ന്യൂദല്‍ഹി: യുപിഎ സര്‍ക്കാര്‍ നടപ്പാക്കിയ ഭക്ഷ്യസുരക്ഷാ ബില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് താങ്ങാനാവാത്ത പദ്ധതിയാണെന്ന് വിലയിരുത്തല്‍. രൂപയുടെ വിനിമയമൂല്യം അതിന്റെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തിയതും സെന്‍സെക്സ് വലിയ തകര്‍ച്ചയെ നേരിട്ടതും ഇതിന്റെ പ്രതിഫലനമാണെന്നാണ് സാമ്പത്തിക വിദഗ്ധന്മാരുടെ അഭിപ്രായം.
സാമ്പത്തികമായി വലിയ പ്രതിസന്ധിയെ രാജ്യം അഭിമൂഖീകരിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നടപ്പാക്കാനാവാത്ത പദ്ധതിയുമായാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഒന്നേകാല്‍ ലക്ഷം കോടി രൂപയുടെ അധിക ബാധ്യത ഭക്ഷ്യസുരക്ഷാ പദ്ധതി മൂലമുണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുമ്പോഴും യഥാര്‍ത്ഥ ചിലവ് 3.5 ലക്ഷം കോടി രൂപയോളം വരുമെന്നാണ് സാമ്പത്തികവിദഗ്ധരുടെ കണക്ക്. ഇത്രയും തുകയുണ്ടായിരുന്നെങ്കില്‍ രാജ്യത്ത് രണ്ടുമില്യണ്‍ തൊഴിലവസരങ്ങളെങ്കിലും സൃഷ്ടിക്കാമായിരുന്നെന്നും വിലയിരുത്തലുകളുണ്ട്.
ആസൂത്രണ കമ്മീഷന്റെ കണക്കു പ്രകാരം രാജ്യത്തെ പാവങ്ങളുടെ എണ്ണം വെറും 22 ശതമാനമാണ്. എന്നാല്‍ ഭക്ഷ്യസുരക്ഷാ പദ്ധതിയില്‍ അംഗങ്ങളാകുന്നത് 67 ശതമാനത്തോളം ജനങ്ങളാണ്. ജിഡിപിയുടെ മൂന്ന് ശതമാനത്തോളം ചിലവു വരുന്ന പദ്ധതി എങ്ങനെ നടപ്പാക്കുമെന്ന് കേന്ദ്രസര്‍ക്കാരിന് വലിയ ധാരണയൊന്നുമില്ല. പ്രഖ്യാപനങ്ങള്‍ നടത്തി സംസ്ഥാന സര്‍ക്കാരുകളുടെ മേല്‍ അധികഭാരം ചുമത്തുക മാത്രമാണ് പദ്ധതിയെന്നാണ് ഭൂരിഭാഗം സംസ്ഥാന സര്‍ക്കാരുകളുടേയും നിലപാട്.
പദ്ധതി നടപ്പാകുന്നതോടെ ഉടലെടുക്കുന്ന അധിക സാമ്പത്തിക ബാദ്ധ്യത ഇന്ത്യയെ വീണ്ടും ഐഎംഎഫിന്റേയും ലോകബാങ്കിന്റേയും പടിക്കലെത്തിക്കുമെന്ന ആശങ്കയും യാഥാര്‍ത്ഥ്യമാകാന്‍ പോവുകയാണ്. അമേരിക്കന്‍ താല്‍പ്പര്യങ്ങളുള്ള പ്രധാനമന്ത്രിയടക്കമുള്ള ഇന്ത്യയിലെ സാമ്പത്തിക വിദഗ്ധര്‍ മന:പൂര്‍വ്വം സൃഷ്ടിച്ചെടുത്ത സാഹചര്യമാണിത്. രാജ്യത്തിന്റെ സാമ്പത്തിക കമ്മി വര്‍ദ്ധിപ്പിക്കുന്ന നടപടിയാണ് ഭക്ഷ്യസുരക്ഷാബില്ലിന്റെ നിലവിലെ അവസ്ഥയെന്ന് വ്യാവസായിക ലോകവും ആശങ്കപ്പെടുന്നുണ്ട്.
രാജ്യത്തിന്റെ സാമ്പത്തിക കമ്മി കൂടുന്നത് നാണയപ്പെരുപ്പത്തിനു കാരണമാകുമെന്നും വിലക്കയറ്റവും പലിശ നിരക്ക് വര്‍ദ്ധവനും ഉടന്‍ പ്രതീക്ഷിക്കണമെന്നും ബിജെപി നേതാവും മുന്‍ ധനമന്ത്രിയുമായ യശ്വന്ത് സിന്‍ഹ പാര്‍ലമെന്റില്‍ പറഞ്ഞു. രൂപയുടെ വിലയിടിയുന്നത് മാര്‍ക്കറ്റിനെ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. ഈ അസ്ഥിരത രാജ്യത്തിനാപത്താണ്. സര്‍ക്കാര്‍ റിസര്‍വ് ബാങ്കിന്റെ നയങ്ങളെ കുറ്റപ്പെടുത്തുകയാണ്. എന്നാല്‍ എന്താണ് റിസര്‍വ് ബാങ്കിന് നിലവിലെ സാഹചര്യത്തില്‍ ചെയ്യാനാവുന്നത്. തീരുമാനങ്ങളെടുക്കുന്നതിലെ അപര്യാപ്തതയാണ് നിലവിലെ പ്രധാന പ്രശ്നം. അമേരിക്കന്‍ സമ്പദ്ഘടന പ്രതിസന്ധിയില്‍ നിന്നും കരകയറിയതാണ് നമ്മുടെ സമ്പദ്ഘടനയെ ബാധിച്ചിരിക്കുന്നതെന്ന് പറഞ്ഞ് കരയുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നച്. മുമ്പ് അമേരിക്കന്‍ സമ്പദ്വ്യവസ്ഥ തകര്‍ന്നപ്പോഴും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ ബാധിക്കുന്നുവെന്നാണ്, യശ്വന്ത് സിന്‍ഹ കുറ്റപ്പെടുത്തി.
എസ്.സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: