്ങളില്‍ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും പറത്തുന്ന വൈമാനികര്‍ക്ക് സമാനസാഹചര്യങ്ങള്‍ കൃത്രിമമായി സൃഷ്ടിച്ച് പരിശീലനം നല്കുന്ന ഫ്ലൈറ്റ് ആന്റ് ടാക്ടിക്കല്‍ സിമുലേറ്ററും വാട്ടര്‍ സര്‍വൈവല്‍ ട്രെയിനിംഗ് ഫെസിലിറ്റിയുമാണ് ഇന്നലെ ഐഎന്‍എസ് ഗരുഡയില്‍ പ്രവര്‍ത്തനക്ഷമമായത്. ലോകോത്തര നിലവാരത്തിലുള്ള രണ്ടുസിമുലേറ്ററുകളുടെയും ഉദ്ഘാടനം ദക്ഷിണനാവികകമാണ്ട് മേധാവി വൈസ് അഡ്മിറല്‍ സതീഷ്സോണിനിര്വഹിച്ചു.
അലറിമറിയുന്ന കടലും ഇടിയും മിന്നലും കാറ്റും മഴയും രാത്രിയും പകലും ശബ്ദവുമെല്ലാം കൃത്രിമമായി സൃഷ്ടിച്ച് വൈമാനികര്‍ക്ക് വിദഗ്ധ പരിശീലനം നല്കുന്ന സംവിധാനമാണ് വാട്ടര്‍ സര്‍വൈവല്‍ ട്രെയിനിംഗ് ഫെസിലിറ്റിയിലെ സര്‍വൈവല്‍ ട്രെയിനിങ് സിമുലേഷന്‍ തിയേറ്റര്‍. അത്യാധുനികമായ ഈസംവിധാനം സ്വന്തമാക്കുന്ന ലോകത്തെ മൂന്നാമത് രാജ്യമാണ് ഇന്ത്യയെന്ന് വൈസ് അഡ്മിറല്‍ സതീഷ് സോണി പറഞ്ഞു. കടലില്‍വീണ് മുങ്ങിക്കൊണ്ടിരിക്കുന്ന വിമാനത്തിലെയോ ഹെലികോപ്റ്ററിലെയോ യാത്രാസംഘത്തെ രക്ഷിക്കുവാന്‍ പരിശീലനം നല്‍കുകയാണ് ഈ സിമുലേറ്റര്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. സീകിങ്, കാമോവ്, അത്യാധുനിക ലഘു ഹെലികോപ്റ്ററുകള്‍, ചേതക്, ഡോര്‍ണിയര്‍ തുടങ്ങിയവയില്‍നിന്നുള്ള രക്ഷാദൗത്യങ്ങള്‍ ഇതില്‍ പരിശീലിക്കാന്‍ കഴിയും.
സീഹാരിയര്‍, മിഗ് 29 വിമാനങ്ങളിലെ ഫൈറ്റര്‍ പെയിലറ്റുമാരെ പരിശീലിപ്പിക്കാന്‍ കഴിയുന്ന കോക്പിറ്റ് അണ്ടര്‍വാട്ടര്‍ എസ്കേപ്പ് ട്രെയിനര്‍ സര്‍വൈവല്‍ ട്രെയിനിംഗ് സിമുലേഷന്‍ തിയേറ്ററിന്റെ പ്രത്യേകതയാണ്. 20.2 കോടിരൂപ ചെലവില്‍ കാനഡയിലെ സര്‍വൈവല്‍ സിസ്റ്റംസ് രൂപകല്‍പ്പനചെയ്ത പരിശീലനസംവിധാനം ലോകത്തെ മൂന്നാമത്തേതും ഏഷ്യയിലാദ്യത്തേതുമാണ്. വിവിധപാരിസ്ഥിതിക സാഹചര്യങ്ങളില്‍ പാരച്യൂട്ട് വഴി കടലില്‍ ഇറങ്ങാനുള്ള പ്രായോഗികപരിശീലന സംവിധാനവും ഇതിലുണ്ട്. പ്രതിവര്‍ഷം 1500 വൈമാനികരെ പരിശീലിപ്പിക്കാന്‍ കഴിയുന്ന വാട്ടര്സിമുലേറ്റര് പ്രതികൂല സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കേണ്ടിവരുന്ന നാവികര്‍ക്ക് ആത്മവിശ്വാസം നല്കാന് പര്യാപ്തമാണ്.
കമാണ്ടര്‍ വിംഗ്സ്റ്റണ്‍ മാത്യൂസ് ഓഫീസര്‍-ഇന്‍-ചാര്‍ജ് ആയി 2009 ജൂണില്‍ ഐഎന്‍എസ് ഗരുഡയില്‍ സ്ഥാപിച്ചതാണ് ഫ്ലൈറ്റ് ആന്റ് ടാക്റ്റിക്കല്‍ സിമുലേറ്റര്‍. ഇതിന്റെ ആധുനികവത്കരിച്ച പതിപ്പാണ് ഇന്നലെ ഉദ്ഘാടനം ചെയ്തത്. ഒരു സീകിങ് ഹെലികോപ്റ്ററില്സഞ്ചരിക്കുന്ന പെയിലറ്റിനുണ്ടാകുന്ന അനുഭവങ്ങള്‍ അതേപടി കൃത്രിമമായി സൃഷ്ടിക്കുന്ന സംവിധാനമാണ് ഈ സിമുലേറ്റര്‍. 12 വിദേശരാജ്യങ്ങളിലെ എഞ്ചിനീയര്‍മാരും ഇന്ത്യന്‍നേവി, മിലിട്ടറി എഞ്ചിനീയറിംഗ്സര്വീസ്, എച്ച്എഎല്‍ എന്നിവിടങ്ങളിലെ നൂറിലേറെ ഉദ്യോഗസ്ഥരും സീകിങ് സിമുലേറ്റര്‍ അപ്ഗ്രേഡിങ്ങ്പദ്ധതിയില് പങ്കാളികളായി. ലോകത്താകെ 900ത്തോളം ഫുള്ഫ്ലൈറ്റ് സിമുലേറ്ററുകളാണ് ഉള്ളത്. ഇപ്പോള്‍ ഐഎന്‍എസ് ഗരുഡയും ഈ ക്ലബില്‍ അംഗമായി. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ ജീവന് വെടിയേണ്ടിവന്ന സീകിങ്ങ് വൈമാനികര്‍ക്കായി സമര്‍പ്പിച്ചിരിക്കയാണ് ഫ്ലൈറ്റ് സിമുലേറ്റര്‍.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: