കായംകുളം: പോക്കറ്റടിക്കാരന് കാട്ടികൊടുത്ത നിരപരാധിയായ ബസ്യാത്രികനെ ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് പോലീസ് ക്രൂരമായി മര്‍ദ്ദിച്ചു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ കായംകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലാണ് സംഭവം. കരുനാഗപ്പള്ളി തഴവ അസലം മന്‍സിലി ല്‍ അനീഷി (33)നാണ് ക്രൂരമായി മര്‍ദ്ദനമേറ്റത്.
ആലപ്പുഴ ഭാഗത്തുനിന്നു വന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസില്‍ വച്ച് കൊട്ടുകാട് കുറമ്പോലില് വീട്ടില്‍ അഹമ്മദ് റഷീദിന്റെ പണം അടങ്ങിയ പേഴ്സ് ബസ് കരീലകുളങ്ങര കഴിഞ്ഞപ്പോള്‍ നഷ്ടപ്പെട്ടു. ഇതു സംബന്ധിച്ച് ഇയാള്‍ കണ്ടക്ടറോട് വിവരം പറയുകയും ബസ് കായംകുളത്ത് സ്റ്റാന്‍ഡിലെത്തിയപ്പോള്‍ യാത്രക്കാരെ ഒരോരുത്തരായി കെഎസ്ആര്‍ടിസി ജീവനക്കാര്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ കൊല്ലം ഓയൂര്‍ ഷെമീന മന്‍സിലില്‍ സാബു(43)വിനെ മോഷ്ടാവെന്ന് തിരച്ചറിയുകയും ചെയ്തു.
തുടര്‍ന്ന് പോലീസെത്തി കസ്റ്റഡിയില്‍ എടുക്കവെ ഇയാള്‍ താന്‍ മാത്രമല്ല മറ്റൊരാളും കൂടി ഉണ്ടെന്നു പറഞ്ഞ് ബസില്‍ യാത്രചെയ്തിരുന്ന അനീഷിനെ കാട്ടികൊടുക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് ജീപ്പ്പിന്റെ ഡ്രൈവര്‍ അനീഷിനെ ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനമേല്‍ക്കുന്ന സമയത്ത് ഇയാള്‍ താനും കുടുംബവും ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മകളുടെ ചികിത്സയ്ക്ക് പോയതാണെന്ന് പറഞ്ഞിട്ടും പോലീസ് മര്‍ദ്ദനം തുടര്‍ന്നു.
അനീഷിനെ മര്‍ദ്ദിക്കുന്നതുകണ്ട് ഇയാളുടെ ഭാര്യജലീലയും മക്കളായ അസ്ലം, ആഷിഖ് എന്നിവര്‍ കരഞ്ഞുകൊണ്ട് പോലീസിനോടും നാട്ടുകാരോടും തങ്ങള്‍ നിരപരാധിയാണെന്ന് അറിയിച്ചിട്ടും പോലീസിന്റെ ഭാഗത്തുനിന്ന് യാതൊരു ദാക്ഷണ്യവും ലഭിച്ചില്ല. ഇയാളെ കസ്റ്റഡിയില്‍ എടുത്ത് സ്റ്റേഷനില്‍ കൊണ്ടുപോയി.
ഇവിടെ വച്ച് ഉയര്‍ന്നപോലീസ് ഉദ്യോഗസ്ഥര്‍ മോഷ്ടാവായ സാബുവിനെ ചോദ്യം ചെയ്തപ്പോഴാണ് രക്ഷപ്പെടാന്‍ വേണ്ടി യാത്രക്കാരനെ കാട്ടികൊടുത്തതാണെന്ന് പറഞ്ഞത്. മര്‍ദ്ദനത്തില്‍ അവശനായ അനീഷ് കായംകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: