ന്യൂദല്‍ഹി: ശാരീരിക അസ്വസ്ഥതയെത്തുടര്‍ന്ന് ദല്‍ഹിയിലെ ആള് ഇന്ത്യ മെഡിക്കല്‍ സയന്‍സസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി പ്രവേശിക്കപ്പെട്ടപ്പോള്‍ ദല്‍ഹിയിലെ ഒരു സാധാരണ കുടുംബത്തിന് നഷ്ടമായത് തങ്ങളുടെ പിഞ്ചോമനയുടെ ജീവന്. ദല്‍ഹിയിലെ പ്രശസ്തമായ നാല് ആശുപത്രികളില്‍ ചികിത്സ തേടിയതിന്ശേഷമാണ് ഒരുമാസം മാത്രം പ്രായമുള്ള അമൃത എന്ന കുഞ്ഞുമായി മാതാപിതാക്കള്‍ എമ്യ്സിലെത്തിയത്. എന്നാല്‍ വിവിഐപി രോഗിയായ സോണിയാഗാന്ധിയെ പരിശോധിക്കാനുള്ള തിരക്കില്‍ അമൃതയെ അഡ്മിറ്റ് ചെയ്യാനോ പരിശോധിക്കാനോ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്നാണ് കുട്ടിയുടെ രക്ഷിതാക്കള്‍ പറയുന്നത്. ഒമ്പത് മണിക്കൂറുകളോളം ആശുപത്രികളില്‍ നിന്ന് ആശുപത്രികളിലേക്ക് സഞ്ചരിച്ച അമൃത ഒടുവില്‍ എമ്യ്സ് ആശുപത്രിയുടെ പുറത്ത് അമ്മയുടെ കൈകളിലിരുന്ന് മരിക്കുകയായിരുന്നു.
സോണിയാ ഗാന്ധിയെ ചികിത്സിക്കാനുള്ള നെട്ടോട്ടത്തില്‍ ആരും തന്നെ തങ്ങളുടെ കുഞ്ഞിനെ ശ്രദ്ധിച്ചില്ലെന്ന് അമൃതയുടെ പിതാവ് ആശുപത്രിക്ക് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. സാധാരണക്കാര്‍ക്കായി ഇവിടൊരു ആശുപത്രിയില്ലെന്നാണോ മനസ്സിലാക്കേണ്ടതെന്നും സോണിയയെ പോലെതന്നെ തങ്ങളും മനുഷ്യര്‍ തന്നെയല്ലേ എന്നും കുട്ടിയുടെ അച്ഛന് ചോദിക്കുന്നു. പാര്‍ലമെന്റില്‍ ഭക്ഷ്യസുരക്ഷാബില്‍ അവതരണത്തിനിടെ സുഖമില്ലാതായ സോണിയാഗാന്ധിയെ തിങ്കളാഴ്ച്ച വൈകിട്ടോടെയാണ് എമ്യ്സില് പ്രവേശിപ്പിച്ചത്. അഞ്ച് മണിക്കൂറോളം ആശുപത്രിയില്‍ ചെലവഴിച്ച് എല്ലാ പരിശോധനകളും കഴിഞ്ഞതിന് ശേഷമാണ് സോണിയ മടങ്ങിയത്. ഭക്ഷണത്തിനുള്ള അവകാശം നിയമമാക്കാനുള്ള ബില്‍ അവതരണത്തിനിടയില്‍ സോണിയ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടപ്പോള്‍ ഒരു മാസം പ്രായമുള്ള കുഞ്ഞിന് ജീവിക്കാനുള്ള അവകാശമാണ് നിഷേധിക്കപ്പെട്ടതെന്നാണ് ആരോപണം. വിവിഐപികള്‍ ഒരുപാടുള്ള ദല്‍ഹിയില്‍ ഇവരുടെ പേരില്‍ സധാരണക്കാര്‍ക്ക് ചികിത്സ നിഷേധിക്കുന്ന സംഭവം ഇതാദ്യമായല്ല റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: