കൊച്ചി: കൊച്ചിയിലെ ലൂലു മാളിനെതിരെ സി.പി.എം എറണാകുളം ജില്ലാകമ്മിറ്റി രംഗത്തെത്തി. മാളിനായി ലൂലു ഭുമി കയ്യേറ്റം നടത്തിയെന്ന നിലപാടില്‍ മാറ്റമില്ലെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറി സി.എം ദിനേശ് മണി അറിയിച്ചു. ഇക്കാര്യത്തില്‍ സി.പി.എമ്മില്‍ വ്യത്യസ്ത അഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു.
ലൂലു മാളിന് അനുകൂലമായിട്ടല്ല നേരത്തെ പിണറായി വിജയന് സംസാരിച്ചത്. ലൂലുവിന്റെ ബോള്‍ഗാട്ടി പദ്ധതിയോടും പാര്‍ട്ടിക്ക് വിയോജിപ്പുണ്ട്. ലൂലുവിന് അനുവദിച്ച പാട്ടക്കരാര്‍ റദ്ദാക്കണം. കൊച്ചി നഗരത്തിലേക്കുള്ള കുടിവെള്ളം ചോര്‍ത്തുന്നതും ലൂലു മാളാണെന്നും ദിനേശ് മണി ആരോപിച്ചു.
ലുലു ഇടപ്പള്ളി തോട് കയ്യേറിയിട്ടുണ്ട്. തോടിന്റെ പടിഞ്ഞാറു ഭാഗത്ത് സര്‍വ്വെ നടത്താതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും ദിനേശ് മണി പറഞ്ഞു. ലുലു ഷോപ്പിംഗ് മാളിന് സമീപത്ത് കൂടി ഒഴുകുന്ന ഇടപ്പള്ളി തോട് ലുലു കയ്യേറിയെന്ന് സിപിഎം എറണാകുളം ജില്ല കമ്മറ്റി നേരത്തെയും ആരോപിച്ചിരുന്നു. 40 മീറ്റര്‍ വീതിയുണ്ടായിരുന്ന കനാല്‍ ലുലുവിന്റെ കയ്യേറ്റത്തെ തുടര്‍ന്ന് പലയിടത്തും 15 മീറ്ററായി ചുരുങ്ങിയെന്നായിരുന്നു ആരോപണം. ആരോപണം വിവാദമായതിന് പിന്നാലെ കെഎംആര്‍എല്ലിന്റെ പരാതിയും പുറത്തുവന്നിരുന്നു.
നിലപാട് വിവാദമായതോടെ യൂസഫലി ഭൂമി കയ്യേറിയെന്ന് സി.പി.എം പറഞ്ഞിട്ടില്ലെന്ന വിശദീകരണവുമായി സംസ്ഥാന സെക്രട്ടറി പിണറായി വിജയന് രംഗത്തെത്തിയിരുന്നു. മറ്റ് വ്യവസായികളില്‍ നിന്നും യൂസഫലിയെ വ്യത്യസ്തമാക്കുന്നത് മനുഷ്യത്വപരമായ നിലപാടാണ്. യൂസഫലിയെ അവസാന ആശ്രയമായി കാണുന്ന മലയാളികള്‍ ഏറെയുണ്ട്. സങ്കുചിത മന:സ്ഥിതിയോടെ പദ്ധതികളെ സി.പി.എം എതിര്‍ത്തിട്ടില്ല. നാടിന്റെ താല്‍പ്പര്യത്തിന് അനുകൂലമായ എല്ലാ നിക്ഷേപങ്ങളെയും പാര്‍ട്ടി അനുകൂലിക്കുമെന്നും പിണറായി വിജയന് വ്യക്തമാക്കിയിരുന്നു.
പിണറായിയുടെ അന്നത്തെ വിശദീകരണത്തിന് വിരുദ്ധമാണ് ദിനേശ് മണിയുടെ ഇന്നത്തെ പ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: