മാന്നാര്‍ (ആലപ്പുഴ): ബുധനൂരില്‍ സ്പിരിറ്റ് പരിശോധനയ്ക്കെത്തിയ എസ്ഐയെയും സിവില്‍ പോലീസ് ഓഫീസറെയും ഗുണ്ടാനേതാവിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചു. മാന്നാര്‍ പോലീസ് സ്റ്റേഷനിലെ എസ്ഐ എസ്. ശ്രീകുമാര്‍ (35), സിവില്‍ പോലീസ് ഓഫീസര്‍ പ്രതാപചന്ദ്രന് (30) എന്നിവര്‍ക്കാണ് വെട്ടേറ്റത്.
ഇന്നലെ രാവിലെ എട്ടിന് ബുധനൂര്‍ പെരിങ്ങാടായിരുന്നു സംഭവം. കുട്ടംപേരൂര്‍ ആറിനോടു ചേര്‍ന്നുള്ള ഇടവഴിയില്‍ സ്പിരിറ്റ് വില്‍പ്പന നടക്കുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എത്തിയ എസ്ഐയെയും സിവില്‍ പോലീസ് ഓഫീസറെയും വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. ഇടുതുകയ്യില്‍ ഗുരുതരമായി പരുക്കേറ്റ എസ്ഐയെയും കൈയിലും കാല്‍മുട്ടിനും പരുക്കേറ്റ പോലീസ് ഓഫീസറെയും ഉടന്‍ തന്നെ പരുമല സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി എസ്ഐയെ കോട്ടയത്തെ സ്വകാര്യആശുപത്രിയിലേക്ക് മാറ്റി.
രണ്ടു കൊലപാതക കേസുകളിലും പോലീസ്, എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തതുള്‍പ്പെടെ വിവിധ സ്റ്റേഷനുകളിലായി എട്ടോളം കേസുകളിലും പത്തോളം അബ്കാരി കേസികളിലും മാന്നാറില്‍ കള്ളുഷാപ്പിലെ ജീവനക്കാരെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസിലും പ്രതിയായ രാജന്നായരാണ് പ്രതി. ഇയാള്‍ ഗുണ്ടാലിസ്റ്റില്‍ ആറുമാസ ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്.
കഴിഞ്ഞ ക്രിസ്തുമസ് ദിനത്തില്‍ എക്സൈസ് സംഘത്തിന്റെ പിടിയിലായ ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങി വീണ്ടും സ്പിരിറ്റ് വില്‍പ്പന ആരംഭിക്കുകയായിരുന്നു. പുലര്‍ച്ചെ 5.30 മുതല്‍ ഒന്പതുവരെയും വൈകിട്ട് ആറുമുതല്‍ രാത്രി ഒന്‍പതുവരെയുമാണ് കച്ചവടം. ഗുണ്ടാസംഘത്തിന്റെ കാവലിലാണ് സ്പിരിറ്റ് വില്‍പ്പന നടക്കുന്നത്. രാവിലെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സിവില്‍ പോലീസ് ഓഫീസറെയും കൂട്ടി മഫ്ത്തിയിലാണ് എസ്ഐ സ്ഥലത്തെത്തിയത്. എന്നാല്‍ ഇവരെ തിരിച്ചറിഞ്ഞ ഗുണ്ടാസംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.
സംഭവം അറിഞ്ഞ് കൂടുതല്‍ പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ ഗുണ്ടാസംഘത്തിന്റെ മൂന്നു ബൈക്കുകളും ഒരു സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. ചെങ്ങന്നൂര്‍ ഡിവൈഎസ്പി പ്രസന്നകുമാരന്‍നായര്‍, മാന്നാര്‍ സിഐ ആര്. ബിനു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: