മല്ലപ്പള്ളി: അയോദ്ധ്യയില്‍ ശ്രീരാമക്ഷേത്രത്തിന് പ്രദക്ഷിണം വയ്ക്കുന്നതിനായി എത്തിയ സന്ന്യാസി ശ്രേഷ്ഠരെ തടഞ്ഞ് അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാന്‍ സര്‍ക്കാര്‍ കാണിച്ച വ്യഗ്രത ഭാരതത്തിലേക്ക് നുഴഞ്ഞുകയറുന്ന പാക് തീവ്രവാദികളെ തടയാന്‍ കാണിച്ചിരുന്നുവെങ്കില്‍ രാജ്യരക്ഷയ്ക്ക് ഉപകാരപ്രദമായേനെ എന്ന് മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ പറഞ്ഞു. എഴുമറ്റൂര്‍ ശ്രീ വിദ്യാധിരാജ പരമഭട്ടാരാശ്രമത്തിന്റെ ശതാബ്ദി സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഹൈന്ദവ ഐക്യം എന്ന ലക്ഷ്യത്തോടെ 1950 കളില്‍ മന്നത്തു പത്മനാഭനും ആര്. ശങ്കറും ചേര്‍ന്ന് രൂപം നല്‍കിയതാണ് ഹിന്ദുമത മഹാമണ്ഡലം. അതിന്റെ പരാജയകാരണങ്ങള്‍ ഹൈന്ദവസമൂഹം മനസ്സിലാക്കി സനാതനധര്‍മം എന്ന സങ്കല്‍പ്പത്തെ ശക്തിപ്പെടുത്താന്‍ ശ്രമിക്കണം.
ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലല്ലാതെ ഹൈന്ദവ ഐക്യമെന്ന മഹത്തായ സങ്കല്‍പ്പം വിജയകരമായി നടപ്പിലാക്കാന്‍ നമുക്ക് കഴിയണം. നൂറു വര്‍ഷങ്ങള്‍ക്ക് മുമ്പേതന്നെ ചട്ടമ്പിസ്വാമി ഹൈന്ദവ ഐക്യം എങ്ങനെയാണ് ഉണ്ടാകേണ്ടത് എന്നതിന്റെ വ്യക്തമായ ഉദാഹരണം സ്വന്തം ജീവിതത്തിലൂടെ കാട്ടിത്തന്നു. ഹൈന്ദവ ഐക്യത്തിന് തടസ്സമായി നില്ക്കുന്ന അദൃശ്യശക്തി ആരാണെന്ന് ഓരോ ഹൈന്ദവനും തിരിച്ചറിയണമെന്നും അതിനെ പ്രതിരോധിച്ച് ഒന്നായി മുന്നേറാനുള്ള ആര്‍ജവം നമ്മള് നേടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനം എന്എസ്എസ്പ്രസിഡന്റ് അഡ്വ. പി.എന്‍ നരേന്ദ്രനാഥന്‍നായര്‍ ഉദ്ഘാടനം ചെയ്തു. സ്വാമി പ്രജ്ഞാനാനന്ദ തീര്‍ഥപാദ അധ്യക്ഷത വഹിച്ചു. അശ്വതിതിരുനാള്‍ ഗൗരി ലക്ഷ്മീഭായി വിശിഷ്ടാതിഥിയായിരുന്നു.
സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ വിശിഷ്ടാതിഥികളെ ആശ്രമ കവാടത്തില്‍ സ്വാമിമാരും ഭക്തജനങ്ങളും ചേര്‍ന്ന് പൂര്‍ണകുംഭം നല്കി സ്വീകരിച്ചു.
ചട്ടമ്പിസ്വാമിയുടെ ഛായാചിത്രം വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്രയെ നാമജപത്തിന്റെ അകമ്പടിയോടെ ആശ്രമത്തിലേക്ക് സ്വീകരിച്ചാനയിച്ചു. പുതിയായി നിര്‍മിച്ച ആശ്രമ മന്ദിരത്തില്‍ സ്വാമിയുടെ ശിഷ്യാഗ്രണികളായ നീലകണ്ഠതീര്ഥപാദസ്വാമി, തീര്‍ഥപാദ പരമഹംസസ്വാമി എന്നിവരുടെ ഛായാചിത്രങ്ങള്‍ പ്രതിഷ്ഠിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: