ഇപോ: ഏഷ്യാകപ്പ് ഹോക്കി ടൂര്‍ണമെന്റിന്റെ സെമിഫൈനലുകള്‍ ഇന്ന് നടക്കും. ഇന്ത്യ മലേഷ്യയുമായി കൊമ്പുകോര്‍ക്കുമ്പോള്‍ നിലവിലുള്ള ചാമ്പ്യന്മാരായ ദക്ഷിണകൊറിയ ശക്തരായ പാക്കിസ്ഥാനുമായി മാറ്റുരയ്ക്കും.
ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാണ് ഇന്ത്യ സെമിയില്‍ വരെ എത്തിയത്. പ്രാഥമിക റൗണ്ടില്‍ ഒമാനെയും ദക്ഷിണകൊറിയയെയും ബംഗ്ലാദേശിനെയും ഇന്ത്യ മറികടന്നു. എന്നാല്‍ സെമിയില്‍ മലേഷ്യ ശക്തമായ പ്രകടനമാകും പുറത്തെടുക്കുക. മുന്‍ വിജയങ്ങളുടെ പശ്ചാത്തലത്തില്‍ മലേഷ്യയെ വില കുറച്ചുകണ്ടാല്‍ അത് ഇന്ത്യയെ വെട്ടിലാക്കുമെന്നുറപ്പാണ്. പരിക്കുമൂലം ഏറെ വലഞ്ഞ ഇന്ത്യക്ക് മികച്ച പ്രകടനം ഒന്നുമാത്രമാകും രക്ഷയാകുക.
കഴിഞ്ഞ മത്സരത്തില്‍ രുപീന്ദര്‍പാല്‍ സിങ്ങും രഘുനാഥും ഉജ്ജ്വല പ്രകടനം കാഴ്ചവെച്ചുവെങ്കിലും ബംഗ്ലാദേശിനെതിരായ പ്രകടനത്തില്‍ കോച്ച് ഓള്‍ട്ട്മാന്‍സ് തൃപ്തനല്ല. ബംഗ്ലാദേശിനെതിരായ പ്രകടനത്തില്‍ താരങ്ങളും തൃപ്തരാണെന്ന് താന്‍ ചിന്തിക്കുന്നില്ലെന്നാണ് ഓള്‍ട്ട്മാന്‍സ് അഭിപ്രായപ്പെട്ടത്. അടുത്തവര്‍ഷം നടക്കുന്ന ലോകകപ്പ് ഹോക്കിയില്‍ യോഗ്യത നേടാനുള്ള ഇന്ത്യയുടെ ശ്രമവും മുന്നില്‍ക്കണ്ടാണ് കോച്ചിന്റെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: