പാലക്കാട്: സംസ്ഥാനത്തെ സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ ആറായിരത്തിലധികം ഒഴിവുകള്‍ നികത്താതെ എസ്എസ്എയിലേക്കു പൂള് ചെയ്തസാഹചര്യത്തില്‍ സ്പെഷ്യലിസ്റ്റ് അധ്യാപകര്‍ക്ക് ഒന്നിലധികം സ്കൂളുകളില്‍ ക്ലാസെടുക്കേണ്ട അവസ്ഥ. ആറായിരത്തിലധികം ഒഴിവുകള്‍ നികത്താതെയാണു എയ്ഡഡ് സ്കൂളുകളില്‍ ജോലി ചെയ്യുന്ന 4,450 സ്പെഷ്യലിസ്റ്റ് അധ്യാപകരെ ഇത്തരത്തില്‍ പൂള് ചെയ്തത്. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ എസ്എസ്എക്കു കീഴില്‍ സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ ഗ്രൂപ്പുണ്ടാക്കി ഇവരെ ഓരോദിവസവും വിവിധ സ്കൂളിലേക്കു ക്ലാസെടുക്കാനായി വിടുന്ന പദ്ധതിയാണ് പൂള്. എന്നാല്‍ വിരമിച്ച ഒഴിവുകളിലേക്ക് നിയമനം നടത്താതിരിക്കാനുള്ള സര്‍ക്കാര്‍ ശ്രമമാണ് ഇതെന്നും പരക്കെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
സ്ഥിരം ജോലിചെയ്യുന്ന സ്കൂളില്‍ ആഴ്ച്ചയില്‍ മൂന്നുദിവസവും മറ്റു സ്കൂളുകളില്‍ ഒന്നോ രണ്ടോ ക്ലാസ്സും എടുക്കണം. കൂടാതെ അടുത്തുള്ള സ്കൂളുകളുടെ ലിസ്റ്റും ഉടന്‍ നല്കാന് അധ്യാപകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇവരുടെ ശമ്പളം എസ്എസ്എയാണു നല്‍കുക. സര്‍ക്കാര്‍ നിശ്ചയിച്ചപ്രകാരമുള്ള 14,500 രൂപയാണ് സ്പെഷ്യലിസ്റ്റ് അധ്യാപകര്‍ക്കിപ്പോള്‍ ശമ്പളമായി നല്‍കുന്നത്. എന്നാല്‍ അധ്യാപകരെ പൂള്‍ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ടെങ്കിലും ഇത് എല്ലാ ജില്ലകളിലും നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല. പല യുപി സ്കൂളുകളിലും അധ്യാപകരില്ല എന്നതാണ് വാസ്തവം. പൂള് സംവിധാനം നിര്‍ത്തിവയ്ക്കണമെന്നാവശ്യം ശക്തമായിരിക്കുകയാണ്. ഇതോടെ അധ്യാപകരില്ലാത്ത അയ്യായിരത്തിലധികം സ്കൂളുകളില്‍ വിദ്യാഭ്യാസ അവകാശ നിയമലംഘനം നടക്കുകയാണ്. കുട്ടികളുടെ എണ്ണം നോക്കാതെ എല്ലാ സ്കൂളുകളിലും സ്പെഷ്യലിസ്റ്റ് അധ്യാപകരെ നിയമിക്കണമെന്ന വിദ്യാഭ്യാസ അവകാശനിയമത്തിലെ വ്യവസ്ഥ നിലനില്‍ക്കുമ്പോഴാണ് ഇത്തരത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള നടപടി. സ്പെഷ്യലിസ്റ്റ് അധ്യാപക തസ്തികകളായ കായികം, മ്യൂസിക്, ചിത്രകല, ക്രാഫ്റ്റ് വിഭാഗങ്ങളില്‍ അധ്യാപകരില്ലാത്തതിനാല്‍ വിദ്യാര്‍ഥികളും പ്രയാസത്തിലാണ്.
അധ്യാപകരെ പൂള് ചെയ്തതോടെ ഇവര്‍ക്കു കൃത്യമായ തസ്തികയും ഇല്ലാതായി. സര്‍ക്കാര്‍ സ്കൂളുകളില്‍ ജോലി ചെയ്യുന്ന 1,550 സ്പെഷ്യലിസ്റ്റ് അധ്യാപകരുടെയും പുതുതായി നിയമനാംഗീകാരം ലഭിച്ച 133 പേരുടെയും ശമ്പളം നല്കുന്ന നടപടി കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ സംസ്ഥാന സര്‍ക്കാര്‍ എസ്എസ്എയിലേക്കു മാറ്റിയിരുന്നു.
അതേസമയം എയ്ഡഡ് സ്കൂളുകളില്‍ ജോലി ചെയ്യുന്ന സ്പെഷ്യലിസ്റ്റ് അധ്യാപകര്‍ക്കുകൂടി ശമ്പളം നല്‍കുന്നതിനുള്ള ഉത്തരവാദിത്വം എസ്എസ്എയിലേക്കു മാറ്റിയതു ഏറെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.
സംസ്ഥാന സര്‍ക്കാരില്‍ നിന്നു ശമ്പളം വാങ്ങിയിരുന്ന സ്പെഷലിസ്റ്റ് അധ്യാപകരെ കേന്ദ്രസര്‍ക്കാര്‍ പ്രോജക്ടായ എസ്എസ്എയുടെ കീഴിലാക്കി ഇവരുടെ ശമ്പളത്തിനെന്നോണം കോടിക്കണക്കിനു രൂപ സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവിലേക്കു മാറ്റാനാണെന്നാണു നീക്കമെന്നും പരക്കെ ആരോപണമുണ്ട്.
വിദ്യാഭ്യാസ അവകാശനിയമത്തിലെ വ്യവസ്ഥ പാലിക്കാനായി പുതിയ സ്പെഷ്യലിസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനു പകരം സര്‍വീസിലുള്ളവരെ ഒഴിവുള്ള തസ്തിക നികത്താനായി പൂള് ചെയ്യുന്നതിലൂടെ ആയിരക്കണക്കിനു ഉദ്യോഗാര്‍ഥികളുടെ അവസരവും നഷ്ടമാകും. ഇതില്‍ പ്രതിഷേധിച്ച് എല്ലാ സബ്ജില്ലാ സ്പോര്‍ട്സ് കണ്‍വീനര്‍മാരും റവന്യു ഡിസ്ട്രിക്ട് സ്കൂള്‍ ഗെയിംസ് അസോസിയേഷനിലെ 14 സെക്രട്ടറിമാരും രാജി നല്‍കിയിരുന്നു. പിന്നീട് നടന്ന ചര്ച്ചകള്ക്കള്ക്കുശേഷം രാജി പിന്‍വലിക്കുകയായിരുന്നു.
സിജ പി. എസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: