കോഴിക്കോട്: പതിനേഴുകാരിയെ അറബിക്ക് വിവാഹം കഴിപ്പിച്ച് കൊടുത്ത സംഭവത്തില്‍ യത്തീംഖാന അധികൃതര്‍ സര്‍ക്കാര്‍ ഇറക്കിയ വിവാദസര്ക്കുലറിന്റെ പിന്‍ബലം അവകാശപ്പെട്ട് രംഗത്ത്. 2013 ജൂണ്‍ 14 നാണ് മുസ്ലിംപെണ്‍കുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച് വിവാദ സര്‍ക്കുലര്‍ ഇറങ്ങിയത്.
അറബിയുമായി പെണ്‍കുട്ടിയുടെ വിവാഹം നടന്നത് ജൂണ്‍ 13നും. സര്‍ക്കുലര്‍പ്രകാരം വിവാഹത്തിന് സാധുതയുണ്ടെന്ന നിലപാടിലാണ് യത്തീംഖാന അധികൃതര്‍.
വിവാദമായ അറബിക്കല്ല്യാണവുമായി ബന്ധപ്പെട്ട് യത്തീംഖാന അധികൃതര്‍ക്കെതിരെ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് അധികൃതര്‍ പത്രസമ്മേളനം വിളിച്ച് നിലപാട് അറിയിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ 35298/ആര്‍സി3/13, 41832/ആര്‍സി3/13 നമ്പര്‍ ഉത്തരവുകള്‍ വിവാഹരജിസ്ട്രേഷന് തടസ്സമാകുന്നുമില്ലെന്നവര് അവകാശപ്പെടുന്നു. കേരള ജാം ഇയ്യത്തുല്‍ ഉലമ മര്‍ക്കസുദഅവ പ്രതിനിധിയുടെ കാര്‍മ്മികത്വത്തിലാണ് നിക്കാഹ് നടത്തിയതെന്നും ജൂണ്‍ 25ന് വിവാഹസര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നും ഇവര്‍ വിശദീകരിക്കുന്നു.
2013 ജൂണില്‍ തദ്ദേശ വകുപ്പ് നല്കിയ ഉത്തരവ് നിയമങ്ങളെ പരസ്യമായി വെല്ലുവിളിക്കുന്നതായിരുന്നു. പുരുഷന് 21 ഉം സ്ത്രീക്ക് 18 വയസ്സ് തികയാതെയും (16 വയസ്സിന് മുകളില്‍) നടന്നിട്ടുള്ള മുസ്ലിം വിവാഹങ്ങള്‍ക്ക് കേരള വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യല്‍ (പൊതു) ചട്ടങ്ങളിലെ ചട്ടം 9 (3) പ്രകാരം മതാധികാര സ്ഥാപനം നല്കുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ അത്തരം വിവാഹങ്ങള്‍ നിയമപരമായി രജിസ്റ്റര്‍ ചെയ്തു നല്‍കാമെന്നായിരുന്നു സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നത്. ഇതു വിവാദമായപ്പോള്‍ മറ്റൊരു സര്‍ക്കുലര്‍ പുറത്തിറക്കി. ജൂണ്‍ 27 വരെ നടന്നിട്ടുള്ള എല്ലാ വിവാഹങ്ങളും 2008 ലെ കേരള വിവാഹ രജിസ്ട്രേഷന് ചട്ടങ്ങള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്നായിരുന്നു പുതിയ സര്‍ക്കുലര്‍.
ഈ സര്‍ക്കുലറുകളുടെ ബലത്തില്‍ ജൂണ്‍ 13 ന് നടന്ന വിവാഹം നിയമസാധുതയുള്ളതണെന്ന് വരുത്താനുള്ള നീക്കമാണ് സിയസ്കോ യത്തീംഖാന അധികൃതരുടേത്. എന്നാല്‍ സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം അറബിക്ക് പെണ്‍കുട്ടിയെ വിവാഹം ചെയ്ത് കൊടുക്കുന്നതിന് മുമ്പായി ചെയ്യേണ്ട നിയമനടപടികള്‍ പൂര്‍ത്തിയാക്കാഞ്ഞത് പിഴവുകൊണ്ടാണെന്നു വിശദീകരിച്ച് തലയൂരാനാണ് യത്തീംഖാന അധികൃതരുടെ ശ്രമം.
അതേസമയം പെണ്‍കുട്ടിയെയും മാതാവിനെയും പഴിചാരി സ്വന്തം നില ഭദ്രമാക്കാനും യത്തീംഖാന അധികൃതര്‍ ശ്രമിക്കുന്നുണ്ട്. 2001 ല്‍ മാതാവ് ഹഫ്സത്തിന്റെ അപേക്ഷ പ്രകാരം മകളെ ഗേള്‍സ് ഹോമില്‍ പ്രവേശിപ്പിക്കുമ്പോള്‍ അവര്‍ നല്കിയ കത്തില്‍ ആറ് വയസ്സ് എന്നാണ് രേഖപ്പെടുത്തിയതെന്നാണ് വാദം. പെണ്‍കുട്ടിയുടെയും മാതാവിന്റെയും നിര്‍ബന്ധത്താല്‍ വിവാഹം നടത്തിക്കൊടുക്കുക മാത്രമാണ് ചെയ്തതെന്നാണ് മറ്റൊരു വാദം.
ഇതിനായി പെണ്‍കുട്ടിയും മാതാവും എഴുതിയതെന്ന് പറഞ്ഞ ചില കത്തുകളും ഇവര്‍ ഹാജരാക്കുന്നുണ്ട്. വിവാഹനിശ്ചയത്തില്‍ അവരുടെ കുടുംബാംഗങ്ങള്‍ക്കല്ലാതെ യത്തീംഖാനയ്ക്ക് നേരിട്ട് പങ്കില്ലെന്നും ഇവര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ട്. പെണ്‍കുട്ടിക്ക് ഭാവിയില്‍ എല്ലാ തരത്തിലുള്ള സംരക്ഷണവും നല്കാന് സംഘടന തയ്യാറാണെന്ന് വ്യക്തമാക്കുന്ന അധികൃതര്‍ പെണ്‍കുട്ടിക്ക് പിന്നില്‍ നിഗൂഢശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആരോപണവും ഉയര്‍ത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: