ലണ്ടന്‍: പ്രീമിയര്‍ ലീഗ് ടീമായ ആഴ്സണല്‍ യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടി. തുടര്‍ച്ചയായ 16-ാം തവണയാണ് ആഴ്സണല്‍ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടുന്നത്. ഇന്നലെ പുലര്‍ച്ചെ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം പാദ മത്സരത്തില്‍ തുര്‍ക്കി ക്ലബ്ബായ ഫെനര്ബാഷയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ആഴ്സണല്‍ യോഗ്യത സ്വന്തമാക്കിയത്. ആദ്യപാദത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് വിജയിച്ചിരുന്ന ആഴ്സണല്‍ ഇരുപാദങ്ങളിലുമായി 5-0ന്റെ ആധികാരിക വിജയം നേടിയാണ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടിയത്.
മധ്യനിരതാരം ആരോണ്‍ റംസിയുടെ ഇരട്ടഗോളുകളാണ് ഇന്നലെ സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ആഴ്സണലിന് വിജയം സമ്മാനിച്ചത്. മത്സരത്തിന്റെ 25, 72 മിനിറ്റുകളിലാണ് റംസി ഫെനര്‍ബാഷെ വല കുലുക്കിയത്. മത്സരത്തിന്റെ തുടക്കം മുതല്‍ ആഴ്സണല്‍ ആധിപത്യം പുലര്‍ത്തിയ മത്സരത്തില്‍ ഒലിവര്‍ ഗിറൗഡും ലൂക്കാസ് പൊഡോള്‍സ്കിയും നിരവധി അവസരങ്ങള്‍ നഷ്ടപ്പെടുത്തിയശേഷമാണ് ആരോണ്‍ റംസി ഗണ്ണേഴ്സിന് ലീഡ് നേടിക്കൊടുത്തത്. ലൂക്കാസ് പൊഡോള്സ്കി പോസ്റ്റിന് മുന്നിലേക്ക് തള്ളിക്കൊടുത്ത പന്താണ് ഒരു ക്ലോസ് റേഞ്ച് ഷോട്ടിലൂടെ റംസി വലയിലേക്ക് അടിച്ചുകയറ്റിയത്. പിന്നീട് ആദ്യ പകുതിയില്‍ ലീഡ് ഉയര്‍ത്താന്‍ ഗണ്ണേഴ്സിനോ സമനില ഗോള്‍ നേടാന്‍ ഫെനര്ബാഷക്കോ കഴിഞ്ഞില്ല. ആദ്യപകുതിയില്‍ ആഴ്സണലിന്റെ പെരുമയെ പേടിക്കാതെ പൊരുതിയ ഫെനര്‍ബാഷെ താരങ്ങള്‍ ചില അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും സ്ട്രൈക്കര്‍മാരുടെ ലക്ഷ്യബോധമില്ലായ്മ അവര്‍ക്ക് തിരിച്ചടിയായി.
രണ്ടാം പകുതിയിലും ഇരുടീമുകളും മികച്ച ഫുട്ബോളാണ് കാഴ്ചവെച്ചത്. ആക്രമണ-പ്രത്യാക്രമണങ്ങള്‍കൊണ്ട് ആവേശത്തിലേക്കുയര്ന്ന മത്സരത്തില്‍ പക്ഷേ, രണ്ടാം ഗോള്‍ പിറക്കാന്‍ പിന്നെയും കാത്തിരിക്കേണ്ടിവന്നു. ഒടുവില്‍ 73-ാം മിനിറ്റിലാണ് രണ്ടാം ഗോള്‍ പിറന്നത്. കീറണ്‍ ഗിബ്സ് നല്കിയ പാസ് സ്വീകരിച്ച് റംസി വലംകാലുകൊണ്ട് നിറയൊഴിച്ചത് ഫെനര്‍ബാഷെ ഗോളിക്ക് യാതൊരു അവസരവും നല്‍കാതെ വലയില്‍ തറച്ചുകയറി.
മറ്റൊരു മത്സരത്തില്‍ ആസ്ട്രിയന്‍ വിയന്ന ഇരുപാദങ്ങളിലുമായി ഡിന് സഗ്രബിനെ പരാജയപ്പെടുത്തി ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടി. ഇന്നലെ നടന്ന മത്സരത്തില്‍ 3-2ന് ആസ്ട്രിയന്‍ വിയന്ന പരാജയപ്പെട്ടെങ്കിലും ആദ്യപാദത്തില്‍ നേടിയ 2-0ന്റെ വിജയമാണ് ആസ്ട്രിയന്‍ ടീമിനെ മുന്നോട്ടുനയിച്ചത്.
മറ്റൊരു മത്സരത്തില്‍ സ്വിസ് ടീം എഫ്സി ബാസല്‍ ബള്‍ഗേറിയന്‍ ടീമായ ലൂഡോ ഗൊരറ്റ്സിനെതിരെ ഇരുപാദങ്ങളിലുമായി നേടിയ 6-2ന്റെ വിജയത്തോടെ അടുത്ത റൗണ്ടിലെത്തി. ആദ്യപാദത്തില്‍ 4-2ന്റെ വിജയം സ്വന്തമാക്കിയ ബാസല്‍ ഇന്നലെ നടന്ന രണ്ടാം പാദത്തില്‍ 2-0ന് ലൂഡോ ഗൊരറ്റ്സിനെ പരാജയപ്പെടുത്തിയാണ് മുന്നോട്ട് നീങ്ങിയത്.
മറ്റൊരു മത്സരത്തില്‍ സ്റ്റീവ ബുക്കാറസ്റ്റ് എവേ ഗോളിന്റെ കരുത്തില്‍ ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടി. പോളിഷ് ടീമായ ലെഗിയ വാഴ്സോക്കെതിരായ രണ്ട് മത്സരങ്ങളും സമനിലയില്‍ കലാശിച്ചു. ആദ്യപാദത്തില്‍ 1-1നും രണ്ടാം പാദത്തില്‍ 2-2നുമാണ് മത്സരം സമനിലയില്‍ അവസാനിച്ചത്. എന്നാല്‍ എവേ മത്സരത്തില്‍ നേടിയ രണ്ട് ഗോളുകളുടെ കരുത്താണ് സ്റ്റീവ ബുക്കാറസ്റ്റിന് മുന്നോട്ടുള്ള കുതിപ്പിന് തുണയായത്. മറ്റൊരു മത്സരത്തില്‍ ഷാല്‍ക്കെ 04 ഇരുപാദങ്ങളിലുമായി 4-3ന് പവോക് സലോനിക്കയെ പരാജയപ്പെടുത്തിയാണ് മുന്നേറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: