പാലക്കാട്: ബിജെപിയുടെ താഴെത്തട്ടിലുള്ള പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനുള്ള കര്‍മപദ്ധതികള്‍ക്ക് സംസ്ഥാന ശില്പശാല രൂപംനല്കി. ഇതിന്റെ ഭാഗമായി ബൂത്തുതല കമ്മറ്റികളുടെ രൂപീകരണത്തിനും പ്രവര്‍ത്തനം ഊര്‍ജിതമാക്കുന്നതിനും സംസ്ഥാന നേതാക്കള്‍ നേരിട്ട് നേതൃത്വം നല്‍കും.
ലോകസഭാതെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാരെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കുന്നതിന് ലക്ഷ്യം വച്ചുകൊണ്ടുള്ള പരിപാടികളും ആവിഷ്കരിച്ചു. നരേന്ദ്രമോദി പ്രധാനമന്ത്രിയാകുന്നതിന് അനുകൂലമായി കേരളത്തില്‍ രൂപപ്പെട്ടുവരുന്ന ജനാഭിപ്രായത്തെ വോട്ടാക്കി മാറ്റുന്നതിനുള്ള തന്ത്രത്തിനും ശില്പശാലയില് തീരുമാനമായി.
ബിജെപിക്ക് സംസ്ഥാനത്ത് ഏഴായിരത്തോളം ബൂത്തുകമ്മറ്റികളാണ് നിലവിലുള്ളത്. ഇത് പന്തീരായിരമായി മാറ്റുവാനാണ് പാര്‍ട്ടിയുടെ ലക്ഷ്യം. അതോടൊപ്പം യുവാക്കള്‍, മഹിളകള്‍, പട്ടികജാതി വിഭാഗക്കാര്‍, കര്‍ഷകര്‍, ന്യൂനപക്ഷം എന്നീ വിഭാഗങ്ങളെയും പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കും. ഇതിനുവേണ്ടി സപ്തംബറില്‍ സംസ്ഥാന നേതാക്കള്‍ പഞ്ചായത്ത്തല യാത്ര നടത്തുന്നതിനും തീരുമാനമായി. ഇതിന്റെ ഭാഗമായി ന്യൂനപക്ഷ മോര്‍ച്ച കണ്വെന്ഷന് സപ്തംബര്‍ ആറിന് എറണാകുളത്തും കര്‍ഷകമോര്‍ച്ച കണ്വെന്ഷന് 13ന് ആലപ്പുഴയിലും പട്ടികജാതിമോര്‍ച്ച കണ്വെന്ഷന് 28ന് തൃശ്ശൂരും മഹിളാമോര്‍ച്ച കണ്വെന്ഷന് ഒക്ടോബര്‍ ഒന്നിന് കോട്ടയത്തും നടക്കും. സോളാര്‍ തട്ടിപ്പിനെതിരെ യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ സപ്തംബര്‍ 30ന് സെക്രട്ടറിയേറ്റ് ഉപരോധിക്കും. പാര്‍ട്ടിയുടെ ദൈനംദിന പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന് ഒക്ടോബര്‍ മാസത്തില്‍ സാമ്പത്തികസമാഹരണം നടത്തും. ഇതിനുവേണ്ടി ഓരോ പ്രവര്‍ത്തകനും എല്ലാ ഗ്രാമങ്ങളിലും വീടുകളിലും സന്ദര്‍ശിക്കും. വിവിധവിഷയങ്ങളെ അധികരിച്ച് ചര്‍ച്ച നടന്നു.പാര്‍ട്ടിയും മോര്‍ച്ചകളും ജനകീയ പ്രശ്നങ്ങളും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഗൃഹസമ്പര്‍ക്കം-സാമ്പത്തികസമാഹരണം എന്നീ വിഷയങ്ങളില്‍ സംസ്ഥാനപ്രസിഡന്റ് വി.മുരളീധരന്, ജനറല്‍ സെക്രട്ടറിമാരായ കെ. സുരേന്ദ്രന്, കെ.ആര്. ഉമാകാന്തന്‍ എന്നിവര്‍ ക്ലാസ്സെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: