കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലാ വൈസ്ചാന്‍സലര്‍ക്ക് വീണ്ടും ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ്. സര്‍ക്കാരിന്റെ അനുവാദമില്ലാതെ പുതുതായി 56 തസ്തികകള്‍ അനുവദിച്ചത് ചോദ്യം ചെയ്തുകൊണ്ടാണ് കാണിക്കല്‍ നോട്ടീസ് നല്‍കിയത്. 15 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണം. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് വൈസ്ചാന്‍സലര്‍ക്ക് ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുന്നത്.
തസ്തികകള്‍ സൃഷ്ടിച്ചതിന് പുറമേ തന്റെ ശമ്പളം വൈസ് ചാന്‍സലര്‍ സ്വയം തീരുമാനിച്ചതും നേരത്തേ വിവാദമായിരുന്നു. 56 തസ്തികകള്‍ക്ക് പുറമേ സര്‍വകലാശാല ചട്ടത്തിലില്ലാത്ത അഡീഷണല്‍ പരീക്ഷാ കണ്ട്രോളര്, അഡീഷണല്‍ രജിസ്ട്രാര്‍ തുടങ്ങിയ തസ്തികകള്‍ കൂടി വി.സി സൃഷ്ടിച്ചിരുന്നു. ഈ നടപടിക്കെതിരെ സര്‍വകലാശാല സെനറ്റ് അംഗം പ്രഫ.സണ്ണി കെ. ജോര്‍ജ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് വ്യാപകമായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.
മുന്‍കൂര്‍ അനുമതിയില്ലാതെ തസ്തികകള്‍ സൃഷ്ടിച്ചതിന് സര്‍ക്കാരിനും കടുത്ത അതൃപ്തിയാണുള്ളത്. സര്‍വ്വകലാശാലയ്ക്കുള്ള ഗ്രാന്റ് തടഞ്ഞുവയ്ക്കാന്‍ വരെ ഉന്നത വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നു. ഓഫ് ക്യാമ്പസ് അനുവദിച്ചതില്‍ കഴിഞ്ഞ ആഴ്ച വിസിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഒരു വൈസ് ചാന്‍സലര്‍ക്ക് സര്‍വ്വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കുന്നത് അപൂര്‍വ്വമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: