അഹമ്മദാബാദ്: ക്വീന്‍സ് ലാന്റിലെ ഉപപ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചു. കൂടിക്കാഴ്ചയില്‍ മികച്ച സഹകരണം ഇരുവരും വാഗ്ദാനം ചെയ്തു. ക്വീന്‍സ് ലാന്റ് സ്റ്റേറ്റ് ഉപപ്രധാനമന്ത്രി ജെഫ്രി വില്യം സീനെയുടെ നേതൃത്വത്തിലുള്ള ആസ്ട്രേലിയന്‍ പ്രതിനിധി സംഘമാണ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെ കണ്ടത്. വിവിധ മേഖലകളില്‍ ഇരുകൂട്ടരും സഹകരിക്കുന്നതിനെക്കുറിച്ചാണ് പ്രതിനിധി സംഘം മുഖ്യമന്ത്രിയോട് ചര്‍ച്ച ചെയ്തത്.
ഉന്നതാധികാരികളും വ്യാപാരപ്രമുഖരും പങ്കെടുത്ത ചര്‍ച്ചയില്‍ ഇരുപക്ഷവും കൂടുതല്‍ ഊന്നല്‍ നല്‍കിയത് വരുംദിവസങ്ങളില്‍ ആസ്ട്രേലിയയും ഗുജറാത്തും തമ്മില്‍ അനേകവിഷയങ്ങളിലെ ധാരണ വികസിപ്പിക്കാന്‍ സാധ്യതകളും അവസരങ്ങളും ഉണ്ടോയെന്ന കാര്യത്തിലാണെന്ന് ഒദ്യോഗിക പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ഇരുഭാഗത്തെയും അംഗങ്ങള്‍ വികസന നയങ്ങളെയും ഗുജറാത്തും ആസ്ട്രേലിയയും തമ്മില്‍ വളര്‍ത്തിയെടുക്കേണ്ട വിവിധ സാമ്പത്തിക-സാംസ്കാരിക ബന്ധത്തെയും കുറിച്ച് തങ്ങളുടെ കാഴ്ചപ്പാടുകളും ആശയങ്ങളും കൈമാറി. സ്ഥിരതയാര് സാമ്പത്തിക വികസനത്തെക്കുറിച്ചും ഗുജറാത്തും ക്വീന്‍സ് ലാന്റും തമ്മിലുള്ള സഹകരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനുള്ള അവസരത്തെക്കുറിച്ചും മോദി സിനെയുമായി ചര്‍ച്ച നടത്തി.
ഉപപ്രധാനമന്ത്രിയോടൊപ്പം മുംബൈയിലെ ആസ്ട്രേലിയന്‍ കോണ്‍സുല്‍ ജനറല്‍ മാര്‍ക്ക് പിയേഴ്സും ഉണ്ടായിരുന്നു. അദാനി ഗ്രൂപ്പിന്റെ ചെയര്മാന് ഗൗതം അദാനി, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.കെ. ശര്‍മ, വ്യവസായവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി മഹേശ്വര് സാഹു എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
അടുത്തമാസം ഗാന്ധിനഗറില്‍ നടക്കുന്ന ആഗോള കാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോദി ആസ്ട്രേലിയന്‍ പ്രതിനിധകളെ ക്ഷണിച്ചു. സര്‍ക്കാരിന്റെയും വ്യാപാരികളുടെയും പ്രത്യേകം പ്രത്യേകം സംഘങ്ങളെ അയയ്ക്കണമെന്ന് അദ്ദേഹം പ്രതിനിധികളോട് വ്യക്തമാക്കി. സപ്തംബര്‍ ഒമ്പത് മുതല്‍ പത്തുവരെയാണ് ഉച്ചകോടി നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: