കരുനാഗപ്പള്ളി: പ്രോത്സാഹിപ്പിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്ന പ്രേമഭാവത്തോടൊപ്പം അവശ്യമുള്ളപ്പോള്‍ മാര്‍ഗ്ഗദര്‍ശനം നല്‍കാനും തയ്യാറാകുന്ന ഗുരുഭാവവും ശ്രീകൃഷ്ണ ഭഗവാനിലുണ്ടെന്ന് അമൃതപുരിയില്‍ കൃഷ്ണജയന്തി സന്ദേശം നല്‍കിക്കൊണ്ട് അമ്മ പറഞ്ഞു.
കൃഷ്ണനെന്നാല്‍ ആകര്ഷിക്കുന്നവന് എന്നാണ് അര്‍ത്ഥം. ഗോപന്മാര്, പശുക്കള്‍, മാനുകള്‍, പറവകള്‍ എല്ലാം ആ പ്രേമസ്വരൂപന്റെ ആകര്‍ഷണ വലയത്തില്‍പ്പെട്ടു. ഈശ്വരപ്രേമം മനുഷ്യനെ പവിത്രീകരിക്കുന്നു. അതിന്റെ പ്രവാഹത്തില്‍ മറ്റ് ദുര്‍വികാരങ്ങളും ദുര്‍വ്വാസനകളും മങ്ങിപ്പോകുന്നു. ഈ പ്രേമഭാവത്തോടൊപ്പം ഗുരു ഭാവവും ശ്രീകൃഷ്ണനിലുണ്ട്. ആവശ്യമുള്ളപ്പോള്‍ ശാസിക്കാനും ഗുരു തയ്യാറാവും. അത് ശിഷ്യനിലെ നന്മയെ ഉണര്‍ത്താനും തിന്മയെ സംഹരിക്കാനും വേണ്ടിയാണ്. അവരെ സത്യത്തിലേക്കുയര്ത്താന് വേണ്ടിയാണ്. അമ്മ വ്യക്തമാക്കി.
പരമതത്വത്തിലേക്ക് നമ്മെ നയിക്കുന്ന മാര്‍ഗ്ഗദീപമാണ് ഭഗവാന്റെ ജീവിത. ഈശ്വരപദത്തിലേയ്ക്ക് മനുഷ്യന് എങ്ങനെ ഉയരാന്‍ കഴിയും എന്ന് പഠിപ്പിക്കാനാണ് ഈശ്വരന് മനുഷ്യരൂപം കൈക്കൊള്ളുന്നത്. ഒരു കുഞ്ഞിനെ പിച്ചനടക്കാന്‍ പഠിപ്പിക്കുന്ന അമ്മയെപ്പോലെ നമ്മളെ നയിക്കാന്‍ ഈശ്വരനും മാനുഷീകമായ പരിമിതികള്‍ സ്വയം സ്വീകരിക്കുന്നു. മനുഷ്യന് എങ്ങനെ ജീവിക്കണമെന്ന് മനുഷ്യരൂപത്തില്‍ കാട്ടിത്തരുകയാണ് അവതാരങ്ങള്‍. അമ്മ പറഞ്ഞു.
രാവിലെ മഹാഗണപതിഹോമത്തിനുശേഷം ഗോപൂജയോടെ അമൃതപുരിയില്‍ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ ആരംഭിച്ചു. അമ്മയുടെ ദര്‍ശനം പത്തുമണിക്ക് തുടങ്ങി. വൈകിട്ട് നാല് മണിക്ക് ആരംഭിച്ച ഉറിയടിയില്‍ ഉണ്ണിക്കണ്ണന്റെയും രാധയുടെയും വേഷം കെട്ടിയ കുട്ടികള്‍ക്കൊപ്പം ആശ്രമ അന്തേവാസികളും വിദേശിയരും പങ്കെടുത്തു. അമ്മയുടെ നേതൃത്വത്തില്‍ സായാഹ്ന ഭജന നടന്നു. അര്‍ദ്ധരാത്രി ഭാഗവതം കൃഷ്ണാവതാര പാരായണം ചെയ്തു. തുടര്‍ന്ന് ബാലഗോപാല പൂജയും നടന്നു. ആയിരക്കണക്കിന് ഭക്തരാണ് ശ്രീകൃഷ്ണജയന്തി ആഘോഷിക്കാന്‍ അമൃതപുരിയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: